Breaking News

വിടപറഞ്ഞത്‌ മലയോരത്തിന്റെ അഭിവൃദ്ധിക്കും വിദ്യാഭ്യാസ പുരോഗതിക്കും അക്ഷീണം പ്രവർത്തിച്ച പ്രിയ വൈദികൻ


തലശേരി : ഫ്രാൻസിസ്‌ മാർപാപ്പയാൽ ആശിർവദിക്കപ്പെട്ട വൈദികനാണ്‌ മോൺ മാത്യു എം ചാലിൽ. കുടിയേറ്റ ജനതയുടെ വലിയ ഇടയൻ സെബാസ്‌റ്റ്യൻ വള്ളോപ്പിള്ളിയിൽനിന്ന്‌ പൗരോഹിത്യം സ്വീകരിച്ചു. മലയോരത്തിന്റെ അഭിവൃദ്ധിക്കും വിദ്യാഭ്യാസ പുരോഗതിക്കും അക്ഷീണം പ്രവർത്തിച്ചു. ചെമ്പേരിയിലെ വിമൽ ജ്യോതി എൻജിനിയറിങ് കോളേജ്‌ മാത്യു എം ചാലിലിന്റെ ദീർഘവീക്ഷണത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമാണ്‌. 1997–-2013 കാലത്ത്‌ തലശേരി അതിരൂപത വികാരി ജനറാളായിരുന്നപ്പോഴാണ്‌ വിമൽ ജ്യോതി തുടങ്ങാൻ നേതൃത്വം നൽകിയത്‌.
തലശേരി അതിരൂപതയുടെ വളർച്ചയിൽ നിസ്‌തുല സംഭാവന നൽകി. കണ്ണൂർ, കാസർകോട്‌ ജില്ലകളിലായി ഒരു ഡസനോളം പള്ളികൾ നിർമിച്ചു. വിദ്യാഭ്യാസരംഗത്തും സഹകരണരംഗത്തും ശ്രദ്ധിച്ചു.
വെള്ളരിക്കുണ്ടിലെ നിർമല എൽപി സ്‌കൂൾ, പോസ്‌റ്റ്‌ ഓഫീസ്‌, ബിരിക്കുളം കോ–-ഓപറേറ്റീവ്‌ സൊസൈറ്റി എന്നിവ ശ്രമഫലമായി പൂർത്തിയായവയാണ്‌. വികാരിയായി പ്രവർത്തിച്ച ഇടവകകൾക്ക്‌ ചാലിലച്ചന്റെ സമർപ്പിത സേവനം പറയാനുണ്ട്‌.
തലശേരി അതിരൂപത കോർപറേറ്റ്‌ ഏജൻസി മാനേജരായ ഘട്ടത്തിലും നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്‌ തുടക്കം കുറിച്ചു. തലശേരി അതിരൂപത എഡ്യൂക്കേഷണൽ ഇൻസ്‌റ്റിറ്റ്യൂഷണൽ കോ–-ഓപ്പറേറ്റീവ്‌ സൊസൈറ്റി സ്ഥാപിച്ചു. 2013 ലാണ്‌ ഫ്രാൻസിസ്‌ മാർപാപ്പ മോൺസിഞ്ഞോർ പദവി നൽകി ആദരിച്ചത്‌. ആലുവ, കോട്ടയം മേജർ സെമിനാരികളിൽ വൈദിക വിദ്യാർഥികൾക്ക്‌ സ്‌കൂൾ അഡ്‌മിനിസ്‌ട്രേഷൻ വിഷയത്തിൽ ക്ലാസെടുക്കാറുണ്ട്‌. കേരള ക്രിസ്‌ത്യൻ റിസർച്ച്‌ സെന്ററിന്റെ മാർ കരിയാറ്റിൽ അവാർഡ്‌, വൈദിക ശ്രേഷ്‌ഠ അവാർഡ്‌, കെസിബിസി ഗുരുശ്രേഷ്‌ഠ അവാർഡ്‌ തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചു. 2018 മെയ്‌ 15 മുതൽ കരുവഞ്ചാലിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു. കരുവഞ്ചാൽ പ്രീസ്റ്റ് ഹോമിലാണ്‌ അന്ത്യം. മലബാറിലെ ജനമനസ്സിൽ ചിരപ്രതിഷ്‌ഠ നേടിയ പുഞ്ചിരിക്കുന്ന മുഖമാണ്‌ ഓർമയായത്‌.


No comments