Breaking News

കൊന്നക്കാട് മൈക്കയം ദേവഗിരി കോളനിക്ക് സമീപം ചൈത്രവാഹിനി തോടിന് കുറുകെ നിർമ്മിക്കുന്ന വി.സി.ബി കം ട്രാക്ടർവേയുടെ പ്രവർത്തി ഉദ്ഘാടനം റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരൻ നിർവഹിച്ചു.


പിന്നോക്ക മേഖലയായ ഈ പ്രദേശത്തിന്റെ   കാർഷിക ആവശ്യങ്ങൾ നിറവേറ്റുന്നതിനും  യാത്രാ സൗകര്യം ഒരുക്കുന്നതിനും ജലസംരക്ഷണം ഉറപ്പാക്കുന്നതിനും വി  സി ബി കോൺട്രാക്ടർ വേ പദ്ധതിയിലൂടെ സാധ്യമാകുമെന്നു മന്ത്രി പറഞ്ഞു. പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾ അധിവസിക്കുന്ന  പ്രദേശങ്ങളിലെ  പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്ന കോൺട്രാക്ടർമാമാർ ലാഭത്തിനുപരി അവരുടെ സാമൂഹിക ഉത്തരവാദിത്വമാണ് നിർവഹിക്കുന്നത്. സമയബന്ധിതമായി,  മികച്ച ഗുണനിലവാരത്തിൽ ഈ പദ്ധതി പൂർത്തീകരിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

 കാസർകോട് വികസന പാക്കേജിൽ 86.67 ലക്ഷം രൂപ നീക്കിവച്ചിരിക്കുന്ന പദ്ധതി  ചെറുകിട ജലസേചന വകുപ്പാണ് നടപ്പാക്കുന്നത്. പട്ടികവർഗ്ഗ വിഭാഗം കൂടുതലായി അധിവസിക്കുന്ന ഈ പ്രദേശത്ത് ജലസംഭരണം ഭൂഗർഭജലവിതാനം ഉയർത്തി എന്നിവ സാധ്യമാകുന്ന രീതിയിൽ,  റോഡിനു കുറുകെ12.3 മീറ്റർ വീതിയിലും രണ്ടര മീറ്റർ ഉയരത്തിലുമാണ് വി സി ബി രൂപകൽപന. കൂടാതെ സ്റ്റോർ ഷെഡ്ഡും ദേവഗിരി കോളനി പ്രദേശത്തെ ജനങ്ങൾക്ക് കൊന്നക്കാട് ടൗണിൽ എത്തിച്ചേരുന്നതിനായി 3.3 മീറ്റർ വീതിയിൽ ട്രാക്ടർ വേയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു വർഷം കൊണ്ട് പദ്ധതി പൂർത്തീകരിക്കും.

ചടങ്ങിൽ ബളാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം രാധാമണി അധ്യക്ഷയായി. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി രാജൻ, ബളാൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജു കട്ടക്കയം, പരപ്പ ബ്ലോക്ക് പഞ്ചായത്ത് അംഗം  മിനി മാത്യു, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടി തമ്പാൻ എം പി ജോസഫ്, എം കുമാരൻ, ബിജു പാലാട്ട്, അരുൺ തോട്ടത്തിൽ എന്നിവർ സംസാരിച്ചു ചെറുകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ പി ടി സഞ്ജീവ് റിപ്പോർട്ട് അവതരിപ്പിച്ചു. കെ ഡി പി സ്പെഷ്യൽ ഓഫീസർ ഇ  പി രാജ്മോഹൻ സ്വാഗതവും ബളാൽ ഗ്രാമപഞ്ചായത്ത് മെമ്പർ സി വി പ്രഭാകരൻ നന്ദിയും പറഞ്ഞു.

No comments