മാധ്യമ വേട്ടക്കെതിരെ ജൂലായ് 10ന് വെള്ളരിക്കുണ്ടിൽ 24 മണിക്കൂർ ഉപവാസം
വെള്ളരിക്കുണ്ട്: അധികാരികൾക്കെതിരെ വിമർശനമുന്നയിക്കുന്ന മാധ്യമ പ്രവർത്തകരെ നിശബ്ദരാക്കാനുള്ള ഗൂഡ നീക്കത്തിനെതിരെ വെള്ളരിക്കുണ്ടിൽ ഉപവാസം സംഘടിപ്പിക്കുന്നു. ഇത്തരം ശ്രമങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണ് മറുനാടൻ മലയാളി ചാനലിൻ്റെ ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ ഓഫീസുകളിലെ പോലീസ് റെയ്ഡുകളും ജീവനക്കാരുടെ നേർക്കുള്ള ഭീക്ഷണികളുമെന്ന് വെള്ളരിക്കുണ്ടിൽ ചേർന്ന വിവിധ സാമൂഹ്യ സംഘടനാ പ്രതിനിധികളുടെ യോഗം വിലയിരുത്തി. മാധ്യമ സ്ഥാപന ഉടമയുടെ പേരിൽ കേസെടുത്തതിൻ്റെ പേരിൽ അതേ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന മറ്റ് മാധ്യമ പ്രവർത്തകരെ പീഡിപ്പിക്കുന്നത് ഭരണഘടനാവിരുദ്ധമാണ്
ഈ നടപടികൾ സ്വതന്ത്രമാധ്യമ പ്രവർത്തനത്തെ തടയാൻ ലക്ഷ്യം വച്ചുള്ളതും അതുകൊണ്ടുതന്നെ ജനാധിപത്യവിരുദ്ധവുമാണ്. എല്ലാ ജനാധിപത്യ വിശ്വാസികളും ഈ വിഷയത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയില്ലെങ്കിൽ കേരളത്തിലെ സാമൂഹികാന്തരീക്ഷത്തിൽ രാഷ്ടീയ-സാമ്പത്തിക അധികാരിവർഗ്ഗത്തിൻ്റെ ധാർഷ്ട്യത്തിനും ബഹുവിധ ചൂഷണങ്ങൾക്കും മേൽക്കോയ്മ ലഭിക്കുമെന്ന് യോഗം അഭിപ്രായപ്പെട്ടു.ഈ പ്രശ്നത്തിൽ സോഷ്യൽ മീഡിയാ പ്രതിഷേധങ്ങൾക്കുപരിയായുള്ള പ്രതികരണങ്ങളുണ്ടാകേണ്ടതുണ്ടു്. അതിൻ്റെ തുടക്കമെന്ന നിലയിൽ ജൂലായ് 10 തിങ്കൾ രാവിലെ 10 മണി മുതൽ 24 മണിക്കൂർ ഉപവാസ സത്യഗ്രഹം സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. പ്രമുഖ പരിസ്ഥിതി പ്രവർത്തകനും ഗാന്ധിയനുമായ സണ്ണി പൈകട, വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ പ്രസിഡന്റ് ജിമ്മി ഇടപ്പാടി, ആർടിസ്റ് ആനന്ദ് സാരംഗ്, എന്നിവരാണ് 24 മണിക്കൂർ ഉപവാസമനുഷ്ഠിക്കുന്നത്. രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക സംഘടനാ പ്രതിനിധികളും ജനപ്രതിനിധികളും സത്യഗ്രഹത്തിന് അഭിവാദ്യമർപ്പിക്കും. വെള്ളരിക്കുണ്ടു് താലൂക്ക് പൗരസമിതി വിളിച്ചു ചേർത്ത ആലോചനായോഗത്തിൽ പൗരസമിതി കോർഡിനേറ്റർ ജോർജ്ജ് തോമസ് അദ്ധ്യക്ഷത വഹിച്ചു. ഷോബി ജോസഫ്, ടി സി തോമസ്, ബാബു കോഹിനൂർ,സാജൻ ജോസഫ്, അലോഷ്യസ് ജോർജ്ജ്,ബാബു കല്ലറക്കൽ,സിബി റോയൽ, കെ ടി തോമസ്, ബെന്നി പ്ലാമൂട്ടിൽ, ഉണ്ണികൃഷ്ണൻ, ഇ.കെ.ഷിനോജ്, പി.സുരേഷ് കുമാർ തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്തു.
No comments