Breaking News

കുഷ്ഠ രോഗം കണ്ടെത്താൻ അശ്വമേധം ക്യാമ്പയിൻ കുമ്പള സി.എച്ച് സി യിൽ വളണ്ടിയർമാർക്ക് പരിശീലനം നൽകി


കുഷ്ഠരോഗ നിര്‍മ്മാര്‍ജനത്തിന്റെ ഭാഗമായി സമൂഹത്തില്‍ ഒളിഞ്ഞിരിക്കുന്ന കുഷ്ഠ രോഗികളെ കണ്ടെത്തുന്നതിനായി ജനുവരി 18 മുതല്‍ 31 വരെ നടക്കുന്ന അശ്വമേധം ക്യാമ്പയിനില്‍ പങ്കെടുക്കുന്ന വളണ്ടിയര്‍മാര്‍ക്ക് കുമ്പള സി.എച്ച്.സിയില്‍ പരിശീലനം നല്‍കി. മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.ദിവാകരറൈ, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബി.അഷ്‌റഫ് എന്നിവര്‍ ക്ലാസ്സെടുത്തു. വളണ്ടിയര്‍മാര്‍ വീടുവീടാന്തരം കയറി പരിശോധന നടത്തി ലക്ഷണങ്ങള്‍ സംശയിക്കുന്നവരെ ആരോഗ്യകേന്ദ്രത്തിലേക്ക് മാറാന്‍ നിര്‍ദ്ദേശിക്കും.

ആരംഭത്തിലേ കണ്ടുപിടിച്ചു ചികിത്സിച്ചാല്‍ പൂര്‍ണമായും ഭേദമാക്കാവുന്ന രോഗമാണു കുഷ്ഠം. നിറം മങ്ങിയതോ ചുവന്നതോ ആയ, സ്പര്‍ശനശേഷി കുറഞ്ഞ പാടുകള്‍, പാടുകളില്‍ വേദനയോ ചൊറിച്ചിലോ ഇല്ലാതിരിക്കുക, കൈകാലുകളില്‍ മരവിപ്പ്, കട്ടിയുള്ള തിളങ്ങുന്ന ചര്‍മ്മം, തടിപ്പുകള്‍, വേദനയില്ലാത്ത വ്രണങ്ങള്‍, വൈകല്യങ്ങള്‍ എന്നിവയാണു കുഷ്ഠരോഗ ലക്ഷണങ്ങള്‍. പ്രതിരോധ ശേഷി കുറഞ്ഞവരിലാണു രോഗം പ്രത്യക്ഷപ്പെടാറുള്ളത്. രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ചതിനു ശേഷം 3 മുതല്‍ 5 വര്‍ഷം വരെയാണ് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നത്. മനുഷ്യരില്‍ നിന്നു മനുഷ്യരിലേക്കു മാത്രമേ കുഷ്ഠരോഗം പകരുകയുള്ളൂ. വിവിധൗഷധ ചികിത്സയിലൂടെ ഏതവസ്ഥയിലും കുഷ്ഠരോഗം പരിപൂര്‍ണമായും ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയും. രോഗാണു സാന്ദ്രത കുറഞ്ഞ കേസുകള്‍ 6 മാസത്തെ ചികിത്സയും കൂടിയ കേസുകള്‍ 12 മാസത്തെ ചികിത്സയും എടുക്കണം. കുഷ്ഠ രോഗത്തിനുള്ള ചികിത്സ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യമായി ലഭിക്കും. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി.സി.ബാലചന്ദ്രന്‍ സ്വാഗതവും ആദിത്യന്‍ പിലാച്ചേരി നന്ദിയും പറഞ്ഞു.

No comments