Breaking News

ത്രിപുരയിലും നാഗാലൻഡിലും ബിജെപി സഖ്യം; മേഘാലയയിൽ എൻപിപി മുന്നേറ്റം



ന്യൂഡല്‍ഹി: സിപിഐഎം-കോണ്‍ഗ്രസ് സഖ്യം കൊണ്ട് ശ്രദ്ധേയമായ ത്രിപുര തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തന്നെ വിജയം. 60 അംഗ നിയമസഭയില്‍ 32 സീറ്റുകള്‍ ബിജെപി നേടി. ബിജെപി സഖ്യകക്ഷിയായ ഐപിഎഫ്ടി ഒരു സീറ്റിലും വിജയിച്ചു. സിപിഐഎം-കോണ്‍ഗ്രസ് സഖ്യം 14 സീറ്റുകളിലാണ് വിജയിച്ചത്. ആദ്യമായി നിയമസഭ തെരഞ്ഞെടുപ്പ് ഗോദയിലെത്തിയ ടിപ്ര മോത്ത 13 സീറ്റുകള്‍ നേടി. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തില്‍ സിപിഐഎം കോണ്‍ഗ്രസ് സഖ്യം മുന്നിലെത്തിയെങ്കിലും പിന്നീടതിനെ സുരക്ഷിതമായ സ്ഥലത്തെത്തിക്കാന്‍ ബിജെപിക്കായി. പല മണ്ഡലങ്ങളിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. സിപിഐഎം 11 സീറ്റുകളിലും കോണ്‍ഗ്രസ് മൂന്ന് സീറ്റുകളിലുമാണ് വിജയിച്ചത്. കഴിഞ്ഞ തവണ സിപിഐഎം 16 സീറ്റുകളിലാണ് വിജയിച്ചതെങ്കില്‍ ഇത്തവണ അഞ്ച് സീറ്റ് നഷ്ടപ്പെട്ട് 11ലൊതുങ്ങി. കഴിഞ്ഞ തവണ ഒരു സീറ്റ് പോലും ഇല്ലാതിരുന്ന കോണ്‍ഗ്രസിന് സഖ്യം നേട്ടമായി.

ഗോത്രമേഖലയില്‍ നടത്തിയ മികച്ച പ്രകടനമാണ് ടിപ്രയ്ക്ക് 13 സീറ്റുകള്‍ സമ്മാനിച്ചത്. അതേ സമയം കഴിഞ്ഞ തവണ എട്ട് സീറ്റുകള്‍ നേടിയ മറ്റൊരു ഗോത്രവര്‍ഗ പാര്‍ട്ടിയായ ഐപിഎഫ്ടിയ്ക്ക് ഇത്തവണ ഒരു സീറ്റ് മാത്രമേ നേടാനായുള്ളൂ. മുഖ്യമന്ത്രിയായിരുന്ന മണിക് സാഹ വീണ്ടും വിജയിച്ചു കയറിയപ്പോള്‍ ഉപമുഖ്യമന്ത്രിയായിരുന്ന ജിഷ്ണു ദേവ് ശര്‍മ്മ പരാജയപ്പെട്ടു. സിപിഐഎം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരിക്കും കോണ്‍ഗ്രസ് നേതാവ് സുദീപ് റോയ് ബര്‍മ്മനും വിജയം നേടാനായി.

നാഗാലന്‍ഡിലും ബിജെപി ഭരണം നിലനിര്‍ത്തി. ബിജെപി എന്‍ഡിപിപി സഖ്യം 37 സീറ്റുകള്‍ നേടി. എന്‍ഡിപിപി 25ലും ബിജെപി 12 സീറ്റിലുമാണ് വിജയിച്ചത്. എന്‍സിപി: ഏഴ്, എന്‍പിഎഫ്: രണ്ട്, എന്‍പിപി: അഞ്ച് സീറ്റുകളും നേടി.മേഘാലയയില്‍ എന്‍പിപി 25 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും അഞ്ച് വീതം സീറ്റുകള്‍ നേടി. ബിജെപിക്ക് മൂന്നു സീറ്റാണ് ലഭിച്ചത്. യുഡിപി 11, വിപിപി നാല്, എച്ച്എസ്പിഡിപി രണ്ട്, പിഡിഎഫ് രണ്ട് എന്നിങ്ങനെയാണ് മറ്റു കക്ഷികളുടെ സീറ്റ് നില. രണ്ട് സ്വതന്ത്രന്‍മാരും ലീഡ് ചെയ്യുന്നു.

No comments