Breaking News

ചൂട്‌ കൂടി; ജലനിരപ്പ്‌ താഴുന്നു മലയോരത്തെ കൃഷി നനയ്ക്കാൻ ചെക്ക്‌ ഡാമിന്‌ പലകയിട്ട് ജലസേചനത്തിന് സൗകര്യം ഒരുക്കണമെന്ന് ആവശ്യം


രാജപുരം : കടുത്ത വേനലെത്തും മുമ്പേ ജില്ലയിലെ ജലാശയങ്ങൾ വറ്റുന്നു. ഇത്തവണ വൈകിയാണ് മഴ മാറിയതെങ്കിലും പതിവിലും നേരെത്തെ ചൂട് കൂടിയതിനാൽ തോടും പുഴയും വറ്റാൻ തുടങ്ങി. കാർഷിക വിളകൾക്ക് ഉൾപ്പെടെ നന്നായി വെള്ളം നനയ്‌ക്കേണ്ട സമയമായിട്ടു പോലും വെള്ളം തടഞ്ഞു നിർത്തേണ്ട ചെക്ക്‌ ഡാമുകളിൽ പലതിലും പലകയും ഇട്ടിട്ടില്ല.
കാർഷികാവശ്യത്തിന് വെള്ളം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ലക്ഷങ്ങൾ ചിലവഴിച്ചു നിർമിച്ച ചെക്ക്ഡാമുകൾ പലതും പലകയിടാതെയും ജല സംരക്ഷണം ഇല്ലാതെയും നശിക്കുകയാണ്. പതിവിലും നേരത്തെ ജലനിരപ്പ്‌ താഴ്‌ന്നത്‌ കർഷകരെ ആശങ്കയിലാക്കുന്നുണ്ട്‌. കുടുംബൂർ പുഴയിൽ കഴിഞ്ഞ ദിവസമാണ് പലകയിട്ടത്‌. കോടോം ബേളൂർ, കള്ളാർ, പനത്തടി പഞ്ചായത്തുകളിൽ ചെറുതും വലുതുമായ നിരവധി ചെക്കുഡാമുകളിലാണ്‌ വെള്ളം തടഞ്ഞുനിർത്താൻ ബാക്കിയുള്ളത്. പനത്തടി പഞ്ചായത്തിലെ റബർ ചെക്ക്ഡാം നിർമാണത്തിലെ അപാകതമൂലം ഉടൻ നശിച്ചു. ലക്ഷങ്ങളാണ് ഇതിനായി ചിലവിട്ടത്‌.
കോവിഡ്‌ കാലത്തിന്‌ മുമ്പ്‌ ജലസംരക്ഷണ ക്യാംപയിൻ തന്നെ ഈ രംഗത്ത്‌ നടത്തിയിരുന്നു. ചെറിയ തോടുകളിൽ വരെ അക്കാലത്ത്‌ മൺചിറകൾ കെട്ടി വെള്ളം കെട്ടിനിർത്തി. തോടുകളിൽ വെള്ളം കെട്ടിനിർത്തുന്നത്‌ പൊതുവിൽ ജലനിരപ്പ്‌ കൂട്ടാനിടയാക്കും.

No comments