Breaking News

ജില്ലയിലെ മഴപ്പെയ്‌ത്ത്‌ കനത്ത മണ്ണിടിച്ചിൽ, വെള്ളക്കെട്ട്‌, ഗതാഗത തടസ്സം, കടൽക്ഷോഭം


കാസർകോട്‌ : കൊടും വരൾച്ചയ്ക്ക് ശേഷമെത്തിയ പെരുമഴയും ജില്ലയിലെങ്ങും ദുരിതമായി. ‘റെഡ് അലർട്ട്’ പ്രഖ്യാപിച്ചിരുന്ന ബുധനാഴ്‌ച വ്യാപകമായി കനത്ത മഴ പെയ്‌തു. മണ്ണിടിച്ചിലും മരംവീണും പണിനടക്കുന്ന ദേശീയപാതയിലെ വെള്ളക്കെട്ടും കാരണം പലയിടത്തും ഗതാഗത തടസമുണ്ടായി. മലയോര മേഖലയിൽ മഴ തുടരുന്നത് ആശങ്കയുയർത്തുന്നു. ‘ഓറഞ്ച് അലർട്ട്’ പ്രഖ്യാപിച്ചിട്ടുള്ള വ്യാഴാഴ്‌ചയും ശക്തമായ മഴതുടരുമെന്നാണ്‌ മുന്നറിയിപ്പ്‌. 
 ഉദുമ തൃക്കണ്ണാട് കടപ്പുറത്തും പള്ളിക്കര കടപ്പുറത്തും കടലാക്രമണം രൂക്ഷമാണ്‌. രണ്ട് വീടുകൾ തകർന്നു.
പള്ളിക്കര അങ്കണവാടിയിൽ ക്യാമ്പ് തുറന്ന് ഒരുകുടുംബത്തെ മാറ്റിപ്പാർപ്പിച്ചു. മംഗൽപ്പാടി പെരിങ്കടി കടപ്പുറത്തും കടൽക്ഷോഭമുണ്ട്.
ഉദുമ കൊപ്പൽ , കാപ്പിൽ പ്രദേശത്ത് കാറ്റിൽ വ്യാപക നാശമുണ്ടായി. വെെദ്യുത പോസ്റ്റുകളും മരവും വീണ് ഗതാഗതം തടസപ്പെട്ടു. ഉപ്പള പുഴയിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാൽ തീരദേശവാസികൾക്ക് ജാഗ്രതാ നിർദേശം നൽകി.

അവധി രക്ഷയായി
പെരുമ്പട്ട, കുന്നുംകൈ എൽപി 
സ്‌കൂളുകളിൽ മണ്ണിടിഞ്ഞ്‌ അപകടം
ഭീമനടി
ശക്തമായ മഴയിൽ പെരുമ്പട്ട ഗവ. എൽപി സ്‌കൂളിന്റെ മതിൽക്കെട്ടും, കുന്നുംകൈ ഗവ.എൽപി സ്‌കൂളിന്റെ അരിക്‌ ഭിത്തിയും തകർന്നു. പെരുമ്പട്ട സ്‌കൂൾ മുറ്റത്തെ മതിൽക്കെട്ട്‌ മഴവെള്ളം കുത്തിയൊലിച്ചാണ് തകർന്നത്. കളിസ്ഥലവും ഭാഗികമായി കുത്തിയൊലിച്ചുപോയി. ചെങ്കല്ലിൽ കെട്ടിയ മുറ്റം10 മീറ്റർ നീളത്തിലും ഒന്നര മീറ്റർ ഉയരത്തിലും തകർന്നു. സ്‌കൂൾ അവധിയായതിനാൽ അപകടമൊഴിവായി. സ്‌കൂളിന് സമീപത്തെ പിപിസി സുലൈമാന്റെ വീടിന്റെ പുറക് വശത്തെ തിട്ടയും ഇടിഞ്ഞു. പ്രളയകാലത്തും സ്കൂളിന്റെ പിറകിലെ മൺതിട്ട ഇടിഞ്ഞ് നാശമുണ്ടായിരുന്നു. കുന്നുംകൈ എൽപി സ്കൂളിന്റെ ഓഫീസിനോട് ചേർന്ന ഭാഗമാണ് ഇടിഞ്ഞത്. ഇവിടെ മൂന്ന് മീറ്റർ ഉയരത്തിലുള്ള മണൽത്തിട്ടയിടിഞ്ഞ്‌ സ്കൂൾ ചുമരിലേക്ക് പതിച്ചു.

ദേശീയപാതയിൽ ഗതാഗത നിയന്ത്രണം

വീരമലക്കുന്നിൽ തുടർന്നും മണ്ണിടിച്ചൽ ഉണ്ടാകാനുള്ള സാധ്യതയുള്ളതിനാൽ ദേശീയപാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. വെള്ളി വൈകിട്ട് ആറുവരെയാണ് നിയന്ത്രണമെന്ന് കലക്ടർ അറിയിച്ചു. ഇരുചക്ര വാഹനങ്ങൾ, ഓട്ടോ, കാർ, ബസ്, സ്കൂൾ ബസ് ഉൾപ്പടെയുള്ള യാത്രാ വാഹനങ്ങൾ കോട്ടപ്പുറം പാലം, കയ്യൂർ അരയാക്കടവ് -റൂട്ടുകളിലൂടെ തിരിച്ചു വിടും. മറ്റുവാഹനങ്ങൾക്ക് ദേശീയപാതയിൽകൂടിതന്നെ പോവാം
വാഹനങ്ങൾ വഴിതിരിച്ചുവിടുന്നതിനും ഗതാഗത തടസം ഒഴിവാക്കുന്നതിനും നടപടിയെടുക്കാൻ പൊലീസിനും മോട്ടോർ വാഹനവകുപ്പിനും നിർദേശം നൽകി.
മണ്ണിടിച്ചൽ തുടരാൻ സാധ്യതയുള്ളതിനാൽ അടിയന്തരമായി മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കുവാനും, മതിയായ വെളിച്ച സംവിധാനം ഏർപ്പെടുത്താനും കരാർ കമ്പനിയോട് നിർദേശിച്ചു. നിർമാണ പ്രവൃത്തിയിൽ വീഴ്ച്ചയുണ്ടോയെന്ന് പരിശോധിക്കുമെന്നും കലക്ടർ പറഞ്ഞു.

റാണിപുരത്തേക്ക്‌ പ്രവേശനമില്ല
രാജപുരം
ജില്ലയിൽ കനത്ത മഴ തുടരുന്നതിനാൽ റാണിപുരം ഇക്കോ ടൂറിസം കേന്ദ്രം വ്യാഴാഴ്‌ച മുതൽ അടച്ചിടും. തുടർച്ചയായ ദിവസങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളതിനാൽ സഞ്ചാരികളുടെ സുരക്ഷ കണക്കിലെടുത്താണു തീരുമാനമെന്ന് ഡിഎഫ്ഒ കെ അഷ്റഫ് അറിയിച്ചു. ട്രക്കിങ്ങിനെത്തുന്നവരെ പനത്തടിയിൽനിന്ന് തിരിച്ചയക്കും. കഴിഞ്ഞ അവധി ദിവസങ്ങളിൽ റാണിപുരത്തേക്ക് ഒട്ടേറെ സഞ്ചാരികളെത്തിയിരുന്നു.

ഇന്ന് ഓറഞ്ച് 
അലർട്ട്
കാസർകോട്‌
ജില്ലയിൽ വ്യാഴാഴ്‌ച കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചത്. ഏഴ്, എട്ട് തീയതികളിൽ മഞ്ഞ അലർട്ടാണ്.

വീരമലയിടിയുന്നു; നെഞ്ചിടിക്കുന്നു

സ്വന്തം ലേഖകൻ
ചെറുവത്തൂർ
തുടർച്ചയായി പെയ്യുന്ന മഴക്കിടെ വീരമലക്കുന്ന്‌ ഇടയ്‌ക്കിടെ ഇടിഞ്ഞ് ദേശീയപാതയിലേക്ക് മണ്ണ് വീഴുന്നത്‌ ആശങ്കയുയർത്തുന്നു. മണ്ണിനൊപ്പം ചെളിവെള്ളവും ദേശീയപാതയിലക്ക്‌ പതിക്കുന്നതിനാൽ ബുധൻ രാവിലെ മുതൽ മയിച്ച മുതൽ ചെക്ക്‌പോസ്‌റ്റ്‌ പരിസരംവരെ ഗതാഗതകുരുക്കായിരുന്നു‌.
ദേശീയപാത നവീകരണത്തിനായി ഒരുഭാഗത്തുനിന്നും കുന്ന്‌ ഇടിച്ചിരുന്നു. ഇതെത്തുടർന്ന്‌ മഴകനത്തതോടെ ചില ഭാഗങ്ങളിടിഞ്ഞ്‌ റോഡിലേക്ക്‌ വീഴുകയായിരുന്നു. മണ്ണുമാന്തി യന്ത്രമുപയോഗിച്ച്‌ മണ്ണ്‌ മാറ്റിയാണ്‌ ഗതാഗതം പുനഃസ്ഥാപിച്ചത്‌. മലയുടെ മുകളിൽനിന്നും ശക്തിയായി വെള്ളം ഒഴുകിവരുന്നതിനാലാണ്‌ മലയിടിയാൻ കാരണമാകുന്നത്‌.
വെള്ളം ഒഴുകിപ്പോകാനുളള്ള സംവിധാനം ഒരുക്കിയിരുന്നെങ്കിലും ശക്തമായ മഴയിൽ മണ്ണുംചെളിയും ഒഴുകിയെത്തിയത്‌ വെള്ളം കടന്നുപോകുന്നതിന്‌ തടസമാവുകയാണ്. ഇനിയും കൂടുതൽ ഇടിയാതിരിക്കാനുള്ള സംരക്ഷണ സംവിധാനമൊരുക്കാനുള്ള നീക്കത്തിലാണ്‌ ദേശീയപാത അധികൃതർ.
എം രാജഗോപാലൻ എംഎൽഎ, കലക്ടർ കെ ഇമ്പശേഖർ, പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി വി പ്രമീള എന്നിവർ സ്ഥലത്തെത്തി. റോഡിലേക്ക്‌ വീണ മണ്ണ്‌ മാറ്റാനും ഗതാഗത തടസം പരിഹരിക്കാനും നാട്ടുകാർ സജീവമായി രംഗത്തുണ്ട്‌.
കൊവ്വലിലും 
വെള്ളക്കെട്ട്‌
ചെറുവത്തൂർ കൊവ്വലിലും ദേശീയപാതയിൽ വെള്ളക്കെട്ട്‌ രൂപപ്പെട്ടു. റോഡ്‌ നിർമിക്കാൻ മണ്ണ്‌ നീക്കംചെയ്‌ത സ്ഥലത്താണ്‌ ചെളിയും വെള്ളവും കെട്ടിക്കിടക്കുന്നത്‌. തൊട്ടടുത്ത കൊവ്വൽ എയുപി സ്‌കൂളിന്‌ സമീപത്തെ മെതാനത്തിലും വെള്ളക്കെട്ടുണ്ട്‌. കുട്ടികൾ എങ്ങനെ സ്‌കൂളിലെത്തുമെന്ന ആശങ്കയിലാണ്‌ രക്ഷിതാക്കൾ.


No comments