Breaking News

വോഡഫോൺ-ഐഡിയ ഇനി പുതിയ പേരിൽ; ‘വി’ ബ്രാൻഡിന്റെ താരിഫ് പാക്കുകൾ പുറത്ത്

                                    

രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികളായ വോഡഫോണും ഐഡിയയും ചേർന്നുള്ള കമ്പനിയുടെ പേര് മാറ്റി. ഇരു കമ്പനികളുടെയും ആദ്യാക്ഷരങ്ങൾ ചേർത്ത് വി (Vi) എന്നാവും പുതിയ കമ്പനി അറിയപ്പെടുക. ലയനത്തിനു രണ്ട് വർഷങ്ങൾക്ക് ശേഷമാണ് കമ്പനിയുടെ പേരു മാറ്റി ഒരു ബ്രാൻഡ് ആയി അവതരിപ്പിക്കുന്നത്. വിർച്വൽ കോൺഫറൻസിലൂടെ വോഡഫോൺ ഐഡിയ എംഡിയും സിഇഒയുമായ രവീന്ദർ താക്കറാണ് ഇക്കാര്യം അറിയിച്ചത്. കമ്പനിയുടെ താരിഫ് നിരക്കുകൾ പ്രഖ്യാപിച്ചു എന്നും സൂചനയുണ്ട്.

2018 ഓഗസ്റ്റിലാണ് ഇരു കമ്പനികളും തമ്മിൽ ലയിച്ചത്. ജിയോയുടെ കടുത്ത ഭീഷണി മറികടക്കാനായിരുന്നു ലയനം. ടെലികോം മേഖലയിൽ കുത്തകയായി ജിയോ എത്തിയതോടെ ഇരു കമ്പനികൾക്കും കനത്ത നഷ്ടമുണ്ടായിരുന്നു. ഉപഭോക്താക്കളുടെ കൊഴിഞ്ഞു പോക്ക് ഇരു കമ്പനികൾക്കും കോടികളുടെ ബാധ്യത ഉണ്ടാക്കി. യനനത്തോടെ 40 കോടി ഉപഭോക്താക്കളുള്ള കമ്പനി ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായിരുന്നു. വോഡഫോണിന് 45. 1 ശതമാനം ഓഹരികളും ഐഡിയയ്ക്ക് 26 ശതമാനം ഓഹരികളുമാണ് കമ്പനിയിലുള്ളത്.

അതേ സമയം, പുതിയ കമ്പനിയുടെ താരിഫ് നിരക്കുകൾ പ്രഖ്യാപിച്ചു എന്നും സൂചനയുണ്ട്. 219 രൂപക്ക് 28 ദിവസത്തേക്ക് ദിവസേന ഒരു ജിബി ഡേറ്റയും പരിധില്ലാത്ത കോളുകളും നൽകുന്നതാണ് ബേസ് പാക്ക്. 249 രൂപക്ക് ദിവസേന 1.5 ജിബി വീതം ലഭിക്കും. 299 രൂപക്ക് പകലും രാത്രിയുമായി 2+2 ജിബി ഡേറ്റ ലഭിക്കും. ഇതിലും 28 ദിവസത്തെ കാലാവധിയുണ്ട്. 149 രൂപക്ക് 28 ദിവസത്തെ കാലാവധിയിൽ ആകെ 2 ജിബി ഡേറ്റയും പരിധിയില്ലാത്ത കോളുകളും ലഭിക്കും

No comments