Breaking News

കാസർകോട് റെയിൽവേ പോലീസിന്റെ സമയോചിത ഇടപെടൽ: ട്രെയിനിൽ നഷ്ടപ്പെട്ട താലിമാല അധ്യാപികയ്‌ക്ക്‌ തിരിച്ചുകിട്ടി


കാസർകോട് : തീവണ്ടിയിൽ നഷ്ടപ്പെട്ട താലിമാല തിരിച്ചുകിട്ടുമെന്ന് വിചാരിച്ചത ല്ല യാത്രക്കാരിയായ അധ്യാപിക. റെയിൽവേ പോലീസിന്റെ സമയോചിത ഇടപെടലിൽ അത്‌ തിരിച്ചുകിട്ടിയപ്പോൾ സന്തോഷം അടക്കിവയ്ക്കാനുമായില്ല ഇവർക്ക്. ഉപ്പള ഗവ. ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപിക രേഖാ രാജനാണ് മൂന്നരപ്പവന്റെ മാല തിരിച്ചുകിട്ടിയത്. കൊല്ലത്തുനിന്ന്‌ കാസർകോട്ടേക്ക് മാവേലി എക്‌സ്‌പ്രസിലാണ് ഇവർ വന്നത്.


ചൊവ്വാഴ്ച രാവിലെ കാസർകോട് വണ്ടിയിറങ്ങിയപ്പോഴാണ് തന്റെ കഴുത്തിൽ മാലയില്ലെന്ന കാര്യം രേഖയ്ക്കു മനസ്സിലായത്. അപ്പോഴേക്കും വണ്ടി വിട്ടിരുന്നു. ഉടൻ റെയിൽവേ പോലീസിൽ വിവരം പറഞ്ഞു. ഇതേ വണ്ടിയിൽ റെയിൽവേ പോലീസുകാരായ എ.കെ. അനന്തകുമാറും രവി പി. നായരും കാസർകോട്ട്‌ ഇറങ്ങിയിരുന്നു. മംഗളൂരുവിലേക്കു പോകുന്ന മുൻ ആർ.പി.എഫ്. ഉദ്യോഗസ്ഥൻ ജയചന്ദ്രൻ ഇവർക്കൊപ്പം തീവണ്ടിയിലുണ്ടായിരുന്നു. പെട്ടെന്ന്‌ അവർ ജയചന്ദ്രനെ വിളിച്ചു. ഇദ്ദേഹം രേഖ യാത്രചെയ്ത കോച്ചിലെ 44-ാം നമ്പർ ബർത്തിലെത്തി നോക്കിയപ്പോൾ മാല കണ്ടെത്തി. മംഗളൂരുവിൽനിന്ന്‌ മടങ്ങവെ ജയചന്ദ്രൻ കാസർകോട് സ്‌ഘറ്റേഷനിലിറങ്ങി റെയിൽവേ പോലീസിന്‌ മാല ഏൽപ്പിച്ചു. വൈകീട്ട് രേഖയെ മാല ഏറ്റുവാങ്ങി. നന്ദി പറഞ്ഞും മധുരം നൽകിയും അവർ സന്തോഷമറിയിച്ചു.

No comments