Breaking News

ഇനിയുമുണ്ട് 6 ക്വിന്റൽ മധുര കിഴങ്ങ്, 
 കളത്തിൽ അമ്പാടി കാത്തിരിക്കുന്നു




കാഞ്ഞങ്ങാട് : മണ്ണിൽ വിയർപ്പൊഴുക്കി വിളയിച്ച കിഴങ്ങുമായി ഒഴിഞ്ഞവളപ്പിലെ കളത്തിൽ അമ്പാടി ആവശ്യക്കാരെ കാത്തിരിക്കുന്നു. ഒരേക്കർ തോട്ടത്തിൽനിന്ന് വിളവെടുത്ത 15 ക്വിന്റൽ കിഴങ്ങിൽ ബാക്കി ആറുകിന്റലാണ് വിൽക്കാൻ പറ്റാത്തത്. വാട്ട്സ് ആപ്പ് ​ഗ്രൂപ്പുകളിലൂടെ അറിഞ്ഞ് തൈക്കടപ്പുറം, ചെറുവത്തൂർ, ബങ്കളം, ചാമക്കുഴി ഭാ​ഗത്ത് നിന്നൊക്കെ ആളുകൾ വന്ന് വാങ്ങിപ്പോയി. ഇനിയും കിളക്കാനുണ്ടെന്നിരിക്കെ എങ്ങനെ വിപണി കണ്ടെത്തുമെന്നാണ് ആശങ്ക.
കഴിഞ്ഞവർഷം ബദിയടുക്കയിലേക്കുവരെ കൊണ്ടുപോയിരുന്നു. ഇത്തവണ മൈസൂർ കിഴങ്ങ് വന്നതോടെ ഡിമാൻഡ് കുറഞ്ഞു. രാസവളങ്ങൾക്ക് പകരം പിണ്ണാക്ക്, ചായപ്പിണ്ടി, വെണ്ണീർ എന്നിവ വളമായി ഉപയോ​ഗിച്ചാലും വിപണിയിൽ ഇതൊന്നും പരി​ഗണിക്കപ്പെടാറില്ല. ഒന്നര ഏക്കറിൽ കൃഷിചെയ്ത വെണ്ട, വെള്ളരി, കുമ്പളം എന്നിവയ്ക്ക് നല്ല വിളവും വിലയും കിട്ടിയിരുന്നു. തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം കള പറിക്കാനും ലഭിച്ചു. ആവശ്യക്കാർ എത്തിയില്ലെങ്കിൽ വണ്ടിയിൽ കൊണ്ടുപോയി വിൽക്കാനാണ് നീക്കം. കഴിഞ്ഞതവണ മടക്കരയിലേക്ക് അഞ്ചു ക്വിന്റലും മടിക്കൈ ബാങ്ക് രണ്ടുക്വിന്റലും കൊണ്ടുപോയിരുന്നു. അങ്ങനെയൊരു ഇടപെടൽ ഇത്തവണ ഉണ്ടായാൽ രക്ഷപ്പെട്ടേനെയെന്ന് അമ്പാടി പറയുന്നു. മക്കൾ ശൈലേഷ്, അജീഷ്, അനീഷ് എന്നിവരും ഭാര്യ നാരായണിയും സഹായവുമായി കൂടെയുണ്ട്. കൃഷിയോടൊപ്പം പശു വളർത്തലിലും സജീവമാണ്‌ ഇദ്ദേഹം.


No comments