Breaking News

ഇരട്ട എൻജിൻ ഹൈബ്രിഡ് കാറിന്റെ മാതൃക വികസിപ്പിച്ച് കാസർകോടൻ മിടുക്കൻകൂടി അഖിലേന്ത്യാ ശ്രദ്ധയിലേക്ക്‌


കാസർകോട്‌ : ഇന്ധനവിലക്കയറ്റത്തെ സ്‌മാർട്ടായി നേരിടാൻ സ്വന്തമായി ഇരട്ട എൻജിൻ ഹൈബ്രിഡ് കാറിന്റെ മാതൃക വികസിപ്പിച്ചപ്പോൾ മറ്റൊരു കാസർകോടൻ മിടുക്കൻകൂടി അഖിലേന്ത്യാ ശ്രദ്ധയിലേക്ക്‌.
ചെർക്കള സെൻട്രൽ ഗവ. ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർഥി അഹമ്മദ് നിബ്രാസാണ്‌ ഇരട്ട എൻജിനുള്ള ഹൈബ്രിഡ് കാറിന്റെ പ്രവർത്തന മാതൃകയുമായി തൃശൂർ കലേഡിയൻ സിറിയൻ ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കുന്ന ദക്ഷിണേന്ത്യാ സയൻസ് ഫെയർ മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
ചാർജ്‌ ചെയ്യാൻ ഗതികോർജം
എട്ടാംക്ലാസുകാരനായ നിബ്രാസിന്റെ കാറിന്റെ മാതൃകയ്ക്ക് രണ്ട് എൻജിനുണ്ട്‌. ഒന്ന് പെട്രോളിൽ പ്രവർത്തിക്കുന്ന പ്രധാന എൻജിനും രണ്ടാമത്തേത് വൈദ്യുതിയിൽ പ്രവർത്തിക്കുന്നതും. പെട്രോൾ തീർന്നാലോ എൻജിൻ കേടായാലോ രണ്ടാമത്തെ എൻജിൻ ഉപയോഗിച്ച്‌ യാത്ര തുടരാം.
ചാർജിങ്ങിനായി സൗരോർജവും വാഹനം ഓടുമ്പോഴുള്ള കൈനറ്റിക് എനർജി (ഗതികോർജം)യും പ്രയോജനപ്പെടുത്താം. അതിനാൽ ചാർജിങ് സ്റ്റേഷനിൽ പോകേണ്ട ആവശ്യവുമില്ല.
അപകടമൊഴിവാക്കാനുള്ള സെൻസറാണ്‌ മറ്റൊരാകർഷണം. ആളോ വാഹനമോ കാറിന് ഇടിക്കാനിടയാകുന്ന സാഹചര്യമുണ്ടായാൽ സെൻസർ പ്രവർത്തിച്ച് എൻജിൻ സ്വമേധയാ ഓഫായി വാഹനം നിൽക്കും.
ആധുനിക കാലത്ത്‌ വിപണി കീഴടക്കാൻ നിബ്രാസിന്റെ പുത്തൻ കണ്ടുപിടിത്തമായ ഇരട്ട എൻജിൻ ഹൈബ്രിഡ് കാറുമെത്താം. മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗത്തിൽ ഭാവിയുടെ വാഗ്‌ദാനമായി മാറുകയാണ്‌ ചെർക്കള എരിയപ്പാടിയിലെ ഇ എ അബ്ദുൾഖാദർ മൂലയിൽ–- ആയിഷത്ത്‌ നസീമ ദമ്പതികളുടെ മകനായ ഈ കുട്ടിശാസ്ത്രജ്ഞൻ.


No comments