Breaking News

കാസർഗോഡ് കുഴിമന്തി കഴിച്ച് പെൺകുട്ടിയുടെ മരണം; അന്വേഷണത്തിന് മന്ത്രിയുടെ ഉത്തരവ്, ഹോട്ടലിൽ പരിശോധന


കാസര്‍കോട്: ഭക്ഷ്യവിഷബാധയേറ്റ് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. സംഭവത്തില്‍ അടിയന്തര അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാനാണ് ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയത്. കാസര്‍കോട് സ്വദേശിനി അജ്ഞുശ്രീയാണ് മരിച്ചത്. ഓണ്‍ലൈനായി വാങ്ങിയ കുഴിമന്തി കഴിച്ചതിനെ തുടര്‍ന്നായിരുന്നു അഞ്ജുശ്രീയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ക്രിസ്തുമസ് അവധിക്കും പുതുവത്സര അവധിക്കുമായി വീട്ടില്‍ വന്നതായിരുന്നു അഞ്ജുശ്രീ. ഡിസംബര്‍ 31നാണ് ഉദുമയിലെ അല്‍ റൊമന്‍സിയ ഹോട്ടലില്‍ നിന്ന് ഓണ്‍ലൈനായി കുഴിമന്തി വാങ്ങിയത്. ഭക്ഷണം കഴിച്ച വീട്ടിലെ മറ്റ് അംഗങ്ങള്‍ക്കും ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നു.

ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഞ്ജുശ്രീയുടെ നില മോശമാകുകയും തുടര്‍ന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. ഇവിടെ വെച്ചാണ് ഇന്ന് രാവിലെ മരണം സംഭവിച്ചത്. മൃതദേഹം ഇന്ന് കാസര്‍ക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിക്കും. അവിടെവെച്ചാണ് മറ്റ് നടപടികള്‍ സ്വീകരിക്കുക. സംഭവത്തെ തുടര്‍ന്ന് ഹോട്ടലില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തി.


No comments