Breaking News

മണിമല വാഹനാപകടത്തിൽ സഹോദരങ്ങൾ മരിച്ചു; ജോസ് കെ മാണിയുടെ മകൻ അറസ്റ്റിൽ



കോട്ടയം: ഇന്നോവ കാറിന്റെ പിന്നിലിടിച്ച് സ്‌കൂട്ടര്‍ യാത്രികരായ സഹോദരങ്ങളുടെ മരണത്തിനിടയായതില്‍ ജോസ് കെ മാണിയുടെ മകന്‍ അറസ്റ്റില്‍. കെഎം മാണി ജൂനിയര്‍( കുഞ്ഞുമാണി) ആണ് അറസ്റ്റിലായത്. മണിമല ബിഎസ്എന്‍എല്‍ ഓഫീസിന് സമീപം ശനിയാഴ്ച രാത്രിയിലാണ് അപകടം നടന്നത്. കെഎം മാണി ജൂനിയറിനെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചു. സ്‌കൂട്ടറില്‍ യാത്രചെയ്തിരുന്ന, കറിക്കാട്ടൂര്‍ പതാലിപ്ലാവ് കുന്നുംപുറത്തുതാഴെ മാത്യു ജോണ്‍(ജിസ്35), ജിന്‍സ് ജോണ്‍(30) എന്നിവരാണ് മരിച്ചത്. വൈകീട്ട് ആറരയോടെയായിരുന്നു അപകടം. ഇരുവരും അമ്മയുടെ സഹോദരിയുടെ കറുകച്ചാലിലെ വീട്ടില്‍പോയി മടങ്ങിവരുകയായിരുന്നു.

ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ ഇന്നോവക്ക് പിന്നില്‍ ഇടിക്കുകയായിരുന്നു. ഇന്നോവ ബ്രേക്ക് ചെയ്തതിനെ തുടര്‍ന്ന് ഇവരുടെ സ്‌കൂട്ടര്‍ ഇടിച്ചു കയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ഞായറാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ മരിച്ചു. ഇരുവരും അലൂമിനിയം ഫാബ്രിക്കേഷന്‍ ജോലിക്കാരായിരുന്നു. മേസ്തിരിപ്പണിക്കാരനായ യോഹന്നാന്‍ മാത്യുവിന്റെയും സിസമ്മയുടെയും മക്കളാണ്. മുണ്ടത്താനം പുത്തല്‍പുരയ്ക്കല്‍ അന്‍സുവാണ് മാത്യുജോണിന്റെ ഭാര്യ. അന്‍സു പൊന്‍കുന്നം അരവിന്ദ ആശുപത്രിയിലെ ലാബ് ടെക്‌നീഷ്യനാണ്. ഇരുവരുടെയും സംസ്‌കാരം തിങ്കളാഴ്ച രണ്ടിന് മണിമല ഫൊറോനാ പള്ളി സെമിത്തേരിയില്‍.

No comments