Breaking News

പടന്നക്കാട്- –വെള്ളരിക്കുണ്ട് റോഡ് വികസനം മടിക്കൈ പുളിക്കാലിൽ 
 പുതിയ പാലം വരും


വെള്ളരിക്കുണ്ട് : ഏറെക്കാലത്തെ ആവശ്യത്തിനൊടുവിൽ മടിക്കൈ പുളിക്കാലിലും പുതിയ പാലം വരുന്നു. പടന്നക്കാട്- – വെള്ളരിക്കുണ്ട് റോഡ് വികസനത്തിന്റെ ഭാഗമായാണ് പാലം പൊളിച്ചുപണിയുന്നത്. 2018ലെ ബജറ്റിൽ 60 കോടി അനുവദിച്ച പദ്ധതിയാണ് സ്ഥലമെടുപ്പിലെ തർക്കം കാരണം നീണ്ടുപോയത്. പുതിയ എസ്റ്റിമേറ്റിൽ 79 കോടി രൂപയാണ് പടന്നക്കാട്- – വെള്ളരിക്കുണ്ട് റോഡ് വികസനത്തിന് കണക്കാക്കിയത്. ബാനം , ആനപ്പെട്ടി എന്നിവിടങ്ങളിൽ മേജർ കൾവർട്ടുകളും പുളിക്കാലിൽ പാലവുമാണ് വരുന്നത്. പുളിക്കാൽ പാലത്തിന് മൂന്നുകോടി 29 ലക്ഷം രൂപ വകയിരുത്തി.
നീലേശ്വരം –എരിക്കുളം – കാഞ്ഞിരപ്പൊയിൽ ഭാഗത്തേക്കുള്ള പ്രധാന റോഡിലാണ് പാലം. നിലവിലുള്ള റോഡ് വീതികൂട്ടി, കയറ്റവും ഇറക്കവും വളവും കുറച്ച് മികച്ച ഗതാഗത സൗകര്യമാണ് നടപ്പിലാക്കുന്നത്. പടന്നക്കാട് റെയിൽവേ മേൽപ്പാലത്തിന് സമീപത്തെ ദേശീയപാതയിൽ നിന്നുതുടങ്ങി മടിക്കൈ, കിനാനൂർ-–കരിന്തളം, കോടോം-ബേളൂർ, പഞ്ചായത്തുകളിലൂടെ റോഡ് കടന്നു പോകും. പടന്നക്കാട് നിന്നുതുടങ്ങി നമ്പ്യാർക്കാൽ, ഉപ്പിലിക്കൈ– ചതുരക്കിണർ വഴി കൂലോം റോഡിലേക്കും അവിടെനിന്ന് മൂന്നുറോഡ്, മയ്യങ്ങാനം പാലം വഴി കാലിച്ചാനടുക്കം ടൗണിലെത്തും. തുടർന്ന് ആനപ്പെട്ടി, ബാനം, പന്നിത്തടം വഴി വെള്ളരിക്കുണ്ടിൽ എത്തുന്ന വിധത്തിൽ 32 കിലോമീറ്റർ പാതയാണ് നവീകരണത്തിൽ ഉൾപ്പെടുത്തിയത്.
പുളിക്കാൽ പാലം നിർമാണവുമായി ബന്ധപ്പെട്ട് കെആർഎഫ്ബി സംഘം സ്ഥലം സന്ദർശിച്ചു. സംഘത്തിൽ പ്രൊജക്ട് ഡയറക്ടർ ഡാർലിൻ കാർമിലിറ്റ ഡിക്രൂസ്, എക്സിക്യൂട്ടീവ് എഞ്ചിനീയർ എ പ്രദീപ് കുമാർ എന്നിവരോടൊപ്പം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി, മടിക്കെ പഞ്ചായത്ത് പ്രസിഡന്റ് എസ് പ്രീത, എം രാജൻ, എം രജിത, രമാ പത്മനാഭൻ, ബി ബാലൻ എന്നിവരുമുണ്ടായി. ഈ ആഴ്ചതന്നെ പാലം നിർമാണം ആരംഭിക്കും


No comments