Breaking News

നീറ്റ് പരീക്ഷ; മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

                                            
മെഡിക്കല്‍, ദന്തല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് പരീക്ഷ സെപ്തംബര്‍ 13 ന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ പുറപ്പെടുവിച്ചു.

*പരീക്ഷാ കേന്ദ്രം നടത്തിപ്പുകാര്‍ക്കുള്ള നിര്‍ദേശങ്ങള്‍*

പരീക്ഷാ ഡ്യൂട്ടിയിലുള്ള എല്ലാ ഉദ്യോഗസ്ഥരും ഗേറ്റിലെ സെക്യൂരിറ്റി ഗാര്‍ഡുകളും ഗ്ലൗസും മാസ്‌കും നിര്‍ബന്ധമായും ധരിക്കണം. പരീക്ഷയ്‌ക്കെത്തുന്ന വിദ്യാര്‍ഥികളില്‍ ഗ്ലൗസും മാസ്‌കും ധരിക്കാതെ എത്തുന്നവര്‍ക്ക് അവ നല്‍കാന്‍ പരീക്ഷാ കേന്ദ്രം അധികൃതര്‍ നടപടി സ്വീകരിക്കണം. പരീക്ഷാ കേന്ദ്രങ്ങളുടെ പ്രവേശന കവാടത്തിലും കേന്ദ്രത്തിനകത്തും പരീക്ഷാര്‍ത്ഥികള്‍ക്ക് ഹാന്‍ഡ് സാനിറ്റൈസര്‍ ലഭ്യമാക്കണം. പരീക്ഷാ കേന്ദ്രത്തിലെ ഡെസ്‌ക്ക്/ടേബിള്‍, വാതില്‍ പിടികള്‍ തുടങ്ങിയവ അണുവിമുക്തമാക്കണം. പരീക്ഷാ കേന്ദ്രങ്ങളുടെ ഉള്‍വശം ഒരു ശതമാനം സോഡിയം ഹൈപ്പോക്ലോറൈഡ് അണുനാശിനി ദ്രാവകം തളിച്ച് അണുനശീകരണം നടത്തണം. പരീക്ഷാ കേന്ദ്രങ്ങളിലെ ശുചിമുറികള്‍ വൃത്തിയുള്ളതാക്കി ലിക്വിഡ് ഹാന്‍ഡ് വാഷ്, താപനില പരിശോധനയ്ക്ക് ഹാന്‍ഡ് ഹെല്‍ഡ് തെര്‍മോ മീറ്ററുകള്‍ എന്നിവ സജ്ജമാക്കണം.
കുടിവെള്ളം കൊണ്ടുവരാത്തവര്‍ക്ക് പ്രത്യേക വാട്ടര്‍ ബോട്ടിലുകളില്‍/ഡിസ്‌പോസിബിള്‍ പേപ്പര്‍ ഗ്ലാസില്‍ കുടിവെള്ളം നല്‍കണം. പരീക്ഷാ കേന്ദ്രങ്ങള്‍ക്ക് പുറത്ത് കുറഞ്ഞത് രണ്ട് മീറ്റര്‍ ശാരീരിക അകലം പാലിക്കത്തക്ക രീതിയില്‍ രക്ഷിതാക്കള്‍ക്ക് ഇരിപ്പിടം വേണം. വിദ്യാര്‍ഥികള്‍ മാസ്‌ക്, ഗ്ലൗസ് എന്നിവ ധരിച്ചിട്ടുണ്ടെന്ന് പരിശോധിക്കണം. ശാരീരിക അകലം പാലിക്കുന്നത് ഉറപ്പുവരുത്തുന്നതിന് സന്നദ്ധ സേവകരെ നിയോഗിക്കണം. തിരക്ക് നിയന്ത്രിക്കുന്നതിനായി മെഗഫോണ്‍/അനൗണ്‍സ്‌മെന്റ് സംവിധാനം വേണം.
പരീക്ഷാകേന്ദ്രത്തില്‍ നിന്നും പുറത്തുവരുന്ന വിദ്യാര്‍ഥികളുടെ മാസ്‌കും ഗ്ലൗസും ഇടുന്നതിന് പ്രത്യേക ബിന്നുകള്‍ തയ്യാറാക്കണം. പരീക്ഷയ്ക്ക് ശേഷം അവ കൃത്യമായി അണുവിമുക്തമാക്കി നശിപ്പിക്കണം. പരീക്ഷാ കേന്ദ്രത്തിലെ ഓരോ മുറികളിലുമുള്ള വിദ്യാര്‍ഥികളുടെ പേരും ഫോണ്‍ നമ്പരും അതത് മുറികളിലെ ഇന്‍വിജിലേറ്റര്‍മാരുടെ പേരും ഫോണ്‍ നമ്പരും ഉള്‍പ്പെടുന്ന വിവരങ്ങള്‍ പരീക്ഷ കഴിഞ്ഞ് അന്നുതന്നെ തൊട്ടടുത്ത പൊലീസ് സ്റ്റേഷനില്‍ കൈമാറണം.
പരീക്ഷ കഴിയുമ്പോള്‍ പരീക്ഷാ കേന്ദ്രത്തിലെ ആദ്യത്തെ ഹാളില്‍ നിന്നും വിദ്യാര്‍ഥികളെ പുറത്തേക്ക് പോകാന്‍ അനുവദിക്കണം. 10 മിനിറ്റിന് ശേഷം മാത്രമേ അടുത്ത ഹാളില്‍ നിന്നും വിദ്യാര്‍ഥികളെ പോകാന്‍ അനുവദിക്കാവൂ. ഇങ്ങനെ ക്രമാനുഗതമായി മാത്രമേ വിദ്യാര്‍ഥികളെ പരീക്ഷാ കേന്ദ്രത്തില്‍ നിന്നും പുറത്ത് കടക്കാന്‍ അനുവദിക്കാവൂ എന്നും നിര്‍ദേശത്തില്‍ പറഞ്ഞിട്ടുണ്ട്.
പരീക്ഷാര്‍ഥികള്‍ക്കായുള്ള പൊതുനിര്‍ദേശങ്ങള്
പരീക്ഷയ്‌ക്കെത്തുന്ന വിദ്യാര്‍ഥികള്‍ ശാരീരിക അകലം പാലിക്കല്‍, മാസ്‌ക്, ഗ്ലൗസ് തുടങ്ങി എല്ലാവിധത്തിലുമുള്ള കോവിഡ് പ്രോട്ടോകോളും പാലിക്കണം. പരീക്ഷാ ഹാളില്‍ ഹാജരാകാന്‍ ഹാള്‍ ടിക്കറ്റില്‍ പറഞ്ഞിരിക്കുന്ന സമയക്രമം പരീക്ഷാര്‍ഥികള്‍ കൃത്യമായി പാലിക്കണം. അംഗപരിമിതരായ പരീക്ഷാര്‍ഥികളെ സഹായിക്കുന്ന സ്‌ക്രൈബുകളും മാസ്‌ക്, ഗ്ലൗസ്, സാനിറ്റൈസര്‍ എന്നിവ ഉപയോഗിച്ചുള്ള കോവിഡ് പ്രോട്ടോകോളുകള്‍ പാലിക്കണം. പരീക്ഷാ കേന്ദ്രത്തിന്റെ കവാടത്തില്‍ ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ വിദ്യാര്‍ഥികള്‍ ഹാള്‍ടിക്കറ്റില്‍ പറഞ്ഞിരിക്കുന്ന സമയക്രമം കൃത്യമായി പാലിക്കണം. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി പുറത്തിറക്കിയ അഡൈ്വസറിയിലെ നിര്‍ദേശങ്ങള്‍ കര്‍ശനമായും പാലിക്കണം

No comments