Breaking News

വേനൽ കനത്തു തീപിടിത്തം ആവർത്തിക്കുന്നു; ബിരിക്കുളത്ത് ഫയർസ്റ്റേഷൻ വേണമെന്ന ആവശ്യം ശക്തമായി


കരിന്തളം: കിനാനൂർ-കരിന്തളം പഞ്ചായത്തിലെ മൂന്നാം വാർഡിലെ വട്ടക്കല്ല് തട്ടിൽ ഇന്നലെ തീപിടിത്തമുണ്ടായി.ഏക്കർ കണക്കിന് കശുമാവും റബ്ബറും കത്തിനശിച്ചു. കാഞ്ഞങ്ങാട് നിന്നും എത്തിയ ഫയർ ഫോഴ്സ് സംഘം നാട്ടുകാരുടെ സഹായത്തോടെയാണ് തീയണച്ചത്. കാഞ്ഞങ്ങാട് ഫയർഫോഴ്സ് നിന്നും സീനിയർ ഫയർ  ഓഫീസർ പ്രഭാകരന്റെ നേതൃത്വത്തിൽ ഫയർമാൻമാരായ അജിത്ത്, രാഘവൻ, അനിലേഷ്, ജീവൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തീയണച്ചത്. സംഭവസ്ഥലം പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.രവി, വാർഡ് മെമ്പർ അജിത്ത് കുമാർ കെവി എന്നിവർ സന്ദർശിച്ചു. രണ്ട് മാസത്തിനുള്ളിൽ പഞ്ചായത്തിനകത്ത് അഞ്ചോളം സ്ഥലങ്ങളിൽ തീപിടുത്തം ഉണ്ടായത്. വേനൽ കടുത്തതോടെ പാറപ്പുല്ലുകൾക്ക് തീപിടിച്ചാണ് അപകടമുണ്ടാവുന്നത്. തീയണക്കാൻ കാഞ്ഞങ്ങാട്ടുനിന്നും തൃക്കരിപ്പൂരിൽ നിന്നും ഫയർഫോഴ്സ് എത്തേണ്ട സാഹചര്യമാണുള്ളത്. ഇത് പലപ്പോഴും വൈകുന്നതിനാൽ വൻ നഷ്ടമാണ് സംഭവിക്കുന്നത്. ഈ സാഹചര്യത്തിൽ കിനാനൂർ-കരിന്തളം പഞ്ചായത്തിൽ പുതിയ ഫയർ സ്റ്റേഷൻ അനുവദിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമായിരിക്കുകയാണ്. ഒന്നാംപിണറായി സർക്കാരിന്റെ കാലത്ത് ബിരിക്കുളത്തിനടുത്ത് ഫയർഫോഴ്സിന് ആവശ്യമായ സ്ഥലം കണ്ടത്തിയിരുന്നു. ക്വാർട്ടേഴ്സ് പണിയാൻ ഉൾപ്പെടെ സൗകര്യമുള്ള സ്ഥലമാണ് അന്ന് കണ്ടെത്തിയത്. ഈ സ്ഥലം വിദഗ്ധർ സന്ദർശിക്കുകയും അനുയോജ്യമാണെന്ന് വിലയിരുത്തു കയും ചെയ്തിരുന്നു. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും ഫയർസ്റ്റേഷൻ അനുവദിക്കേണ്ട യാതൊരു നടപടികളും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.

No comments