കൊവിഡ്: കിനാനൂർ കരിന്തളം സമൂഹ വ്യാപന ഭീതിയിൽ,വരുന്ന ഒരാഴ്ചക്കാലം ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ

കരിന്തളം: കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ നിരവധി പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതിനാൽ കിനാനൂർ -കരിന്തളം പഞ്ചായത്ത് സമൂഹ വ്യാപന ഭീതിയിലാണ്. കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ മാത്രം 26 പേർക്കാണ് കൊവിഡ് പൊസിറ്റീവായത്. ഇതിൽ അഞ്ചോളം ആരോഗ്യ പ്രവർത്തകരും, അങ്കണവാടി ജീവനക്കാരും ഉണ്ട്. അതുകൊണ്ടുതന്നെ സമൂഹ വ്യാപന സാധ്യതയും വർധിക്കുന്നു. ചായ്യോം ബസാർ ,ചായ്യോത്ത് ,നരിമാളം ,ചോയ്യങ്കോട് ,കരിന്തളം ,കോയിത്തട്ട എന്നീ പ്രദേശങ്ങളിലാണ് ആദ്യ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. ഇവിടങ്ങളിൽ അഞ്ചു ദിവസത്തെ സമ്പൂർണ ലോക്ഡൗണും പ്രഖ്യാപിച്ചിട്ടുണ്ട്. ചായ്യോത്ത്, കോളംകുളം, ബിരിക്കുളം എന്നിവിടങ്ങളിലാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. കരിന്തളം കുടുംബാരോഗ്യ കേന്ദ്രത്തിലെ കൂടുതൽ ജീവനക്കാർക്ക് കൊവിഡ് 19 പൊസിറ്റീവ് ആയതിനാൽ, ആശുപത്രി മൂന്നു ദിവസത്തേക്ക് അടച്ചിടാനും നിർദ്ദേശം നൽകിയിട്ടുണ്ട്. വരുന്ന ഒരാഴ്ചക്കാലം ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
No comments