ജില്ലയിലെ സ്‌കൂളുകളിൽ സുരക്ഷാ ഓഡിറ്റ് പദ്ധതിയുമായി ജില്ലാപഞ്ചായത്ത്
കാസർകോട് : കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ ജില്ലയിലെ സ്‌കൂളുകളിൽ സുരക്ഷാ ഓഡിറ്റ് പദ്ധതിയുമായി ജില്ലാപഞ്ചായത്ത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബിയുടെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. കലക്ടർ കെ ഇമ്പശേഖർ മുഖ്യാതിഥിയായി. സേഫ് കേരളാ ചെയർമാൻ സുനിൽ പ്രഭാകർ വിഷയാവതരണം നടത്തി.
സ്‌കൂളികളിലെ ഭൂമിശാസ്ത്ര, കാലാവസ്ഥാ ഉത്ഭവത്തിന്റെ സ്വാഭാവികഅപകടങ്ങൾ, മനുഷ്യനിർമിത അപകടസാധ്യതകൾ, അനുബന്ധ അടിയന്തര സാഹചര്യങ്ങൾ എന്നിവ മുൻകൂട്ടി തിരിച്ചറിഞ്ഞ് പരിഹരിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ മുന്നോടിയായി ഓഗസ്റ്റ് ആദ്യവാരം ജിഎൽഐയുടെ ചെയർമാൻ ഡോ. മുരളി തുമ്മാരുകുടി, സേഫ് കേരള ടീം എന്നിവരുടെ നേതൃത്വത്തിൽ ജില്ലയിലെ
തിരഞ്ഞെടുത്ത അധ്യാപകർ, വകുപ്പ് മേധാവികൾ, എൻഎസ്എസ് എന്നിവർക്ക് പരിശീലനം നൽകി യൂത്ത് ബ്രിഗേഡ് ടീം സജ്ജമാക്കും.
യോഗത്തിൽ അസിസ്റ്റന്റ് കലക്ടർ ദിലീപ് കെ കൈനിക്കര , ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ, ജില്ലാപഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷ കെ ശകുന്തള, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി കെ സജീവ്, ഡിഡിഇ ഇൻചാർജ് ബി സുരേന്ദ്രൻ, ഡിവൈഎസ് പി സ്പെഷ്യൽ ബ്രാഞ്ച് വി വി മനോജ്, ഡയറ്റ് പ്രിൻസിപ്പാൾ രഘുറാംഭട്ട്, എൻഎസ്എസ് ജില്ലാ കോ ഓഡിനേറ്റർ വി വിജയകുമാർ, എസ്എസ് കെ ഡിപിഒ ഡി നാരായണ തുടങ്ങിയവർ പങ്കെടുത്തു.
No comments