Breaking News

സ്വര്‍ണ്ണക്കടത്ത് കേസില്‍ യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്ന് സ്വപ്ന സുരേഷ്



കൊച്ചി | സ്വര്‍ണ്ണക്കടത്ത് കേസില്‍ യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്ന് സ്വപ്ന സുരേഷ് കസ്റ്റംസിന് മൊഴി നല്‍കി. നയതന്ത്ര ബാഗില്‍ സ്വര്‍ണ്ണം കടത്തിയത് അറ്റാഷയുടെ സഹായത്തോടെയാണെന്നും ഒരു കിലോ സ്വര്‍ണം കടത്താന്‍ അറ്റാഷക്ക് 1000 ഡോളര്‍ വീതം നല്‍കിയെന്നും സ്വപ്‌ന സുരേഷ് മൊഴി നല്‍കി.

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് സ്വര്‍ണ്ണക്കടത്തില്‍ പങ്കില്ല. ശിവശങ്കറുമായി തനിക്ക് സൗഹൃദം മാത്രമാണുള്ളതെന്നും സ്വപ്ന മൊഴി നല്‍കിയിട്ടുണ്ട്. നയതന്ത്ര ബാഗ് വിട്ടുകിട്ടാന്‍ താന്‍ ഇടപെട്ടത് അറ്റാഷയുടെ നിര്‍ദേശപ്രകാരമാണെന്ന് ഹൈക്കോടതില്‍ നല്‍കിയ ജാമ്യ ഹരജിയിലും സ്വപ്‌ന സുരേഷ് വ്യക്തമാക്കിയിരുന്നു. സ്വര്‍ണക്കടത്തിന് അറ്റാഷക്ക് പ്രതിഫലം നല്‍കിയിരുന്നതായി മറ്റ് രണ്ട് പ്രതികളായ സന്ദീപും റമീസും കസ്റ്റംസിന് മൊഴി നല്‍കിയിരുന്നു.


അറ്റാഷയുടെ സഹായത്തോടെ 2019 ജൂലൈ മുതല്‍ ജൂണ്‍ 30 വരെ 18 തവണ സ്വര്‍ണം കടത്തിയതായും സ്വപ്ന മൊഴി നല്‍കിയിട്ടുണ്ട്.

അതേസമയം, സ്വര്‍ണം കടത്തിയ കേസുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച കൊച്ചി എന്‍ഐഎ ഓഫീസില്‍ ചോദ്യം ചെയ്യലിന് എത്താനിരിക്കെ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമം തുടങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്.

No comments