Breaking News

റോഡുപണി ഇഴയുന്നു ; പൊടിശല്യം കൊണ്ട് വലഞ്ഞു കാഞ്ഞങ്ങാട് –പാണത്തൂർ സംസ്ഥാന പാതയിലെ ടൗണുകൾ


രാജപുരം : കരാറുകാരന്റെ അനാസ്ഥ കാരണം റോഡുപണി ഇഴഞ്ഞുനീങ്ങുന്നു പൊടിപടലംകൊണ്ടു മലയോരം നിറഞ്ഞു. കാഞ്ഞങ്ങാട് –പാണത്തൂർ സംസ്ഥാന പാത വികസനത്തിന്റെ ഭാഗമായി പൂടംകല്ല് മുതൽ പാണത്തൂർ ചിറംകടവ് വരെ റോഡ് മെക്കാഡം ടാർ ചെയ്യുന്നതിന് സംസ്ഥാന സർക്കാർ കിഫ്ബിയിൽ 60 കോടി രൂപ അനുവദിച്ചിരുന്നു. അതിന്റെ ഭാഗമായി ആറുമാസം മുമ്പ് റോഡ് പ്രവൃത്തി ആരംഭിച്ചെങ്കിലും പണി ഇഴഞ്ഞു നീങ്ങുകയാണ്.
മാസങ്ങൾക്കു മുമ്പ് തുടങ്ങിയ കൾവർട്ട് നിർമ്മാണം പലയിടത്തും പൂർത്തിയായിട്ടില്ല. പൂടംകല്ല് മുതൽ കള്ളാർ വരെ നിലവിലുണ്ടായിരുന്ന ടാറിങ് കുത്തി പൊളിച്ചതോടെ പൊടി പടലങ്ങൾ കൊണ്ടു നിറഞ്ഞു. നിർമ്മാണ ഘട്ടത്തിൽ രണ്ടുനേരം വെള്ളം ഒഴിക്കണമെന്ന നിർദ്ദേശംപോലും കരാറുകാരൻ കൃത്യമായി പാലിക്കുന്നില്ല. ആവശ്യമുള്ള തൊഴിലാളികളും, യന്ത്രങ്ങളുമില്ലാതെ പണി മുടങ്ങുകയാണ്.
കരാറുകാരനെ പങ്കെടുപ്പിച്ച് പലതവണ അധികൃതർ യോഗം ചേർന്ന് റോഡുപണി വേഗത്തിലാക്കാൻ തീരുമാനിച്ചെങ്കിലും മെല്ലെപ്പോപോക്ക് തുടരുകയാണ്. കാൽനടയായി പോകുന്ന സ്‌കൂൾ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് ഈവഴി യാത്ര ചെയ്യാൻ കഴിയുന്നില്ല. ഇതേത്തുടർന്ന് പൊതുജനങ്ങൾ സമരത്തിന് ഇറങ്ങിയിരിക്കുകയാണ്.
താമസക്കാർ കുടിയൊഴിയുന്നു
സംസ്ഥാന പാത വികസനം പൊടി നിറഞ്ഞതോടെ റോഡ് അരികിലെ താമസക്കാർ കുടി ഒഴിയുന്നു. നിർമ്മാണം നടക്കുന്ന പ്രദേശങ്ങളിൽ കൃത്യമായി വെള്ളം ഒഴിക്കാക്കതിനെതുടർന്ന് റോഡ് അരികിലെ വീടുകളിൽ താമസിക്കാൻ കഴിയുന്നില്ല. കരാറുകാരന്റെ അനാസ്ഥയിൽ വലയുന്നത് നിരവധി കുടുംബങ്ങളാണ്.

പാത വികസനം വേഗത്തിലാക്കണം: സിപിഐ എം
രാജപുരം
കാഞ്ഞങ്ങാട് – പാണത്തൂർ സംസ്ഥാന പാത വികസനം വേഗത്തിൽ പൂർത്തിയാക്കണമെന്ന് സിപിഐ എം രാജപുരം ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാർ കിഫ്ബിയിൽ ഉൾപ്പെടുത്തി 60 കോടി രൂപ അനുവദിച്ചത്. സിപിഐ എം ഉൾപ്പെടെ ശക്തമായ ഇടപെടൽ നടത്തിയാണ് റോഡ് പ്രവൃത്തി ആരംഭിച്ചത്. എന്നാൽ നിർമ്മാണപ്രവൃത്തി ഏറ്റെടുത്ത കരാറുകാരൻ ഉദാസീനത കാണിക്കുകയാണ്.
അടിയന്തിരമായി റോഡ് നിർമ്മാണം പൂർത്തീകരിക്കാൻ കരാറുകാരൻ തയ്യാറാകണം. ടാറിങ്ങ് കുത്തിപൊളിച്ച ഭാഗങ്ങളിൽ ഉടൻ മെക്കാഡം ചെയ്ത് ജനങ്ങളുടെ പ്രയാസങ്ങൾ പരിഹരിക്കണം. ഉദ്യോഗസ്ഥർ ശക്തമായ ഇടപെടൽ നടത്തണം. ഇല്ലെങ്കിൽ സിപിഐ എം പൊതുജനങ്ങളെ അണിനിരത്തി പ്രക്ഷോഭത്തിന് നേതൃത്വം നൽകും– ലോക്കൽ കമ്മിറ്റി മുന്നറിയിപ്പ് നൽകി.


No comments