Breaking News

വെസ്റ്റ്എളേരി അരിയങ്കല്ലിൽ നൂറു കുടുംബങ്ങൾക്കുള്ള കുടിവെള്ള പദ്ധതി പൂർത്തിയായി.



കുന്നുംകൈ: വര്‍ഷങ്ങളായി കുടിവെള്ള ക്ഷാമം രൂക്ഷമായ വെസ്റ്റ് എളേരി പഞ്ചായത്തിലെ കാക്കടവ് അരിയങ്കല്ലില്‍ നൂറു കുടുംബങ്ങള്‍ക്കായി കുടിവെള്ള പദ്ധതി പൂര്‍ത്തിയായി .അബുദാബി തൃക്കരിപ്പൂര്‍ മണ്ഡലം കെ എം സി സി കമ്മിറ്റിയാണ് വെസ്റ്റ് എളേരി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുമായി സഹകരിച്ചു പദ്ധതി നടപ്പിലാക്കിയത് .അരിയങ്കല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ ഉടമസ്ഥതയിലുള്ള ഇളംബാടിത്തട്ടിലാണ് കിണറും ടാങ്കും നിര്‍മ്മിച്ചത്. ഏകദേശം പത്ത് ലക്ഷം രൂപ നിര്‍മ്മാണ ചെലവു വരുന്ന പദ്ധതിയുടെ മുഴുവന്‍ തുകയും കെ എം സി സി കമ്മിറ്റി വഹിച്ചു. പദ്ധതിക്കുള്ള കിണറിന്റെ നിര്‍മ്മാണവും ഇരുപതിനായിരം ലിറ്റര്‍ സംഭരണ ശേഷിയുള്ള ടാങ്കിന്റെ നിർമ്മാണവും പൂര്‍ത്തീകരിച്ചു . പ്രദേശത്തെ വീടുകളിലേക്ക് പൈപ്പ് ലൈന്‍ വഴിയാണ് കുടിവെള്ളം എത്തിക്കുന്നത്. ഇതിന്റെ നടത്തിപ്പിനായി വിപുലമായ കമ്മിറ്റിയും പ്രവര്‍ത്തിക്കുന്നുണ്ട്. പദ്ധതി പൂര്‍ത്തിയാതോടെ നൂറോളം കുടുംബങ്ങള്‍ക്ക് കുടിവെള്ളം യഥാസമയം എത്തിച്ചു നല്‍കാന്‍ സാധിക്കുമെന്ന് അബുദാബി തൃക്കരിപ്പൂര്‍ മണ്ഡലം കെ എം സി സി പ്രസിഡന്റ് അഷ്‌റഫ്‌ ഒളവറ, തൃക്കരിപ്പൂർ പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷറർ ടി പി അഹമ്മദ് ഹാജി, വെസ്റ്റ് എളേരി പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി സി ഇസ്മായിൽ എന്നിവർ പറഞ്ഞു. പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ ശനിയാഴ്ച വൈകിട്ട് നാലിന് നിര്‍വഹിക്കും.അബുദാബി തൃക്കരിപ്പൂര്‍ മണ്ഡലം കെ എം സി സി പ്രസിഡന്റ് അഷ്‌റഫ്‌ ഒളവറ അധ്യക്ഷത വഹിക്കും. മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് കെ എന്‍ ശംസുദ്ധീന്‍ ഹാജി മുഖ്യാതിഥിയാകും. അഡ്വ. എം ടി പി ഖരീം, ലത്തീഫ് നീലഗിരി,പി കെ സി റഹൂഫ് ഹാജി, ഉമര്‍ മൗലവി, ജാതിയില്‍ അസിനാര്‍, ടി പി അഹമ്മദ്‌ ഹാജി, എ ജി ഇസ്മയില്‍,യു സി മുഹമ്മദാലി എന്നിവര്‍ സംസാരിക്കും. പദ്ധതി പൂർത്തീകരിക്കുന്നതോടെ വര്‍ഷങ്ങളായി തങ്ങള്‍ അനുഭവിക്കുന്ന കുടിവെള്ള ക്ഷാമത്തിന് ഇതോടുകൂടി പരിഹാരമാകുമെന്നാണ് പ്രദേശത്തെ കുടുംബങ്ങള്‍ കരുതുന്നത്.

No comments