Breaking News

ഗാന്ധി പ്രതിമയുടെ കണ്ണട മോഷണം പോയി നാല് ദിവസം മുൻപാണ് ഗാന്ധി പ്രതിമയിലെ കണ്ണട കാണാതായത്


കോഴിക്കോട് കുന്നമംഗലത്ത് ഗാന്ധി പ്രതിമയുടെ കണ്ണട മോഷണം പോയി. പഴയ ബസ് സ്റ്റാൻഡിന് മുൻവശത്തെ ഗാന്ധി പ്രതിമയിലെ വിലപിടിപ്പുള്ള കണ്ണടയാണ് മോഷണം പോയത്. കോൺഗ്രസ് പ്രവർത്തകനും കയറ്റിറക്ക് തൊഴിലാളിയുമായ ടി ബൈജു സ്വന്തമായി നിർമ്മിച്ച് പഞ്ചായത്തിന് കൈമാറിയ പ്രതിമയിൽ നിന്നാണ് കണ്ണട നഷ്ടമായത്.


നാല് ദിവസം മുൻപാണ് ഗാന്ധി പ്രതിമയിലെ കണ്ണട കാണാതായത്. ആരെങ്കിലും എടുത്തു കളഞ്ഞതാണോ എന്നറിയാൻ സമീപത്തെല്ലാം ബൈജു തിരച്ചിൽ നടത്തി. കണ്ടെത്താൻ കഴിയാതെ വന്നതോടെ പൊലീസിൽ പരാതി നൽകാൻ തീരുമാനിക്കുകയായിരുന്നു. മനപ്പൂർവം ആരോ എടുത്തുകളഞ്ഞതാവാമെന്ന് ബൈജു പ്രതികരിച്ചു. തട്ടിപ്പോയതോ ഒന്നുമല്ല. അത് ഒരു പ്രത്യേക രീതിയിലുള്ള മെറ്റൽ, അതായത് മഴയും വെയിലും ഒക്കെ കൊള്ളുന്നതായതുകൊണ്ട് ബ്രാസിൻറെ ഒരു മെറ്റൽ ഉപയോഗിച്ചിട്ടാണ് അതിൻറെ കണ്ണട നിർമ്മിച്ചത് എന്നും ബൈജു പറഞ്ഞു.


സമീപത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ചാൽ കള്ളനെ കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ബൈജു. ഗാന്ധിജിയുടെ 150ആം ജന്മദിനത്തിന്റെ ഭാഗമായാണ് പ്രതിമ നിർമ്മിച്ചത്. ഗാന്ധി സ്ക്വയർ എന്ന് പേരിട്ട് ഇവിടെ പൊതുപരിപാടികളും നടത്താറുണ്ട്. കോൺഗ്രസ് കുന്നമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സ്ക്വയർ പരിപാലിക്കുന്നത്.

No comments