കുട്ടികളുടെ പ്രശ്നങ്ങൾക്കുള്ള പരിഹാരം കുടുംബത്തിൽ നിന്നാരംഭിക്കണം - ബാലാവകാശ കമ്മീഷന്‍ ചെയര്‍മാൻ
കുട്ടികളും വ്യക്തികളാണെന്നും അവരുടെ ആത്മാഭിമാനത്തിന് കോട്ടം തട്ടാതെ ചേര്‍ത്തുപിടിച്ച് മുന്നോട്ട് പോകാന്‍ നമുക്ക് സാധിക്കണമെന്നും ബാലാവകാശ കമ്മീഷന്‍ ചെയര്‍മാൻ കെ.വി.മനോജ് കുമാര്‍ പറഞ്ഞു. ആര്‍.ടി.ഇ, പോക്സോ, ജുവനൈല്‍ ജസ്റ്റിസ് കര്‍ത്തവ്യവാഹകരുടെ അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളുടെ പ്രശ്നങ്ങള്‍ തീര്‍ക്കാനുള്ള ഇടപെടലുകള്‍ കുടുംബങ്ങളില്‍ നിന്ന് ആരംഭിക്കുകയാണ് ബാലാവകാശകമ്മീഷന്‍. രക്ഷിതാക്കളെ നല്ല പാരന്റിങ് പഠിപ്പിക്കാനായി 'ഡെമോക്രാറ്റിക് പാരന്റിങ് ' കുടുംബശ്രീ വഴി പദ്ധതി ആസൂത്രണം ചെയ്യും. സന്തോഷവാന്മാരായ കുട്ടികള്‍ക്ക് മാത്രമേ മികച്ച പൗരന്‍മാരായി വളരാന്‍ കഴിയൂവെന്നും നല്ല നാളേക്കായി അധ്യാപകരും രക്ഷിതാക്കളും പൊതു സമൂഹവും വലിയ ഇടപെടല്‍ നടത്തേണ്ടതുണ്ടെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.
വികസിത രാഷ്ട്രങ്ങളിൽ കുട്ടികളെ തല്ലി പഠിപ്പിക്കാറില്ലെന്നും കാലാനുസൃതമായ മാറ്റം നമ്മുടെ സമൂഹത്തിനും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂളുകളില്‍ കുട്ടികളുടെ ബാഗുകള്‍ അവരുടെ അന്തസ്സിനും അഭിമാനത്തിനും ക്ഷതമേല്‍ക്കാതെ വേണം പരിശോധിക്കാനെന്നും കുട്ടികളുടെ അവകാശങ്ങള്‍ സംബന്ധിച്ച പ്രശ്നങ്ങളില്‍ സമയബന്ധിതമായികമ്മീഷന്‍ ഇടപെടുമെന്നും ബാലാവകാശ കമ്മീഷന്‍ ചെയര്‍മാൻ പറഞ്ഞു.
രണ്ട് സെഷനുകളിലായി നടന്ന യോഗത്തില്‍ വിവിധ വകുപ്പുകളില്‍ നിന്നായി 60 ഓളം ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ചെയ്തു. ജില്ലയിലെ വിവിധ മേഖലകളില്‍ കുട്ടികള്‍ നേരിടുന്ന വെല്ലുവിളികളും പരിഹാരങ്ങളും നിര്‍ദേശങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്തു.
യോഗത്തില്‍ ബാലാവകാശ കമ്മീഷന്‍ ചെയര്‍മാൻ കെ.വി.മനോജ്കുമാര്‍ അധ്യക്ഷനായി. എ.ഡി.എം കെ.നവീന്‍ബാബു മുഖ്യാതിഥിയായി. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഷൈനി ഐസക് സ്വാഗതം പറഞ്ഞു. സി.ഡബ്ല്യു.സി ചെയര്‍മാന്‍ മോഹന്‍കുമാര്‍ സംസാരിച്ചു. ആര്‍.ടി.ഇ, പോക്സോ, ജുവനൈല്‍ ജസ്റ്റിസ് കര്‍ത്തവ്യവാഹകരായ വിവിധ വകുപ്പ് പ്രതിനിധികള്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
No comments