Breaking News

മലയോരത്തെ വന്യമൃഗശല്യം: ജനപ്രതിനിധികളും ഉദ്യോഗസ്ഥരും യോഗം ചേരും



ജില്ലയില്‍ മലയോരമേഖലയില്‍ വന്യമൃഗശല്യം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വിഷയം ചര്‍ച്ച ചെയ്യുന്നതിന് ജനപ്രതിനിധികളുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും യോഗം അടിയന്തരമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തുന്നതിന് ജില്ല വികസന സമിതിയോഗം തീരുമാനിച്ചു. എം. രാജഗോപാലന്‍ എം.എല്‍.എയും എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എയുമാണ് വിഡിയോ കോണ്‍ഫറന്‍സിങ് വഴിചേര്‍ന്ന ജില്ലാവികസന സമിതി യോഗത്തില്‍ വിഷയം ഉന്നയിച്ചത്. കാട്ടുമൃഗങ്ങള്‍ കൃഷിയിടങ്ങളില്‍ ഇറങ്ങി വ്യാപക നാശനഷ്ടമുണ്ടാക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. വന്യമൃഗങ്ങള്‍ വരുത്തിയ നാശനഷ്​ടവും നല്‍കിയ നഷ്​പരിഹാരവും സംബന്ധിച്ച വിശദവിവരങ്ങള്‍ ജനപ്രതിനിധികള്‍ക്ക് ലഭ്യമാക്കാന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ച എ.ഡി.എം എന്‍. ദേവിദാസ് ഡിവിഷനല്‍ ഫോറസ്​റ്റ്​ ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കി. പ്രഭാകരന്‍ കമീഷന്‍ റിപ്പോര്‍ട്ടി​ൻ്റെ അടിസ്ഥാനത്തില്‍ കാറഡുക്കയിലെ മഞ്ചക്കല്‍ തടി ഡിപ്പോ പ്രയോജനപ്പെടുത്തി ജനവാസകേന്ദ്രങ്ങളില്‍നിന്ന് പിടികൂടുന്ന വന്യമൃഗങ്ങളെ സംരക്ഷിക്കുന്നതിനുള്ള താവളമൊരുക്കുന്നതിനും പാമ്പു പിടുത്തകേന്ദ്രം ഉണ്ടാക്കുന്നതിനും കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി പ്രൊപ്പോസല്‍ സമര്‍പ്പിക്കാന്‍ ഡിവിഷനല്‍ ഫോറസ്​റ്റ്​ ഓഫിസറോട് യോഗം നിദേശിച്ചു.

No comments