ചായയോ കാപ്പിയോ, ഏതാണ് ആരോഗ്യകരം?
രാവിലെ എഴുന്നേറ്റാൽ ഒരു കപ്പ് ചായയോ കാപ്പിയോ കുടിക്കുന്നവരാണ് നമ്മളിൽ പലരും. ചായോയോ കാപ്പിയോ? ഏതാണ് ആരോഗ്യത്തിന് നല്ലത്. ആരോഗ്യ ഗുണങ്ങളുടെ കാര്യത്തിൽ കാപ്പിയും ചായയും തമ്മിലുള്ള തിരഞ്ഞെടുപ്പ് വ്യക്തിഗത ആരോഗ്യ സാഹചര്യങ്ങൾ ഉൾപ്പെടെ വിവിധ ഘടകങ്ങളെ ആശ്രയിച്ചിരിക്കും. ചായയ്ക്കും കാപ്പിയ്ക്കും അതിന്റേതായ ആരോഗ്യഗുണങ്ങളുണ്ട്.
ചായയുടെ ആരോഗ്യഗുണങ്ങൾ...
ചായയിൽ പ്രത്യേകിച്ച് ഗ്രീൻ ടീ, ബ്ലാക്ക് ടീ എന്നിവയിൽ ഹൃദ്രോഗം, ചില കാൻസറുകൾ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നതിനുള്ള കാറ്റെച്ചിനുകളും ഫ്ലേവനോയ്ഡുകളും എന്നറിയപ്പെടുന്ന ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്.
ചില ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത് ചായയുടെ ഉപയോഗം രക്തസമ്മർദ്ദവും കൊളസ്ട്രോളും കുറയ്ക്കാനും ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുമെന്നാണ്.
ചായയിലെ എൽ-തിയനൈൻ പോലുള്ള ചില സംയുക്തങ്ങൾ സമ്മർദ്ദം കുറയ്ക്കുകയും മാനസികനില മെച്ചപ്പെടുത്തുകയും ചെയ്യും. വായയുടെ ആരോഗ്യത്തിനും ചായ മികച്ചൊരു പാനീയമാണ്. ബാക്ടീരിയയുടെ വളർച്ചയെ തടയുന്ന സംയുക്തങ്ങൾ ചായയിൽ അടങ്ങിയിട്ടുണ്ട്. ഇത് മോണരോഗങ്ങളുടെയും സാധ്യത കുറയ്ക്കുന്നു.
കാപ്പിയുടെ ആരോഗ്യഗുണങ്ങൾ...
കാപ്പിയിൽ ക്ലോറോജെനിക് ആസിഡ് പോലുള്ള ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് വീക്കം കുറയ്ക്കാനും ചില രോഗങ്ങളിൽ നിന്ന് സംരക്ഷിക്കാനും സഹായിക്കും. കാപ്പിയിൽ കഫീൻ അടങ്ങിയിട്ടുണ്ട്. ഇത് ശ്രദ്ധ, വൈജ്ഞാനിക പ്രകടനം എന്നിവ മെച്ചപ്പെടുത്തും. കാപ്പിയിലെ കഫീൻ അത്ലറ്റിക് പ്രകടനം വർദ്ധിപ്പിക്കുകയും ക്ഷീണം കുറയ്ക്കുകയും ചെയ്യുന്നതായി പഠനങ്ങൾ പറയുന്നു. മറ്റൊന്ന് കരളിന്റെ ആരോഗ്യത്തിനും കാപ്പി ഫലപ്രദമാണ്.
ചില പഠനങ്ങൾ സൂചിപ്പിക്കുന്നത് മിതമായ കാപ്പി ഉപഭോഗം കരൾ അർബുദം, സിറോസിസ് എന്നിവയുൾപ്പെടെയുള്ള കരൾ രോഗങ്ങളുടെ സാധ്യത കുറയ്ക്കുമെന്നാണ്. സ്ഥിരമായി കാപ്പി കഴിക്കുന്നത് ന്യൂറോ ഡിജനറേറ്റീവ് രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നതായി ഗവേഷണങ്ങൾ പറയുന്നു. പഞ്ചസാര, ക്രീം അല്ലെങ്കിൽ മറ്റ് അഡിറ്റീവുകൾ ചേർക്കുന്നത് ഈ പാനീയങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കും.
ചായയ്ക്കും കാപ്പിയ്ക്കും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. ഒരു ദിവസം രണ്ട് കപ്പിൽ കൂടുതൽ ചായയോ കാപ്പിയോ കുടിക്കരുതെന്ന് അപ്പോളോ ആശുപത്രിയിലെ ചീഫ് ക്ലിനിക്കൽ ന്യൂട്രീഷനിസ്റ്റായ ഡോ. പ്രിയങ്ക റോത്തഗി പറയുന്നു.
No comments