Breaking News

രക്തജന്യ രോഗികൾക്കുള്ള രജിസ്ട്രേഷൻ തുടങ്ങി


കാഞ്ഞങ്ങാട്: രക്തജന്യ രോഗികൾക്കുള്ള രജിസ്ട്രേഷൻ ജില്ലയിൽ തുടങ്ങി. ഹിമോഫീലിയ, തലാസീമിയ, സിക്കിൾസെൽ അനീമിയ തുടങ്ങിയ രക്തജന്യ രോഗങ്ങൾ ബാധിച്ചവർക്ക് മെച്ചപ്പെട്ട ചികിത്സ നൽകാനായി സംസ്ഥാനത്ത് നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി ജില്ലാതലത്തിൽ നോഡൽ ഓഫീസർമാരെ നിയമിച്ചിരുന്നു. പദ്ധതിയുടെ ഭാഗമായി ജില്ലകളിൽ തുടങ്ങുന്ന പ്രത്യേക ചികിത്സാ കേന്ദ്രങ്ങളിൽ ഹിമോഫീലിയ ട്രീറ്റ്മെൻ്റ് സെൻ്റർ, ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സൗകര്യം, ജീവൻരക്ഷാ മരുന്നുകൾ, ബ്ലഡ് ഫിൽറ്റർ സെറ്റുകൾ എന്നിവ സൗജന്യമായി ലഭിക്കും. തലാസീമിയ, സിക്കിൾസെൽ അനീമിയ രോഗങ്ങൾ കൊണ്ടുള്ള ശിശുമരണങ്ങൾ തടയാനും ഹിമോഫീലിയ രോഗം നിയന്ത്രണ വിധേയമാക്കാനുമാണ് ആരോഗ്യ വകുപ്പിൻ്റെ ലക്ഷ്യം. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോ.ശരണ്യയാണ് ജില്ലാതല നോഡൽ ഓഫീസർ. രോഗികളുടെ രജിസ്ട്രേഷനാണ് ഇപ്പോൾ നടക്കുന്നത്. കോവിഡ് പടരുന്ന സാഹചര്യത്തിൽ രോഗിയുടെ പേര്, വയസ്സ്, അഡ്രസ്, ജനന തീയതി, ഫോൺ നമ്പർ, ആധാർ കാർഡ്, ഫോട്ടോ, പേഷ്യൻ്റ് ഐഡി കാർഡ്, എന്നിവ hemocareksgd@gmail.com എന്ന ഇമെയിൽ ഐഡിയിലേക്ക് അയക്കണമെന്ന് ജില്ലാ നോഡൽ ഓഫീസർ അറിയിച്ചു.

No comments