Breaking News

വടക്കാകുന്ന് മലനിരകൾ തകർക്കാനുള്ള നീക്കങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് കിനാനൂർ കരിന്തളം ഒമ്പതാം വാർഡ് ഗ്രാമസഭ പ്രമേയം


വെള്ളരിക്കുണ്ട്: കിനാനൂർകരിന്തളം ഗ്രാമ പഞ്ചായത്തിലെ ഒൻപതാം വാർഡിൽ കാരാട്ട് മരുതുകുന്ന് ഭാഗത്ത് നിയമ വിരുദ്ധമായി പ്രവർത്തനാനുമതി നേടിയിരിക്കുന്ന ക്രഷർ പ്രദേശത്ത് പുതുതായി  1000 അടിയിലേറെ താഴ്ച്ചയിൽ ഒന്നിലേറെ കുഴൽ കിണർ നിമ്മിക്കാനും കാരാട്ടിനും പന്നിത്തടത്തിനും ഇടയിൽ കൊറത്തിയാർകുന്ന് ഭാഗത്ത് പുതുതായി ഖനന പ്രവർത്തനങ്ങൾ ആരംഭിക്കാനുമുള്ള നീക്കത്തിനെതിരെ  കാരാട്ട് വെച്ച് ചേർന്ന ഗ്രാമസഭയിൽ പ്രമേയം പാസ്സാക്കി. ജനജീവിതത്തിന് ഭീഷണിയായ ഖനന-ക്രഷർ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ പ്രക്ഷോഭങ്ങളും പരാതികളും നിലനിൽക്കെ വെള്ളരിക്കുണ്ട് വടക്കാകുന്നിൽ  ഖനന മാഫിയകൾ വീണ്ടും പിടി മുറുക്കുകയാണ്. 

 ക്രഷർ പ്രവർത്തിക്കണമെങ്കിൽ ദിനംപ്രതി ലിറ്റർ കണക്കിന് വെള്ളം ആവശ്യമാണ് ഇതിനായി ക്രഷർ പ്രദേശത്ത് 1000 അടിയിലേറെ താഴ്ച്ചയിൽ ഒന്നിലേറെ കുഴൽ കിണറുകൾ കുഴിക്കാനുള്ള തയാറെടുപ്പിലാണ്, കാരാട്ട്, കമ്മാടം, പുലിയം കുളം തുടങ്ങിയ ശുദ്ധജല പദ്ധതികളിലേക്കുള്ള നീരൊഴുക്ക് തടസ്സപ്പെടുന്നതിനും പ്രദേശത്ത് കടുത്ത കുടിവെള്ള ക്ഷാമം നേരിടുന്നതിനും ഇത് കാരണമാകും, അധികൃതർ ഇതിന് അനുമതി നൽകരുത് ,കാരാട്ട് പന്നിത്തടം പ്രദേശങ്ങൾക്ക് മുകളിലായി കൊറത്തിയാർകുന്ന് വടക്കാകുന്ന് ഭാഗത്ത് വൻകിട ഖനന കമ്പനി പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള നീക്കം നടത്തി വരികയാണ് , ഇപ്പോൾ പ്രവർത്തനാനുമതി നേടിയിരിക്കുന്ന ഖനന പ്രദേശത്തു നിന്നും കേവലം 300 മീറ്റർ ദൂരപരിധിയിലാണ് പുതിയ ഖനന പ്രർത്തനങ്ങൾ ആരംഭിക്കാൻ നീക്കം നടക്കുന്നത്, ആദിവാസി വിഭാഗങ്ങൾക്ക് ഉൾപ്പെടെ പതിച്ചു നൽകിയ മിച്ചഭൂമിയും പട്ടയഭൂമിയും കൈവശപ്പെടുത്തി ആദിവാസി കുടുംബങ്ങളെ കുടിയിറക്കിയാണ് ഇവിടെ ഖനന നീക്കം നടക്കുന്നത്, ഭീമനടി റിസർവ്വ് വന മേഖലയിൽ നിന്നും 200 മീറ്റർ മാത്രം ദൂരപരിധിയിലാണ് ഈ ഖനന പ്രദേശം സ്ഥിതി ചെയ്യുന്നത്, പന്നിത്തടം പട്ടികജാതി പട്ടിക വർഗ്ഗ കോളനി ഇതിന് സമീപത്താണ് ഇപ്പോൾ തന്നെ കടുത്ത കുടിവെള്ള ക്ഷാമം നേരിടുന്ന സമീപ പ്രദേശങ്ങളിൽ ഖനന പ്രവർത്തനങ്ങൾ കൂടി ആരംഭിച്ചാൽ ജനങ്ങൾ കടുത്ത കുടിവെള്ള ക്ഷാമം നേരിടേണ്ടിവരും, ചെറിയ മഴയത്ത് പോലും മണ്ണിടിഞ്ഞ് വീണ് വാഹന ഗതാഗതം തടസ്സപ്പെടുന്ന ഇവിടെ ഉരുൾപൊട്ടൽ പോലുള്ള പ്രകൃതി ദുരന്തങ്ങൾക്ക് ഏറെ സാധ്യതയുണ്ട്.  വടക്കാകുന്ന് മലനിരകൾ തകർക്കാനുള്ള നീക്കങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് ഒമ്പതാം വാർഡ് ഗ്രാമസഭ പ്രമേയത്തിലൂടെ അധികാരികളോട് ആവശ്യപ്പെട്ടു. ഗ്രാമ പഞ്ചായത്ത് ഒൻപതാം വാർഡ് മെമ്പർ എം.ബി.രാഘവൻ അദ്ധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാൻ സി.എച്ച് അബ്ദുൾ നാസർ ഉദ്ഘാടനം ചെയ്തു. ഗ്രാമസഭ കോഡിനേറ്റർ സതീശൻ പദ്ധതി വിശദീകരിച്ചു. വിനോദ് പന്നിത്തടം, രമണി രവി, സനോജ്, തങ്കമണി, ടി.എൻ ബാബു, എന്നിവർ സംസാരിച്ചു. ഗിരീഷ് കാരാട്ട് പ്രമേയം അവതരിപ്പിച്ചു.

No comments