Breaking News

ഗതാഗത നിയമ ലംഘനം; വഴിയിൽ തടയില്ല, പിഴ വീട്ടിലെത്തും


ഗതാഗതനിയമങ്ങൾ ലംഘിക്കുന്നവർ സൂക്ഷിക്കുക. പിഴയുടെ 'പെരുമഴ'ക്കാലം തുടങ്ങി. പോലീസിന്റെയും മോട്ടോർവാഹന വകുപ്പിന്റെയും വാഹനപരിശോധന ഓൺലൈനായതോടെ നിയമം ലംഘിച്ചാൽ എപ്പോൾ വേണമെങ്കിലും പിടിക്കപ്പെടാം. പിഴയടയ്ക്കാനുള്ള സന്ദേശം മൊബൈൽഫോണിൽ വരുമ്പോൾ മാത്രമാകും കുടുങ്ങിയ കാര്യം തിരിച്ചറിയുക.

ഗതാഗത നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കാനുള്ള ഇ-ചെലാൻ സംവിധാനം വ്യാപകമായതോടെയാണ് ഈ മാറ്റം. റോഡ് വക്കിൽ ഒളിഞ്ഞിരുന്ന് മുന്നിലേക്ക് ചാടിവീണ് പിടികൂടുന്ന പഴയ ശൈലിക്കുപകരം സ്മാർട്ട് ഫോണിൽ കുറ്റകൃത്യങ്ങൾ പകർത്തി ഓൺലൈൻ ചെക്ക് റിപ്പോർട്ട് നൽകുകയാണ്.

അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ മുതൽ മുകളിലോട്ടുള്ള 900 എൻഫോഴ്സ്മെൻ് ഓഫീസർമാരുടെയും മൊബൈൽഫോണുകളിൽ ഇ-ചെലാൻ പ്രവർത്തിക്കും. യൂണിഫോമിട്ട് ഡ്യൂട്ടിയിൽ നിൽക്കുമ്പോൾ മാത്രമല്ല, ഗതാഗത നിയമലംഘനങ്ങൾ എവിടെവെച്ച് കണ്ണിൽപ്പെട്ടാലും പിഴചുമത്താം. മൊബൈൽഫോണിൽ ചിത്രമെടുത്താൽ മതി. പരിവാഹൻ വെബ്സൈറ്റുമായി ചേർന്നാണ് ഇത് പ്രവർത്തിക്കുന്നത്.

പിഴചുമത്തിയ കാര്യം അറിയിച്ചുകൊണ്ട് വാഹന ഉടമയുടെ മൊബൈൽഫോണിലേക്ക് എസ്.എം.എസ്. എത്തും. ഹെൽമെറ്റ്, സീറ്റ് ബെൽറ്റ് എന്നിവ ഉപയോഗിക്കാതിരിക്കുക, നോ പാർക്കിങ്, വാഹനങ്ങളുടെ രൂപമാറ്റം, നമ്പർ ബോർഡിലെ ക്രമക്കേടുകൾ എന്നിവയെല്ലാം പിഴനോട്ടീസായി മാറും. പിഴയടയ്ക്കാൻ 30 ദിവസം ലഭിക്കും. ഓൺലൈനിലും പിഴയടയ്ക്കാം. ഇല്ലെങ്കിൽ ഓൺലൈനായി കോടതിയിൽ കേസെത്തും

No comments