കിനാനൂർ–കരിന്തളം പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് വടക്കേ പുലിയന്നൂർ വയലിൽ മഴപ്പൊലിമ സംഘടിപ്പിച്ചു
നീലേശ്വരം : മഴകൊണ്ട്, മഴയെയറിഞ്ഞ് അവർ നാട്ടിക്കണ്ടത്തിൽ ആടിപ്പാടിയപ്പോൾ വടക്കേപുലിയന്നൂർ വയലിൽ കാർഷികപ്പൊലിമ നിറഞ്ഞു. ചേറാണ് ചോറ് എന്ന സന്ദേശമുയർത്തി കിനാനൂർ–- കരിന്തളം പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് സംഘടിപ്പിച്ച മഴപ്പൊലിമയിൽ എല്ലാവരും മഴയില്‍ പാടത്തിറങ്ങി ചളിയിൽ തിമിർത്തു. തരിശാക്കാതെ അധ്വാനിച്ച് വിളവെടുക്കേണ്ട ഇടമാണ് വയലുകളെന്നും മഴപ്പൊലിമ ഓര്‍മപ്പെടുത്തി. ഓരോ വാർഡിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട കലാപരിപാടികളും അരങ്ങേറി. കുട്ടികൾ മുതൽ പ്രായമായവർവരെ വയലിലിറങ്ങി കൃഷിപ്പണിയിലേർപ്പെട്ടു. 15 ഏക്കർ തരിശുപാടം കൃഷിയോഗ്യമാക്കി.
പഞ്ചായത്ത് പ്രസിഡന്റ് ടി കെ രവി ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ആദരിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ലക്ഷ്മി, കുടുംബശ്രീ എഡിഎം സി എച്ച് ഇക്‌ബാൽ, സി എച്ച് അബ്ദുൽ നാസർ,അജിത്ത് കുമാർ,ഷൈജമ്മ ബെന്നി, ഉമേശൻ വേളൂർ, നിഖിൽ നാരായണൻ, പറക്കോൽ രാജൻ, കെ വി ഭാസ്കരൻ എന്നിവർ സംസാരിച്ചു. ഉഷ രാജു സ്വാഗതവും പി യു ഷീല നന്ദിയും പറഞ്ഞു. നാടൻ പാട്ട്, നാട്ടിപ്പാട്ട്, മാഗലംകളി, കോൽക്കളി, പൂരക്കളി, ഒപ്പന, കൈകൊട്ടികളി, ആലാമിക്കളി, തൊപ്പിക്കളി, ഓട്ട മത്സരം, കമ്പവലി, ഞാറുപൊരിക്കൽ, ഞാറുനടീൽ മത്സരങ്ങളുമുണ്ടായി. ഷൈജു ബിരിക്കുളവും സംഘവും നാടൻപാട്ട് അവതരിപ്പിച്ചു. സമാപന സമ്മേളനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി പി ശാന്ത ഉദ്‌ഘാടനം ചെയ്തു.
No comments