സ്മാർട്ട്‌ഫോൺ ചാർജിംഗും ബാറ്ററി ലൈഫും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ ഏറെ പരാതികള്‍ ഉയര്‍ത്തുന്നത് ബാറ്ററി ലൈഫിനെക്കുറിച്ചാണ്. പെട്ടെന്നു ചാര്‍ജു തീരുന്നു, ചാര്‍ജു ചെയ്യാന്‍ കൂടുതല്‍ സമയം വേണ്ടിവരുന്നു, ചാര്‍ജു ചെയ്യുമ്പോള്‍ ബാറ്ററി ചൂടാകുന്നു. എന്നിവയൊക്കെയാണ് പരാതികളില്‍ പ്രധാനപ്പെട്ടവ.
ഏതൊരുപകരണത്തിന്റെയും പ്രധാനപ്പെട്ട ഭാഗമാണ് ബാറ്ററി. റാം, ക്യാമറ, പ്രോസസര്‍ തുടങ്ങിയവയും ബാറ്ററി ലൈഫും തമ്മില്‍ ഏറെ ബന്ധമുണ്ട്.
സ്‌പെസിഫിക്കേഷനുകളും സ്‌ക്രീനിന്റെ വലിപ്പവും കൂടുതലുള്ള സ്മാര്‍ട്ട്ഫോണുകള്‍ക്ക് അതിനനുസരിച്ച് ബാറ്ററിയുടെ കരുത്തും കൂടുതല്‍ വേണം. ഇത്തരത്തില്‍ സ്മാര്‍ട്ട്‌ഫോണിന്റെ ബാറ്ററി ലൈഫ് വര്‍ധിപ്പിക്കുന്നതിനുള്ള ചില വഴികള്‍.
ചാര്‍ജിംഗ് സൈക്കിള്‍
ബാറ്ററിയുടെ ആയുസ് പരിശോധിക്കുക ചാര്‍ജിംഗ് സൈക്കിളിന്റെ എണ്ണത്തിലാണ്. പൂജ്യത്തില്‍ നിന്ന് ഫുള്‍ചാര്‍ജ് ആകാനെടുക്കുന്ന സമയമാണ് ഒരു ചാര്‍ജിംഗ് സൈക്കിള്‍. പകുതി ചാര്‍ജില്‍, അതായത് 50 ശതമാനത്തില്‍ നിന്നും 100 ശതമാനം ചാര്‍ജുചെയ്യുമ്പോള്‍ ഹാഫ് സൈക്കിളേ ആകുന്നുള്ളു. ബാറ്ററിയുടെ ആയുസിലും വ്യത്യാസം ഉണ്ട്. കാലപ്പഴക്കത്തിന് അനുസരിച്ചു ബാറ്ററി ശേഷി കുറയും. എല്ലായിനം ബാറ്ററികളിലും ഇതു ദൃശ്യമാണ്. വ്യത്യസ്ത തോതിലായിരിക്കുമെന്നു മാത്രം. ആദ്യകാലങ്ങളില്‍ ചാര്‍ജു ചെയ്യുന്നതിന്റെ നല്ല ശതമാനം വൈദ്യുതിയും സംഭരിക്കുന്ന ബാറ്ററികള്‍ക്ക് കാലപഴക്കം ചെല്ലുന്നതിനനുസരിച്ച് സംഭരണശേഷി കുറയുന്നു. ബാറ്ററി ചാര്‍ജു പെട്ടെന്നു തീരുന്നതും അധികമായി ചൂടാകുന്നതും ഇതു മൂലമാണ്. ചാര്‍ജിംഗ് സൈക്കിളുകളുടെ എണ്ണം കുറയ്ക്കുകയെന്നത് ബാറ്ററിയുടെ ആയുസ് വര്‍ധിപ്പിക്കുവാനുള്ള ഒരു പോംവഴിയാണ്.

100 ശതമാനം ചാര്‍ജ് ചെയ്യേണ്ടതില്ല
പുതിയ ഫോണ്‍ വാങ്ങുമ്പോള്‍ മണിക്കൂറുകള്‍ ചാര്‍ജ് ചെയ്തശേഷം മാത്രം ഉപയോഗിക്കുക എന്നതാകും പലരും നല്‍കുന്ന ഉപദേശം. ഇപ്പോഴത്തെ സ്മാര്‍ട്‌ഫോണുകള്‍ക്കൊന്നും ഈ കാര്യം ബാധകമല്ല. എപ്പോഴും ഫോണിന്റെ ചാര്‍ജ് 10 ശതമാനത്തിനും 90 ശതമാനത്തിനും ഇടയില്‍ നിര്‍ത്തുന്നത് ബാറ്ററി ലൈഫ് വര്‍ധിപ്പിക്കും. എല്ലാത്തവണയും 100 ശതമാനം ചാര്‍ജ് ചെയ്യുന്നത് ബാറ്ററിയുടെ ലൈഫ് സൈക്കിള്‍ കുറയ്ക്കും. 100% ചാര്‍ജ് ചെയ്തതിനു ശേഷം പൂജ്യം ശതമാനത്തിലേക്ക് ചാര്‍ജ് പോയാല്‍ അത് ബാറ്ററിയുടെ ദൈര്‍ഘ്യം ചുരുക്കും. ചാര്‍ജു ചെയ്യുമ്പോള്‍ ഫോണ്‍ ഉപയോഗിക്കുന്നതു ബാറ്ററി കേടാക്കില്ല. അതേസമയം, ചാര്‍ജിംഗില്‍ ഫോണ്‍ ഉപയോഗിക്കാതിരുന്നാല്‍ ബാറ്ററി വേഗം ചാര്‍ജാകും, ഫോണ്‍ അധികമായി ചൂടാകില്ല എന്നീ ഗുണങ്ങളുമുണ്ട്.

ആപ്ലിക്കേഷനുകള്‍ ശ്രദ്ധിക്കാം
ആവശ്യമില്ലാത്ത ആപ്ലിക്കേഷനുകള്‍ ഡിലീറ്റ് ചെയ്യുന്നതിനൊപ്പം തന്നെ സ്മാര്‍ട്‌ഫോണിലുള്ള ആപ്പുകള്‍ സ്ഥിരമായി അപ്‌ഡേറ്റ് ചെയ്യാന്‍ ശ്രദ്ധിക്കണം. ബാറ്ററി ഉപയോഗവും മെമ്മറി ഫീച്ചേഴ്‌സും മെച്ചപ്പെടുത്തിയാണ് ഓരോ തവണയും ആപ്ലിക്കേഷനുകളുടെ അപ്‌ഡേറ്റഡ് വേര്‍ഷനുകള്‍ കമ്പനികള്‍ പുറത്തിറക്കുന്നത്. ഗ്രാഫിക്‌സ് അധികമുള്ള ഗെയിമുകളാണ് ചാര്‍ജ് തീര്‍ക്കുന്നതിലെ മറ്റൊരു വില്ലന്‍. ഇത്തരം ഓണ്‍ലൈന്‍ ഗെയിമുകള്‍ നിരവധിയുണ്ട്. മൊബൈല്‍ ഡേറ്റാ ഓണാക്കി അവ കളിക്കുമ്പോള്‍ ചാര്‍ജു പെട്ടെന്ന് തീരുന്നത് സാധാരണമാണ്.

വാള്‍പേപ്പറും ഡിസ്‌പ്ലേയും
ആന്‍ഡ്രോയിഡ് ഫോണായാലും ഐഫോണായാലും ഏറ്റവും കൂടുതല്‍ ചാര്‍ജ് ഉപയോഗിക്കുന്നത് ഡിസ്പ്ലേയാണ്. സ്‌ക്രീനിന്റെ ബ്രൈറ്റ്‌നെസ് കുറച്ച് ഉപയോഗിക്കുന്നത് ബാറ്ററി ലൈഫ് കൂട്ടും. ഒട്ടുമിക്ക സ്മാര്‍ട്‌ഫോണുകള്‍ക്കും ഇപ്പോള്‍ അമോള്‍ഡ് സ്‌ക്രീനാണ് ഉള്ളത്. അതിനാല്‍ പൊതുവെ ഇരുണ്ട നിറമുള്ള വാള്‍പേപ്പര്‍ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. ഒപ്പം തന്നെ ലൈവ് വാള്‍പേപ്പറും വേണ്ടെന്നു വയ്ക്കാം. ആനിമേഷന് പവര്‍ കൂടുതല്‍ ആവശ്യമാണ്. അതോടൊപ്പം തന്നെ ബ്രൈറ്റ്നസ് സെറ്റിംഗ്സിലുള്ള അഡാപ്റ്റീവ് ബ്രൈറ്റ്നെസ് ഫീച്ചര്‍ ഉപയോഗിച്ചാല്‍ ഫോണ്‍ ഉപയോഗിക്കുന്ന സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ബ്രൈറ്റ്നൈസ് ഓട്ടോമാറ്റിക്കായി മാറും.

നെറ്റുവര്‍ക്കുകളുടെ ഉപയോഗം
മൊബൈല്‍ ഡാറ്റ ഉപയോഗിക്കുന്നതിലും നല്ലത് വൈഫൈയാണ്. അതുകൊണ്ട് അവസരം ലഭിക്കുമ്പോഴെല്ലാം വൈഫൈ തെരഞ്ഞെടുക്കണം. അതുപോലെ ജിപിഎസ്, ബ്ലൂടൂത്ത്, ലൊക്കേഷന്‍, മൊബൈല്‍ ഡേറ്റ തുടങ്ങിയവ ആവശ്യമില്ലാത്തപ്പോള്‍ ഓഫ് ചെയ്തു വയ്ക്കണം. വൈഫൈ, ബ്‌ളൂടൂത്ത് തുടങ്ങിയവ ഉപയോഗിക്കുമ്പോള്‍ മാത്രമാണു ചാര്‍ജു നഷ്ടപ്പെടുന്നത്. ഉപയോഗമില്ലാത്തപ്പോള്‍ ഇവ ഓഫാക്കി സൂക്ഷിച്ചാല്‍ ഈ ചെറിയ അളവ് ചാര്‍ജും നഷ്ടപ്പെടാതെ സൂക്ഷിക്കാം.

വൈബ്രേഷനും നോട്ടിഫിക്കേഷനുകളും
വൈബ്രേഷനുകള്‍ ബാറ്ററി കൂടുതല്‍ ഉപയോഗിക്കുന്നതിന് കാരണമാകും. അത്യാവശ്യമാണെങ്കില്‍ മാത്രം ഫോണില്‍ വൈബ്രേഷന്‍ മോഡ് ഓണ്‍ ചെയ്താല്‍ മതി. സ്‌ക്രീനില്‍ കീ പ്രസ് ചെയ്യുമ്പോഴുണ്ടാകുന്ന വൈബ്രേഷനും ചെറിയ ശബ്ദങ്ങളും ഓഫ് ചെയ്തു വയ്ക്കാം. സ്മാര്‍ട്ട്‌ഫോണിലേക്ക് ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ നോട്ടിഫിക്കേഷനുകള്‍ അയക്കാനുള്ള അനുവാദവും നമ്മള്‍ കൊടുക്കുന്നുണ്ട്. ഈ നോട്ടിഫിക്കേഷനുകള്‍ക്കായും ബാറ്ററി ഉപയോഗിക്കപ്പെടും. നോട്ടിഫിക്കേഷനുകള്‍ ആവശ്യമില്ലാത്ത ആപ്ലിക്കേഷനുകള്‍ക്ക് സെറ്റിംഗ്‌സില്‍ പോയി ഇവ ഒഴിവാക്കുന്നത് നന്നാകും. അല്ലെങ്കില്‍ ഡോറ്റയും ബാറ്ററിയും ഒരുപോലെ പല സോഷ്യല്‍ മീഡിയ ആപ്പുകളും കൂടി ഉപയോഗിച്ച് തീര്‍ക്കും.

ഫോണ്‍ വയ്ക്കുന്ന സ്ഥലം
കാറിന്റെ ഡാഷ്ബോര്‍ഡ് അല്ലെങ്കില്‍ വിന്‍ഡോ പോലെ അധികം ചൂടനുഭവപ്പെടുന്ന സ്ഥലങ്ങളില്‍ സ്മാര്‍ട്‌ഫോണ്‍ വയ്ക്കരുത്. തണുപ്പ് കൂടുതലും ഫോണ്‍ ബാറ്ററിക്ക് നല്ലതല്ല. ഗെയിം കളിക്കുമ്പോള്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതും ഫോണ്‍ ഓവര്‍ ഹീറ്റാകാന്‍ കാരണമാകും. അതുപോലെതന്നെ ഫോണ്‍ അമിതമായി ചൂടാകുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ സര്‍വീസ് സെന്ററില്‍ നല്‍കി അപകാത എന്താണെന്ന് പരിശോധിക്കുന്നതാകും നല്ലത്.

ഒറിജിനല്‍ ചാര്‍ജര്‍ മാത്രം മതി
ഫാസ്റ്റ് ചാര്‍ജിംഗ് സപ്പോര്‍ട്ട് ചെയ്യുന്നവയാണ് ഇപ്പോഴുള്ള പല സ്മാര്‍ട്‌ഫോണുകളും. ഫോണുകള്‍ പെട്ടെന്ന് ചാര്‍ജ് ആകാന്‍ സഹായിക്കുന്ന ചാര്‍ജറുകളും വിപണിയില്‍ ലഭ്യമാണ്. പക്ഷേ ഫോണിന്റെ കമ്പനി നല്‍കുന്ന ചാര്‍ജര്‍ മാത്രം ഉപയോഗിക്കുക. ഫോണിന് വേണ്ടതില്‍ കൂടുതല്‍ വൈദ്യുതി പ്രവഹിപ്പിക്കുന്നത് ബാറ്ററിയെ എന്നെന്നേക്കുമായി തകരാറിലാക്കും. ഇപ്പോള്‍ വിപണിയിലെത്തുന്ന ഫോണുകള്‍ക്ക് ഓവര്‍ചാര്‍ജിംഗ് ചെറുക്കാനാവും.

ബാറ്ററി സേവര്‍
ഉപയോഗിക്കുന്നില്ലെങ്കിലും ബാക്ക്ഗ്രൗണ്ടില്‍ ആപ്പുകള്‍ പ്രവര്‍ത്തിക്കുമ്പോള്‍ ബാറ്ററി ലൈഫ് താനേ കുറയും. ഈ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ബാറ്ററി സേവര്‍ ഉപയോഗിക്കാം. പല ഫോണുകളിലും ഇപ്പോള്‍ ബാറ്ററി സേവര്‍ നല്‍കുന്നുണ്ട്.
No comments