മലയോരത്തെ കർണാടകത്തിൽ നിന്ന് ഡീസൽകടത്ത് വ്യാപകം പാണത്തൂർ അതിർത്തി മേഖലകളിലെ പമ്പുകൾ നിലനിൽപ്പ് ഭീഷണിയിൽ
പാണത്തൂർ : കർണാടകത്തിൽനിന്ന് ഡീസൽ കടത്തുന്ന സംഘം ജില്ലയിൽ വീണ്ടും സജീവം. ചെറുപനത്തടിയിൽനിന്ന് ഡീസൽ കടത്തുന്ന വാഹനം ഇന്റലിജൻസ് പിടികൂടിയ സാഹചര്യത്തിൽ ഒതുങ്ങിയസംഘമാണ് വീണ്ടും സജീവമായത്. വ്യാഴാഴ്ച നടന്ന റെയ്ഡിനുശേഷം ഓട്ടം നിർത്തിയ ബൗസറുകൾ തിങ്കളാഴ്ചയോടെ വീണ്ടും സജീവമായി.
വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ 20 ശതമാനം ഡീസൽ അധികമായി പമ്പുകൾ വിറ്റിരുന്നു. മൂവായിരം ലിറ്റർ ഡീസൽ വിൽക്കുന്ന മലയോരത്തെ പത്ത് പമ്പുകൾ ചേർന്ന് 6000 ലിറ്ററോളം അധികം വിൽക്കാനായി. എന്നാൽ തിങ്കളാഴ്ച മുതൽ പഴയതുപോലെയായി. 6000ലിറ്റർ ഡീസൽ 5,87,040 രൂപയ്ക്ക് വിൽക്കുമ്പോൾ 22.73 ശതമാനം നികുതിയായി 1,33,375.5 രൂപ സർക്കാർ ഖജനാവിലേക്കെത്തും.
വൻകിടക്വാറികളും ബസ്സുകാരുമാണ് ബൗസറുകളെ ആശ്രയിക്കുന്നത്. 12 ബൗസറുകൾ ജില്ലയിലേക്ക് അനധികൃതമായി ഡീസൽ എത്തിക്കുന്നുണ്ട്. ഇവ സംസ്ഥാന സർക്കാരിനുണ്ടാക്കുന്ന നഷ്ടം കോടികളാണ്.
ചെറുപനത്തടിയിൽ കാഞ്ഞങ്ങാട് ഇന്റലിജൻസ് ഓഫീസർ പി വി രത്നാകരന്റെ നേതൃത്വത്തിൽ പിടികൂടിയ 5500 ലിറ്റർ ശേഷിയുള്ള ബൗസറിന് 5.67 ലക്ഷമാണ് പിഴ ഈടാക്കിയത്.
പമ്പ് സംവിധാനമുള്ള വാഹനം തങ്ങൾ പറയുന്ന സ്ഥലത്തേക്ക് ഡീസലുമായെത്തുന്നതാണ് പലരും ഇവരെ ആശ്രയിക്കാൻ പ്രേരിപ്പിക്കുന്നത്.
ജില്ലയിലെ 77ഓളം പമ്പുകളുടെ നിലനിൽപ്പിനെപോലും ബൗസറുകൾ ബാധിക്കുന്നുണ്ട്. ബൗസറുകൾക്ക് സമാന്തരമായി പഴഞ്ചൻ വാഹനങ്ങളിലും കാനുകളിലായി ഡീസൽ കടത്തുന്നുണ്ട്. പഴയ ജീപ്പുകളിൽ കാനുകളിൽ നിറച്ചാണ് മലയോരത്തേക്ക് ഡീസലെത്തിക്കുന്നത്. ഇവയെ പിടികൂടാൻ പരിശോധന ശക്തമാക്കണമെന്ന ആവശ്യവും ശക്തമാണ്.
No comments