Breaking News

വെള്ളരിക്കുണ്ട് താലൂക്കിൽ അടിയന്തിര ഭൗമ പഠനം നടത്തണം: ഗ്രീൻവാല്യൂസ് സൊസൈറ്റി


വെള്ളരിക്കുണ്ട്: ദിവസങ്ങളിൽ വെള്ളരിക്കുണ്ട് താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടലും മണ്ണിടിച്ചിലും നൽകുന്ന അപായസൂചന ജനങ്ങളും സർക്കാരും ഗൗരവത്തിലെടുക്കണമെന്നും അടിയന്തിരമായി ഈ താലൂക്കിന്റെ മലയോര മേഖലകളുടെ ഭൗമ ശാസ്ത്രപരമായ പ്രത്യേകതകൾ ശാസ്ത്രീയ പഠനത്തിന് വിധേയമാക്കണമെന്നും വെള്ളരിക്കുണ്ട് താലൂക്ക് ഗ്രീൻവാല്യൂസ് സൊസൈറ്റി ആവശ്യപ്പെട്ടു. ഈ ആവശ്യം മുൻനിർത്തി സൊസൈറ്റി ഒരു വർഷം മുമ്പു് മുഖ്യമന്ത്രിക്കും നിയമസഭാ പരിസ്ഥിതി സമിതിക്കും നിവേദനം നൽകിയിരുന്നെങ്കിലും നടപടികളുണ്ടായില്ല. ഈ ആവശ്യം താലൂക്ക് വികസന സമിതിയും ഉന്നയിച്ചിരുന്നു. അധികൃതർ ഇക്കാര്യത്തിൽ കാണിക്കുന്ന അനാസ്ഥ ക്ക് ജനങ്ങൾ കനത്ത വില നൽകേണ്ട സാഹചര്യമാണുള്ളത്. കൊന്നക്കാട് പാമത്തട്ടിൽ അടിക്കടിയുണ്ടാവുന്ന മലയിടിച്ചിലും കല്ലുരുളലും, മാലോം നമ്പ്യാർ മലയിലും, ബളാൽ കോട്ടക്കുന്നിലും വെള്ളരിക്കുണ്ട് വടക്കാം കുന്നിലുമെല്ലാമുണ്ടായ ഉരുൾപൊട്ടലുകളും നൽകുന്ന സൂചനകൾ ഇനിയും കണ്ടില്ലെന്ന് നടിക്കുന്നത് ജന വിരുദ്ധതയാണ്. ഈ മേഖലകളിൽ സോയിൽ പൈപ്പിംഗ് പ്രതിഭാസമുണ്ടെന്നു് ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ പഠനങ്ങളിലുണ്ട്. ഈ പ്രദേശങ്ങളിൽ പലയിടത്തും കാണുന്ന ഗുഹകളും, മഴക്കാലത്ത് രൂപപ്പെടുന്ന ഗർത്തങ്ങളും അതിന്റെ ലക്ഷണങ്ങളാണ്. എന്നാൽ ഇതിനെക്കുറിച്ച് ശാസ്ത്രീയ പഠനത്തിന് ജിയോളജി വകുപ്പധികൃതർ ഇനിയും തയ്യാറായിട്ടില്ല. എന്നു മാത്രമല്ല ഉരുൾപൊട്ടലുകളുണ്ടായ പ്രദേശങ്ങൾ സന്ദർശിക്കാൻ പോലും അവർ തയ്യാറായിട്ടില്ല. എന്നാൽ ദുരന്തങ്ങളുണ്ടായ പ്രദേശങ്ങളിലെല്ലാം ക്വാറികൾക്ക് അനുമതി കൊടുക്കുന്ന ശുപാർശകൾ ഇവരിൽ നിന്നുണ്ടാകുന്നുണ്ട്. വെള്ളരിക്കുണ്ട് താലൂക്കിനെ ക്വാറികളുടെ മേഖലയാക്കി മാറ്റാൻ ഒരു പറ്റം ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും നടത്തുന്ന നീക്കങ്ങൾ അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ഈ പശ്ചാത്തലത്തിൽ താലൂക്കിന്റെ ഭൗമപഠനത്തിന് അടിയന്തിര നടപടികളെടുക്കുകയും പഠനം പൂർത്തിയാവുന്നതു വരെ ഈ മേഖലയിലെ നിലവിലുള്ള ഖനന പ്രവർത്തനങ്ങളും പുതിയ ക്വാറികൾക്ക്അനുമതി നൽകാനുള്ള നീക്കങ്ങളും നിർത്തിവയ്ക്കണമെന്നും ഗ്രീൻ വാല്യൂസ് സൊസൈറ്റി പ്രവർത്തക സമിതി ആവശ്യപ്പെട്ടു. യോഗത്തിൽ പി.സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. റോബർട്ട് മൂലയിൽ, സുനിൽ കണ്ടത്തിൽ, ബാബു സോപാനം, ആനന്ദ് സാരംഗ് സുമിത്ത് ലാൽ തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്തു.

No comments