Breaking News

പട്ടികജാതി സംരംഭകർക്ക് വായ്പാ പദ്ധതിയിൽ അപേക്ഷിക്കാം


 
കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ പട്ടികജാതിയിൽപ്പെട്ട അർഹരായ സംരംഭകരിൽ നിന്നും വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഭക്ഷ്യ സംസ്‌കരണ രംഗത്ത് പ്രവർത്തിക്കുന്ന വ്യക്തിഗത യൂണിറ്റുകൾ/ വനിതാ സ്വയം സഹായ സംഘങ്ങൾ എന്നിവരെയാണ് വായ്പ നൽകുന്നതിനായി പരിഗണിക്കുന്നത്. അപേക്ഷകർ 18നും 55നും മദ്ധ്യേ പ്രായമുള്ളവരും കുറഞ്ഞത് എട്ടാം ക്ലാസ് പാസായവരുമാകണം. ഒരു കുടുംബത്തിൽ നിന്ന് ഒരാളെ മാത്രമേ പരിഗണിക്കൂ.

ഈ പദ്ധതിയിൽ വായ്പക്കായി പരിഗണിക്കുന്ന സംരംഭകർക്ക് മൊത്തം പദ്ധതി തുകയുടെ പരമാവധി 35 ശതമാനം വരെ വായ്പാബന്ധിത സബ്‌സിഡി (Credit Linked Subsidy) യായി അനുവദിക്കും. മൊത്തം പദ്ധതി തുകയിൽ കുറഞ്ഞത് 10 ശതമാനം വരെ സംരംഭകർ ഗുണഭോക്തൃ വിഹിതമായി അടക്കണം. ശേഷിക്കുന്ന തുക വായ്പയായി അനുവദിക്കും. പദ്ധതിയുടെ നിബന്ധനകൾ പാലിക്കുന്ന അപേക്ഷകരെ മാത്രമേ പരിഗണിക്കൂ.

യോഗ്യരായ സംരംഭകർക്ക് ദേശീയ പട്ടികജാതി ധനകാര്യ വികസന കോർപ്പറേഷന്റെ വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി വായ്പ അനുവദിക്കും. തെരഞ്ഞെടുക്കപ്പെടുന്നവർ ഈടായി കോർപ്പറേഷന്റെ നിബന്ധനകൾക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ വസ്തു ജാമ്യമോ ഹാജരാക്കണം.

താൽപര്യമുള്ളവർ അപേക്ഷാഫോറത്തിനും വിശദ വിവരങ്ങൾക്കുമായി കോർപ്പറേഷന്റെ അതതു ജില്ലാ ഓഫീസുമായി ബന്ധപ്പെടണം.

No comments