ബിരിക്കുളത്ത് എ.ടി.എം മെഷീൻ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു
ബിരിക്കുളത്ത് എ.ടി.എം മെഷീൻ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നിരവധി വ്യാപാര സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള ടൗണായിട്ടും ഇവിടെ ഇതുവരെയായി എ.ടി.എം ഇല്ലാത്ത സ്ഥിതിയാണുള്ളത്. പൈസയെടുക്കണമെങ്കിൽ ബാങ്കിനെ തന്നെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് ജനങ്ങൾ. നിലവിൽ പരപ്പ, കാലിച്ചാമരം എന്നിവിടങ്ങളിലെ എ.ടി.എമ്മുകൾ മാത്രമാണ് ബിരിക്കുളത്തുകാർക്ക് ആശ്രയം. കാളിയാനം, ചെന്നക്കോട്, മേലാഞ്ചേരി ,ചേമ്പേന, കൂടോൽ, മയ്യങ്ങാനം, കോളംകുളം, കൊട്ടമടൽ, പ്ലാത്തടം തുടങ്ങിയ പ്രദേശങ്ങളിൽ ഉള്ളവർക്കും ബിരിക്കുളം എ.ടി.എം സ്ഥാപിച്ചാൽ ഉപകാരപ്രദമാകും. തൊഴിലുറപ്പ് പണിയുടെ കൂലി ഉൾപ്പെടെ നിലവിൽ ബാങ്ക് അക്കൗണ്ടിലേക്കാണ് വരുന്നത്. വിവിധ സബ്സിഡി തുകകളും ബാങ്ക് അക്കൗണ്ടിലേക്ക് തന്നെയാണ് നിക്ഷേപിക്കുന്നത്. ഇവിടെ എ.ടി.എം ഇല്ലാത്തതു കൊണ്ടു തന്നെ കിലോമീറ്ററുകൾ സഞ്ചരിക്കേണ്ട ഗതികേടിലാണ് ഇവിടുത്തെ കർഷക തൊഴിലാളികൾ ഉൾപ്പെടെയുള്ള സാധാരണക്കാർ. അതുകൊണ്ടുതന്നെ ബിരിക്കുളം ടൗണിൽ എ.ടി.എം മെഷീൻ സ്ഥാപിക്കാൻ ദേശസാൽകൃത ബാങ്കുകൾ തയ്യാറാകണമെന്നാണ് പ്രദേശത്തുകാരുടെ ആവശ്യം.

No comments