Breaking News

കാക്കിക്കുള്ളിലെ കഥയെഴുത്തുകാരുടെ പുസ്തകം "സല്യൂട്ട്" പ്രകാശനത്തിനൊരുങ്ങുന്നു


എഡിജിപി മുതല്‍ സിപിഒ വരെയുള്ളവരുടെ രചനകള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പുസ്തകത്തിൽ കാസർഗോഡ് ജില്ലയിൽ നിന്നും ചന്തേര സീനിയർ സിവിൽ പോലീസ് ഓഫീസർ സുരേശൻ കാനത്തിന്റെ കഥയും ഇടംപിടിച്ചു. എഡിജിപി ബി.സന്ധ്യയാണ് പുസ്തകത്തിന്റെ എഡിറ്റര്‍. 24 മണിക്കൂറും വിവിധ ജോലികളില്‍ വ്യാപൃതരാകുന്ന പോലീസ് ഉദ്യോഗസ്ഥര്‍ സമ്മര്‍ദങ്ങളും മാനസിക സംഘര്‍ഷങ്ങളും അനുഭവിക്കുമ്പോഴും, സര്‍ഗാത്മക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെടുന്നവര്‍ ഉണ്ടെന്നുള്ളതിനു തെളിവാണ് 'സല്യൂട്ട്' കഥാ സമാഹാരം. 15 വർഷമായി പോലീസ് സേനയുടെ ഭാഗമായ സുരേശൻ ഇതിനോടകം നിരവധി കഥകളും കവിതകളും ലേഖനങ്ങളും എഴുതിയിട്ടുണ്ട്. എം.ജി യൂണിവേഴ്സിറ്റി പെഡഗോ ഫെസ്റ്റിലും കേരളോത്സവത്തിലും സമ്മാനിതനായ സുരേശന് കാവൽ കൈരളി അവാർഡും ലഭിച്ചിട്ടുണ്ട്. മലയാള സാഹിത്യത്തിൽ എംഎ, ബിഎഡ്, എംഫിൽ ബിരുദങ്ങൾ നേടിയ സുരേശൻ ആദ്യകാലങ്ങളിൽ പാരലൽ കോളേജ് അധ്യാപകനായും ജോലി ചെയ്തിരുന്നു. പിന്നീടാണ് പോലീസ് സേനയുടെ ഭാഗമായത്.ജീവന്റെ കുറിപ്പ് എന്ന കഥാസമാഹാരം പുറത്തിറക്കിയിട്ടുണ്ട്. ജനപ്രിയ സാഹിത്യം-ചില വീണ്ടുവിചാരങ്ങൾ എന്ന ലേഖന സമാഹാരം ഉടൻ പുറത്തിറങ്ങും. ചന്തേര ജനമൈത്രി ബീറ്റ് ഓഫീസർ കൂടിയായ സുരേശൻ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ, സാമൂഹിക ഇടപെടലുകൾ എന്നിവയിലൂടെയും ശ്രദ്ധേയനാണ്.ഭാര്യ കെ.എസ് സുമയും മകൻ സാരംഗും സുരേശന്റെ സർഗ്ഗ പ്രവർത്തനങ്ങൾക്ക് പൂർണ്ണപിന്തുണയുമായി ഒപ്പമുണ്ട് .

'സല്യൂട്ട്'ഒക്ടോബർ ആദ്യ വാരം പുറത്തിറങ്ങും.

ഒരുവര്‍ഷം മുന്‍പ് രൂപപ്പെട്ട ആശയം കോവിഡ് സംബന്ധമായ കാരണങ്ങളാല്‍ പൂര്‍ണതയിലെത്താന്‍ വൈകുകയായിരുന്നു. ആകര്‍ഷകമായി രൂപകല്പന ചെയ്ത പുസ്തകത്തിന്റെ പുറംചട്ട കഴിഞ്ഞദിവസം പുറത്തിറക്കി. കണ്ണൂര്‍ ജി വി ബുക്സ് ആണ് പ്രസാധകര്‍.

കഴിഞ്ഞ വര്‍ഷം കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥരില്‍ നിന്നും സൃഷ്ടികള്‍ ക്ഷണിക്കുകയുകയും, 56 കഥകള്‍ ലഭിക്കുകയും ചെയ്തു. ഇവയില്‍നിന്നും 28 എണ്ണം ജിവി ബുക്സ് എഡിറ്റോറിയല്‍ ബോര്‍ഡ് തിരഞ്ഞെടുത്തു എഡിജിപിക്ക് അയച്ചു. ഇതില്‍നിന്നും 19 കഥകള്‍ അന്തിമമായി തിരഞ്ഞെടുക്കപ്പെട്ടു. ആകെ 20 കഥകളില്‍ ആദ്യത്തേത് എഡിജിപി സന്ധ്യയുടേതാണ്. അവതാരികയും എഡിജിപിയുടേതാണ്.പോലീസുകാരുടെ അനുഭവങ്ങളും ഭാവനയും ചിന്തകളും ഇഴപിരിഞ്ഞു രൂപപ്പെട്ടവയാണ് കഥകളൊക്കെയും. ഔദ്യോഗിക ജീവിതത്തിന്റെ തിരക്കുകൾക്കിടയിലും കഥകളെയും കവിതകളെയും നെഞ്ചോടു ചേർക്കുന്ന കാക്കിക്കുള്ളിലെ കലാ മനസ്സിലുള്ള അംഗീകാരമായാണ് 'സല്യൂട്ട്' പുസ്തകത്തിൽ സുരേശന്റെ രചനയും ഉൾപ്പെട്ടത്.

No comments