Breaking News

തുലാമാസ പൂജ; ശബരിമലയിൽ ദിവസം 250 പേർക്ക് വീതം ദർശനം


 

ശബരിമലയിൽ തുലാമാസപൂജയ്ക്ക് ദിവസേന പരമാവധി 250 പേരെ വീതം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രവേശിപ്പിക്കാൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ധാരണയായി. വിവിധ വകുപ്പുകളുടെ മുന്നൊരുക്കങ്ങളും മന്ത്രിയുടെ അധ്യക്ഷതയിൽ വിലയിരുത്തി.
വിർച്വൽ ക്യൂവിൽ രജിസ്റ്റർ ചെയ്യുന്ന ആദ്യ 250 പേർക്കായിരിക്കും ഓരോ ദിവസവും പ്രവേശനം അനുവദിക്കുക. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രമേ പ്രവേശനം നൽകൂ. 48 മണിക്കൂറിനുള്ളിൽ എടുത്ത സർട്ടിഫിക്കറ്റായിരിക്കണം. 48 മണിക്കൂറിനുള്ളിലുള്ള സർട്ടിഫിക്കറ്റ് ഇല്ലാത്ത തീർത്ഥാടകർക്ക് നിലയ്ക്കലിൽ സബ്‌സിഡി നിരക്കിൽ കോവിഡ് പരിശോധനയ്ക്ക് സൗകര്യമൊരുക്കും. ശബരിമലയിലേക്കുള്ള യാത്രാമധ്യേ പരിശോധനാ സൗകര്യമുള്ള ആരോഗ്യകേന്ദ്രങ്ങളിലും തീർഥാടകർക്ക് പരിശോധനയ്ക്ക് സൗകര്യമൊരുക്കും.
മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വരുന്നവർ കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്തിരിക്കണം. തീർഥാടകരിൽ ബി.പി.എൽ വിഭാഗത്തിലുള്ളവർ ആയുഷ്മാൻ ഭാരത് കാർഡ് കൂടി കരുതിയാൽ, കോവിഡ് പരിശോധനയ്ക്കും, ചികിത്സയ്ക്കും സൗജന്യം ലഭ്യമാകും.
നിലയ്ക്കലിൽ തന്നെ ബേസ് ക്യാമ്പ് തുടരാനാണ് ഉന്നതതല യോഗത്തിലെ ധാരണ.
ശബരിമലയിലേക്ക് സ്വാമി അയ്യപ്പൻ റോഡ് വഴിയാകും മലകയറാനും ഇറങ്ങാനും സൗകര്യമൊരുക്കുക.
അന്നദാനത്തിന് പേപ്പർ പ്ലേറ്റുകളാകും ഉപയോഗിക്കുക. കുടിവെള്ളത്തിന് സ്റ്റീൽ ബോട്ടിലുകൾ 100 രൂപ നിരക്കിൽ നൽകുകയും, കുപ്പി തിരികെ ഏൽപ്പിക്കുമ്പോൾ പണം മടക്കി നൽകുകയും ചെയ്യും .
ശബരിമല തീർഥാടന സമയത്ത് സേവനത്തിനും ചികിത്സയ്ക്കുമായി സന്നദ്ധപ്രവർത്തനത്തിന് ആരോഗ്യപ്രവർത്തകർക്ക് അവസരം നൽകും. തീർഥാടനകാലത്ത് സേവന സന്നദ്ധരായ ഡോക്ടർമാർക്കും പാരാമെഡിക്കൽ ജീവനക്കാർക്കും വേണ്ട സൗകര്യമൊരുക്കും.
തിരിച്ചറിയൽ കാർഡുള്ള ജീവനക്കാർക്കും ശുചീകരണ പ്രവർത്തകർക്കും വിർച്വൽ ക്യൂവിലല്ലാതെ മല കയറാൻ സൗകര്യമൊരുക്കും.
തുലാമാസ പൂജയ്ക്കും മണ്ഡല-മകരവിളക്ക് കാലത്തും പമ്പാസ്നാനം അനുവദിക്കില്ല. പകരം ഷവറുകൾ സ്ഥാപിക്കാൻ തീരുമാനമായി. ഷവറുകൾ ഇറിഗേഷൻ വകുപ്പ് സ്ഥാപിക്കും. ഇതിനായി ജലം വാട്ടർ അതോറിറ്റി ലഭ്യമാക്കും. മലിനജലം സംസ്‌കരിക്കുന്നതിന് സംവിധാനമുണ്ടാകും.
നിലയ്ക്കലിൽ നിന്ന് പമ്പയിലേക്കുള്ള റോഡ് ഗതാഗതയോഗ്യമാക്കാൻ നടപടി ഉടൻ സ്വീകരിക്കും. മണ്ഡല - മകര വിളക്ക് തീർത്ഥാടന കാലത്ത് മറ്റു വകുപ്പുകൾ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങളും മന്ത്രി കടകംപള്ളി സുരേന്ദ്രൻ വിലയിരുത്തി. തീർത്ഥാടനം സുഗമമാക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ അടിയന്തിരമായി പൂർത്തിയാക്കാൻ ദേവസ്വം ബോർഡിനും ജില്ലാ ഭരണകൂടത്തിനും വിവിധ വകുപ്പുകൾക്കും മന്ത്രി നിർദേശം നൽകി.
പ്രിൻസിപ്പൽ സെക്രട്ടറിമാരായ ഡോ. രാജൻ എൻ. ഘോബ്രഗഡേ, കെ.ആർ. ജ്യോതിലാൽ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് എൻ. വാസു, പത്തനംതിട്ട ജില്ലാ കളക്ടർ പി.ബി. നൂഹ്, കോട്ടയം കളക്ടർ എം. അഞ്ജന, പോലീസ്, ആരോഗ്യം ഉൾപ്പെടെ വിവിധ വകുപ്പ് പ്രതിനിധികൾ യോഗത്തിൽ സംബന്ധിച്ചു. ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ നിർദ്ദേശങ്ങൾക്കും ഉത്തരവുകൾക്കും അനുസൃതമായിട്ടായിരിക്കും യോഗ തീരുമാനങ്ങൾ നടപ്പിലാക്കുകയെന്ന് മന്ത്രി അറിയിച്ചു.

No comments