Breaking News

''അദ്ധ്യാപനം, ഒരു വിദ്യാർത്ഥിയുടെ വീക്ഷണകോണിലൂടെ.." വെള്ളരിക്കുണ്ട് LCC എജ്യുക്കേഷനിലെ പ്ലസ്ടു വിദ്യാർത്ഥിനി ലിയ തയ്യാറാക്കിയ ലേഖനം ശ്രദ്ധേയമാകുന്നു

 


വെള്ളരിക്കുണ്ട്: അധ്യാപകരെക്കുറിച്ചും അധ്യാപനത്തെക്കുറിച്ചും വെള്ളരിക്കുണ്ട് എൽ.സി.സി എജ്യുക്കേഷനിലെ പ്ലസ് ടു വിദ്യാർത്ഥിനി ലിയ ആൻ തയ്യാറാക്കിയ ലേഖനം ശ്രദ്ധേയമാകുന്നു. വളർന്ന് വരുന്ന പുതിയ തലമുറയുടെ മാറുന്ന കാഴ്ച്ചപ്പാടുകളുടെ നേർക്കാഴ്ച്ചയായി ഈ ലേഖനത്തെ വിലയിരുത്താം. മാറി ചിന്തിക്കുന്ന യുവതലമുറ അധ്യാപകരായി എത്തുന്ന വരും കാലത്ത്, വിദ്യാഭ്യാസ മേഖലയിൽ പുത്തൻ പ്രതീക്ഷകൾ നമുക്ക് പ്രത്യാശിക്കാം. 


ലിയ ആൻ തയ്യാറാക്കിയ ലേഖനത്തിൻ്റെ പൂർണ്ണരൂപം താഴെ കൊടുക്കുന്നു

"ഞാൻ കണ്ട രാക്കനവിലെ എന്റെ പ്രിയപ്പെട്ടവർ. ഒരു കുട്ടിയെ സംബന്ധിച്ചിടത്തോളം അവന്റെ ഏറ്റവും പ്രിയപ്പെട്ട വ്യക്തി അവന്റെ പെറ്റമ്മയാണ്. ചെറുപ്പത്തിൽ അമ്മിഞ്ഞ പാലോടൊപ്പം അവന്റെ അമ്മ പകർന്ന അറിവുകൾ ആണ് അവന് വലുത്. ഒരു മുല്ല മൊട്ടിനോട് മാത്രം സാദൃശ്യപെടുത്താൻ സാധിക്കുന്ന ആ പ്രായത്തിൽ അവന്റെ ഗുരു അവന്റെ അമ്മയാണ്, പിന്നീട് ബാല്യത്തിൽ അമ്മയുടെ കയ്യും പിടിച്ച് ഒരു കുട്ടിബാഗും തൂക്കി പോകുമ്പോഴാവും അടുത്ത ഗുരുവിനെ പരിചയപെടുക. തനിക്ക് ആദ്യക്ഷരം പകർന്ന് നല്കിയ തന്റെ പ്രിയപ്പെട്ട അധ്യാപികയാകും അത്. അത്രയും കാലം അമ്മയുടെ ചൂടേറ്റ് ഇരുന്ന കുട്ടികൾക്ക് സ്കൂളിലെ ആദ്യദിവസങ്ങൾ വിഷമം പിടിച്ചതാകും. ആ സങ്കടങ്ങളിൽ ആശ്വാസം പകരുന്നതും, കണ്ണീരൊപ്പി ചേർത്ത് പിടിച്ചതും, വാത്സല്യം പകർന്നതും ഒക്കെ ഈ അധ്യാപകരാണ്. അതുകൊണ്ടുതന്നെ നമ്മൾ ആരും നമ്മെ ചെറുപ്പത്തിൽ പഠിപ്പിച്ച ടീച്ചർമാരെ മറക്കില്ല. അതിനു കാരണം അവർ നമ്മളോട് കാണിച്ച നിസ്വാർത്ഥമായ സ്നേഹം ഒന്നുകൊണ്ട് മാത്രമാണ്. പിന്നീടുള്ള ജീവിതത്തിൽ എത്രയൊക്കെ അധ്യാപകർ കടന്നുവന്നാലും അവരോടൊപ്പം വരുമോ എന്നത് സംശയമാണ്. എങ്കിലും പിന്നീടും നമ്മുടെ ജീവിതത്തിൽ അനേകം അധ്യാപകർ കടന്നു പോയിട്ടുണ്ടാവാം. എന്നാൽ മനസ്സിൽ തങ്ങി നിൽക്കുന്നവർ വിരളമായിരിക്കും. എനിക്കുമുണ്ട് അത്തരം അധ്യാപകർ. മധുരം പകർന്നവരും കൈപ്പേറിയ അനുഭവങ്ങൾ സമ്മാനിച്ചവരും. എന്റെ വിശ്വാസം അനുസരിച്ച് ഒരു അധ്യാപകൻ എന്നത്, ഒരു സമൂഹത്തെ തന്നെ മാറ്റാൻ കഴിവുള്ള വ്യക്തിയാണ്. ഒരു കുട്ടിയുടെ ഭാവി ശോഭയേറുന്നതാക്കാനും ശോക പൂർണമാക്കാനും ഒരു അധ്യാപകന്റെ വാക്കുകൊണ്ട് സാധിക്കും. അത് അവരിൽ ഏൽപ്പിക്കുന്ന നോവിന്റെ ആഴം ചെറുതല്ല. ഞാൻ മനസ്സിലാക്കിയിടത്തോളം അധ്യാപനം എന്നത് ഒരു തൊഴിൽ അല്ല, അതൊരു കലയാണ്. തന്റെ മുന്നിലിരിക്കുന്ന ഓരോ വിദ്യാർത്ഥിയുടെയും മനസ്സ് അറിയുക എന്ന കല. അനുദിനം മാറിവരുന്ന ഈ കാലത്ത് മാറ്റങ്ങൾ ഏറ്റവും കൂടുതൽ ബാധിക്കുന്നത് വിദ്യാർത്ഥികളെയാണ്. അത്തരം സാഹചര്യത്തിൽ അത് മനസ്സിലാക്കാനും കുട്ടികളുടെ മാനസികാരോഗ്യം ഉറപ്പുവരുത്താനും സാധിക്കുന്നവരാണ് യഥാർത്ഥ അധ്യാപകർ. ഒരിക്കലും ദേഷ്യത്തോടെ മാത്രം സംസാരിക്കുന്ന ഒരു അധ്യാപികയോടും കുട്ടികൾ മനസ്സ് തുറന്ന് സംസാരിക്കില്ല. അധ്യാപകർക്ക് നല്ല സുഹൃത്തുക്കൾ ആകാൻ സാധിക്കണം. നല്ല അധ്യാപകർ നല്ല ശ്രോതാക്കൾ ആകണം  

            ഒരു അധ്യാപകൻ ഒരിക്കലും കേവലം പാഠപുസ്തകം മാത്രം ഹൃദിസ്ഥമാക്കാൻ ഒരു കുട്ടിയെ സഹായിക്കുന്ന വ്യക്തിയായി മാറാൻ പാടില്ല. അവന്റെ ഉള്ളിലെ സർഗാത്മകതയെ കണ്ടെത്തുകയും, അവനെ പ്രോത്സാഹിപ്പിക്കുകയും വേണം. ജീവിതത്തിൽ വിജയങ്ങൾ കൈവരിക്കാൻ കുട്ടികളെ പ്രാപ്തരാക്കണം. അതോടൊപ്പം പരാജയങ്ങളെ അഭിമുഖീകരിക്കാനും. തങ്ങളുടെ ചെറിയ തോൽവികൾ മുന്നോട്ടുള്ള ജീവിതത്തിൽ വലിയ പാഠങ്ങൾ ആകുമെന്നു പറഞ്ഞു മനസ്സിലാക്കി, കുട്ടിയെ ചേർത്തു നിർത്തുന്ന വ്യക്തിയാവണം അധ്യാപകൻ. 

            ഇങ്ങനെയുള്ള ഒന്നോ രണ്ടോ അധ്യാപകർ ഒരു സ്കൂളിൽ ഉണ്ടെങ്കിൽ തന്നെ എത്ര മനോഹരം ആയിരിക്കും ആ വിദ്യാലയം. അത്തരം അധ്യാപകരെ കുറ്റപ്പെടുത്താതെ അവരോടൊപ്പം തോളോട് തോൾ ചേർന്ന് പ്രവർത്തിക്കാൻ മറ്റ് അധ്യാപകർ കൂടെ ശ്രമിച്ചാൽ, എത്ര സുന്ദരമാകും നമ്മുടെ കലാലയ ജീവിതം. പിന്നീട് യൗവനത്തിലും വാർദ്ധക്യത്തിലും കൂടെ കൂട്ടായി ഇത്തരം നല്ല ഓർമ്മകളും, പുഞ്ചിരി തൂകുന്ന ഒരുപിടി മുഖങ്ങളും കാണും ഹൃദയത്തിൽ.

            ഏതൊരു വിദ്യാർത്ഥിയും കൊതിക്കുന്നതുപോലെ അവരെ ശ്രവിക്കുന്ന, അവർക്ക് നല്ല മാതൃക പകരുന്ന, സ്നേഹത്തോടെ മാത്രം സംസാരിക്കുന്ന, തന്റെ മുന്നിലിരിക്കുന്ന കുട്ടിയുടെ മനസ്സ് വായിക്കുന്ന, ഒരു നല്ല അധ്യാപകൻ അല്ലെങ്കിൽ അദ്ധ്യാപികയാണ് ഞാൻ എന്ന് ഓരോ അധ്യാപകരും സ്വയം ആത്മ പരിശോധന ചെയ്തിരുന്നെങ്കിൽ എന്ന് ഒരു നിമിഷത്തേക്ക് ചിന്തിച്ചു പോകുന്നു.

-Liya Ann (Plus Two Student LCC)

No comments