മുൻ ഇന്ത്യൻ ഫുട്‌ബോൾ ക്യാപ്റ്റൻ ബൈച്ചുങ് ബൂട്ടിയ ജില്ലയിൽ
കാസർകോട് : കളിക്കുമ്പോൾ പരിക്കേറ്റ് ചികിത്സ നേടി കളിക്കളത്തിലേക്ക് തിരിച്ചുവന്നവരുടെയും സ്‌പോർട്‌സ് മെഡിസിനിലെ ഡോക്ടർമാരുടെയും ഫുട്ബോൾ മത്സരത്തിൽ മുഖ്യാതിഥിയായി മുൻ ഇന്ത്യൻ ഫുട്‌ബോൾ ക്യാപ്റ്റൻ ബൈച്ചുങ് ബൂട്ടിയ. നായന്മാർമൂലയിലെ ഹിൽ ടോപ്പ് അരീന ടർഫിൽ നടന്ന മത്സരത്തിലാണ് ബൂട്ടിയ എത്തിയത്.
ഹോട്ടൽ ബേക്കൽ ലളിതിൽ ഹെൽത്തിയം മെഡ്‌ടെക്ക് സംഘടിപ്പിച്ച ‘സ്‌പോർട്‌സ് ഫോർ ലൈഫ്' എന്ന വൈദ്യശാസ്ത്ര സമ്മേളത്തിന്റെ ഭാഗമായായിരുന്നു മത്സരം. കളിക്കുമ്പോൾ പരിക്കേറ്റ് ശസ്ത്രക്രിയക്ക് വിധേയരായ കളിക്കാർ അണിനിരന്ന കിംസ് ടീം, ലക്കി സ്റ്റാർസ് എന്ന ഫുട്ബോൾ ടീമിനോട് മാറ്റുരച്ചു.
പരിക്കേറ്റ കായികതാരങ്ങളെ സഹായിക്കുന്ന സാങ്കേതിക വിദ്യകളും ചികിത്സാ സൗകര്യങ്ങളും എല്ലാ താരങ്ങൾക്കും ലഭ്യമാവുന്ന രീതിയിൽ സാർവത്രികമാകണമെന്ന് ബൂട്ടിയ പറഞ്ഞു. കാൽമുട്ടിലെ പരിക്കും ശസ്ത്രക്രിയയും സംബന്ധിച്ച് സ്വന്തം അനുഭവവും അദ്ദേഹം പങ്കുവെച്ചു. കൊച്ചി ലൂർദ് ആശുപത്രിയിലെ അഡൾട്ട് റീകൺസ്ട്രക്ഷൻ ആൻഡ് സ്‌പോർട്‌സ് മെഡിസിൻ കോഴ്‌സ് ഡയറക്ടർ ഡോ. ജോൺ തയ്യിൽ ജോണും കളിക്കാനെത്തി. കിംസ് ടീമിലെ കളിക്കാരിൽ ഭൂരിഭാഗവും കാൽ മുട്ട് ശസ്ത്രക്രിയക്ക് വിധേയരായവരാണ്. ഹോട്ടൽ ലളിതിൽ നടന്ന ശാസ്ത്ര സെഷനുകളിൽ ഡോ.ജോൺ ടി ജോൺ, ഡോ. സി കെ ശ്രീഹരി, ഡോ. എം ജ്യോതിപ്രശാന്ത്, ഡോ. പ്രസാദ് എം മേനോൻ, ഡോ. കെ പി ഷാനവാസ്, ഡോ.രഞ്ജിത് ജെ മാത്യു എന്നിവർ വിഷയം അവതരിപ്പിച്ചു.
No comments