Breaking News

ആദായ നികതി റിട്ടേൺ: സംശയങ്ങളും മറുപടിയും

കോവിഡിന്റേയും ലോക്ഡൗണിന്റേയും പശ്ചാത്തലത്തിൽ നികുതിദായകർക്ക് ആശ്വാസമെന്ന നിലയിൽ 2019-20 സാമ്പത്തിക വർഷത്തിലെ റിട്ടേൺ ഫയൽ ചെയ്യാനും നികുതിയിളവ് നിക്ഷേപങ്ങൾ നടത്താനും നികുതിയടയ്ക്കാനുമുള്ള സമയം നീട്ടിനൽകിയിരിക്കുകയാണ്. ഓരോ വർഷവും നിശ്ചിത തുകയിൽ (2.50 ലക്ഷം രൂപ) കൂടുതൽ വരുമാനം നേടുന്നവർ ആദായ നികുതി റിട്ടേൺ സമർപ്പിക്കണമെന്നാണ് നിയമം.

ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള പുതുക്കിയ തീയതി എന്നുവരെയാണ്.

2019-20 വർഷത്തെ (അസസ്മെന്റ് വർഷം 2020-21) ആദായ നികുതി റിട്ടേൺ പിഴയില്ലാതെ നവംബർ 30 വരെ ഫയൽ ചെയ്യാം. സാധാരണഗതിയിൽ സാമ്പത്തികവർഷം കഴിഞ്ഞു വരുന്ന ജൂലായ് 31/ ഓഗസ്റ്റ് 31 വരെയാണ് റിട്ടേൺ സമർപ്പിക്കാൻ അനുവദിച്ചിരുന്ന സമയം.

2018-19 സാമ്പത്തിക വർഷത്തെ റിട്ടേൺ പിഴയോടുകൂടി സെപ്റ്റംബർ 30 വരെ അടയ്ക്കാനും സമയം നീട്ടി നൽകിയിട്ടുണ്ട്.

2019-20 വർഷത്തിൽ ആരൊക്കെയാണ് നികുതി റിട്ടേൺ ഫയൽ ചെയ്യേണ്ടത്.

2019-20-ൽ ഒരു വ്യക്തിയുടെ നികുതി അടയ്ക്കേണ്ട വരുമാനം അടിസ്ഥാന ഇളവിനു മുകളിൽ ആണെങ്കിൽ റിട്ടേൺ ഫയൽ ചെയ്യണം. 60 മുതൽ 80 വയസ്സ് വരെയുള്ള മുതിർന്ന പൗരന്മാർക്ക് മൂന്നു ലക്ഷം രൂപയും 80 വയസ്സിനു മുകളിലുള്ളവർക്ക് അഞ്ചു ലക്ഷം രൂപയുമാണ് അടിസ്ഥാന ഇളവ്. മറ്റുള്ളവർക്ക് 2.50 ലക്ഷം രൂപയാണ് അടിസ്ഥാന ഇളവ്.


വരുമാനം എത്രയാണെങ്കിലും റീഫണ്ട് ക്ലെയിം ചെയ്യണമെങ്കിൽ റിട്ടേൺ സമർപ്പിച്ചിരിക്കണം.

2019-20 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിൽ താമസക്കാരനാണെങ്കിലും വിദേശ ആസ്തി കൈവശം വയ്ക്കുന്നവർ റിട്ടേൺ ഫയൽ ചെയ്യണം. വിദേശ ആസ്തി എന്താണെന്ന് റിട്ടേണിൽ പ്രത്യേകം രേഖപ്പെടുത്തുകയും ചെയ്യണം. വിദേശ ബാങ്ക് അക്കൗണ്ട്, വിദേശത്ത് വീട്, സ്ഥലം, ധനകാര്യ ആസ്തികൾ, ഒപ്പിടാനുള്ള അധികാരം തുടങ്ങിയവയെ വിദേശ ആസ്തിയായാണ് കണക്കാക്കുന്നത്.

സാമ്പത്തിക വർഷം ഒരു ലക്ഷം രൂപയിൽ കൂടുതൽ വൈദ്യുതി ബിൽ അടച്ചിട്ടുള്ളവർ.

ഒന്നോ അതിലധികമോയുള്ള കറന്റ് അക്കൗണ്ടിൽ ഒരു കോടി രൂപയിലേറെ ഡെപ്പോസിറ്റ് നടത്തിയിട്ടുള്ളവർ.


സ്വന്തമായോ മറ്റുള്ളവരുടെയോ വിദേശയാത്രയ്ക്കായി രണ്ടു ലക്ഷം രൂപയിൽ കൂടുതൽ തുക ചെലവഴിച്ചിട്ടുള്ളവർ.

ഈ വിഭാഗത്തിൽ ഉൾപ്പെടാത്തവർ റിട്ടേൺ സമർപ്പിക്കേണ്ടതുണ്ടോ.

ആവശ്യമില്ല. എന്നാൽ ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതുകൊണ്ട് ചില പ്രയോജനങ്ങളുണ്ട്. വിസ അപേക്ഷ, ബാങ്ക് വായ്പ തുടങ്ങിയവയ്ക്കൊക്കെ റിട്ടേൺ സമർപ്പിച്ചതിന്റെ രേഖകൾ ചോദിക്കാറുണ്ട്.


ആദായ നികുതി സമർപ്പിക്കാൻ പ്രത്യേക ഫോമുകളുണ്ടോ.

ഉണ്ട്. ഓരോ വർഷവും നിയമത്തിൽ വരുന്ന മാറ്റമനുസരിച്ച് സാമ്പത്തിക വർഷം പൂർത്തിയായതിനുശേഷം ആദായ നികുതി വകുപ്പ് റിട്ടേൺ സമർപ്പിക്കാനുള്ള ഫോമുകൾ പുറത്തുവിടുന്നു. വരുമാനത്തിന്റെ വിശദാംശങ്ങൾ മാത്രമല്ല, കാലാകാലങ്ങളിൽ നിർദേശിച്ചിട്ടുള്ള വിവിധ വെളിപ്പെടുത്തലുകളും നികുതികളും കണക്കിലെടുത്താണ് ആദായനികുതി വകുപ്പ് ഫോം തയ്യാറാക്കുന്നത്. അതിൽനിന്ന് ഉചിതമായ ഫോം തിരഞ്ഞെടുത്താണ് നികുതിദായകർ റിട്ടേൺ സമർപ്പിക്കേണ്ടത്.

വ്യക്തിഗത നികുതിദായകരെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട റിട്ടേൺ ഫോമുകൾ ഏതൊക്കെയാണ്.

ഓരോ വർഷവും നിയമത്തിൽ വരുന്ന മാറ്റമനുസരിച്ച് ആദായ നികുതി വകുപ്പ് ഏഴ് റിട്ടേൺ ഫോമുകളാണ് ലഭ്യമാക്കിയിട്ടുള്ളത്. ഐ.ടി.ആർ -1 മുതൽ 7 വരെയാണ് ഈ ഫോമുകൾ.ഇതിൽ ഒന്നു മുതൽ നാലു വരെയുള്ള ഫോമുകളാണ് വ്യക്തികളെ സംബന്ധിച്ചിടത്തോളം പ്രസക്തമായിട്ടുള്ളത്.

ഐ.ടി.ആർ -1: ഇന്ത്യയിലെ സ്ഥിരതാമസക്കാരായ വ്യക്തികൾ; അമ്പതു ലക്ഷം രൂപ വരെ മൊത്തം വരുമാനം; ശമ്പളം, ഒരു വീട്, മറ്റ് സ്രോതസ്സുകളിൽ നിന്നുള്ള വരുമാനം (പലിശ തുടങ്ങിയവ); 5,000 രൂപ വരെ കാർഷിക വരുമാനം തുടങ്ങിയവ ഉള്ളവർക്കാണ് ഈ ഫോം ഉപയോഗിക്കാവുന്നത്.


ഐ.ടി.ആർ-2: പ്രവാസികൾ, സാധാരണ താമസക്കാർ അല്ലാത്തവർ; ഹിന്ദു അവിഭക്ത കുടുംബം; മൊത്തം വരുമാനം 50 ലക്ഷത്തിൽ കൂടുതലുള്ളവർ; കമ്പനി ഡയറക്ടർമാർ; ലിസ്റ്റുചെയ്യാത്ത ഇക്വിറ്റി ഷെയറുകളിൽ നിക്ഷേപം നടത്തിയിട്ടുള്ളവർ; ശമ്പളം, ഒന്നിൽ കൂടുതൽ വീടിന്റെ സ്വത്ത്, മൂലധന നേട്ടം, മറ്റ് ഉറവിടങ്ങളിൽ നിന്നുള്ള വരുമാനം തുടങ്ങിയവ ഉള്ളവർ; ഇന്ത്യയ്ക്ക് പുറത്തുള്ള സ്രോതസ്സുകളിൽ നിന്ന് വരുമാനം നേടുകയും ഇന്ത്യയ്ക്ക് പുറത്തുള്ള ആസ്തികൾ കൈവശം വയ്ക്കുകയും ചെയ്യുന്നവർ.

ഐ.ടി.ആർ-3: ബിസിനസ് വരുമാനം, പ്രൊഫഷണൽ വരുമാനം തുടങ്ങിയവ ഉള്ള വ്യക്തികൾ / ഹിന്ദു അവിഭക്ത കുടുംബങ്ങൾ; ഒരു സ്ഥാപനത്തിൽ പങ്കാളിത്തം ഉള്ളവർ.

ഐ.ടി.ആർ-4: ബിസിനസ്, പ്രൊഫഷൻ തുടങ്ങിയവയിൽനിന്ന് വരുമാനം അനുമാനാടിസ്ഥാനത്തിൽ കണക്കാക്കുന്ന, ഇന്ത്യയിൽ താമസിക്കുന്ന വ്യക്തികൾ / ഹിന്ദു അവിഭക്ത കുടുംബങ്ങൾ/ എൽ.എൽ.പി. ഒഴികെയുള്ള സ്ഥാപനങ്ങൾ.


റിട്ടേൺ ഫയൽ ചെയ്യുന്നതിന് എന്തൊക്കെ രേഖകളാണ് വേണ്ടത്.

റിട്ടേണിനൊപ്പം രേഖകൾ സമർപ്പിക്കേണ്ടതില്ലെങ്കിലും വരുമാനം, നികുതിയിളവിനുള്ള നിക്ഷേപങ്ങൾ, നികുതിയൊഴിവുകൾ തുടങ്ങിയവ സംബന്ധിച്ച രേഖകൾ നികുതിദായകൻ സ്വരൂപിച്ച് കൈയിൽ സൂക്ഷിക്കണം.

1. ശമ്പളക്കാരാണെങ്കിൽ ഫോം 16 2. ടി.ഡി.എസ്. സർട്ടിഫിക്കറ്റ് 3. പലിശ വരുമാന സർട്ടിഫിക്കറ്റ് 4. നികുതിലാഭ നിക്ഷേപത്തിന്റെ രേഖകൾ (ഇ.എൽ.എസ്.എസ്., ഇൻഷുറൻസ് പ്രീമിയം, പി.പി.എഫ്., പഞ്ചവർഷ എഫ്.ഡി. തുടങ്ങിയവ) 5. ഫോം 26 എ.എസ്. 6. മെഡിക്കൽ ഇൻഷുറൻസ് .

സമയത്ത് റിട്ടേൺ ഫയൽ ചെയ്തില്ലെങ്കിൽ എന്താണ് സംഭവിക്കുക.

നികുതിദായകൻ സമയത്ത് റിട്ടേൺ ഫയൽ ചെയ്യുന്നില്ലെങ്കിൽ ആദായ നികുതി ഓഫീസർക്ക് പിഴ ചുമത്താം. നിർദിഷ്ട തീയതിയായ നവംബർ 30-ന് ശേഷം ഡിസംബർ 31 വരെ 5,000 രൂപ പിഴയോടെ റിട്ടേൺ ഫയൽ ചെയ്യാം. ജനുവരി ഒന്നു മുതൽ 2021 മാർച്ച് 31 വരെ 10,000 രൂപ പിഴ നൽകി റിട്ടേൺ ഫയൽ ചെയ്യാം. എന്നാൽ, വരുമാനം അഞ്ചു ലക്ഷം രൂപയിൽ താഴെയാണെങ്കിൽ 1,000 രൂപ പിഴ നൽകിയാൽ മതിയാകും. നികുതി ബാധ്യതയില്ലാത്ത റിട്ടേണുകൾക്കാണ് ഈ പിഴ ബാധകമാകുക.

No comments