Breaking News

യുവധാര പ്രവാസി കൂട്ടായ്മ ഡിവൈഎഫ്‌ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റിക്ക് നൽകിയ അംബുലൻസ് അഖിലേന്ത്യ പ്രസിഡന്റ്‌ എ എ റഹിം എംപി ഫ്ലാഗ് ഓഫ് ചെയ്തു


കാഞ്ഞങ്ങാട് : ഡിവൈഎഫ്‌ഐയുടെ ജില്ലയിലെ രണ്ടാമത്തെ ആംബുലൻസും ഓട്ടം തുടങ്ങി. ഭക്ഷ്യധാന്യങ്ങളും ഔഷധവും എത്തിച്ചുനൽകിയും സ്നേഹവണ്ടികളിലൂടെ സൗജന്യയാത്ര ഒരുക്കിയും കോവിഡ്‌ മഹാമാരിയിലും മറ്റവസരങ്ങളിലും തണലായവരാണ്‌ ആംബുലൻസ്‌ സർവീസും തുടങ്ങിയത്‌. സന്നദ്ധ സേവന രംഗത്ത് സജീവമായി ഇടപെടുന്ന യുവധാര പ്രവാസി കൂട്ടായ്മ കൈമാറിയ ആംബുലൻസാണ്‌ ഡിവൈഎഫ്‌ഐ നേതൃത്വത്തിൽ സർവീസ്‌ നടത്തുക. ജില്ലയിലെ അഞ്ച് ആശുപത്രികളിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വിതരണംചെയ്ത് വരുന്ന ‘ഹൃദയപൂർവം' പൊതിച്ചോറ് വിതരണം, രക്ത ബാങ്കുകൾ കേന്ദ്രീകരിച്ച് തുടർച്ചയായ രക്തദാന ക്യാമ്പുകൾ തുടങ്ങിയ ഡിവൈഎഫ്‌ഐയുടെ പ്രവർത്തനങ്ങൾക്ക് വലിയ ജനപിന്തുണയാണ് ലഭിക്കുന്നത്. അഖിലേന്ത്യ പ്രസിഡന്റ്‌ എ എ റഹീം എംപി ആംബുലൻസ്‌ ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌തു. പുതുപ്പള്ളി ഉപതെരെഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് ഒരു രാഷ്ട്രീയ തിരിച്ചടിയും ഉണ്ടായിട്ടില്ലെന്നും പരമ്പരാഗത വോട്ടുകളെല്ലാം മുന്നണിക്ക് തന്നെ കിട്ടിയതായും റഹിം പറഞ്ഞു. മഹേഷ്‌ ഇട്ടമ്മലിൽനിന്ന് താക്കോൽ ഏറ്റുവാങ്ങി. വിപിൻ ബല്ലത്ത് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട്, സംസ്ഥാന കമ്മിറ്റി അംഗം കെ സബീഷ്, നഗരസഭ ചെയർമാൻ കെ വി സുജാത, പി കെ നിഷാന്ത്, അനീഷ് കുറുമ്പാലം എന്നിവർ സംസാരിച്ചു. വി ഗിനീഷ് സ്വാഗതം പറഞ്ഞു.

No comments