Breaking News

ഈനാംപേച്ചിയുടെ തൊലി വിൽപ്പന നടത്താൻ ശ്രമിക്കുന്നതിനിടയിൽ രണ്ട് പേർ പിടിയിൽ കണ്ണൂർ ഫോറസ്റ്റ് ഫ്ലയിംഗ് സ്ക്വാഡ് പിടികൂടിയവരിൽ പാലാവയൽ സ്വദേശിയും


വംശനാശ ഭീഷണി നേരിടുന്ന വന്യ ജീവിയായ ഇനാംപേച്ചിയുടെ തൊലി (ശൽക്കങ്ങൾ) വിൽപ്പന നടത്താൻ ശ്രമിക്കുന്നതിനിടെയാണ് തലശ്ശേരി കണ്ണൂർ ദേശീയ പാതയിൽ വച്ച് കണ്ണൂർ ഫ്ലയിംഗ് സ്ക്വാഡ് പിടികൂടിയത്.തിരുപനന്തപുരം വിജിലൻസ് അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഫോറസ്റ്റിന് വന്യ ജീവിയെ വിൽപ്പന നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ കോഴിക്കോട് ഫോറസ്റ്റ് വിജിലൻസ് കൺസർവേറ്ററുടേയും കണ്ണൂർ ഫ്ലയിംഗ് സ്ക്വാഡ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടേയും നിർദ്ദേശപ്രകാരം കഴിഞ്ഞ ഒരാഴ്ചയായി കണ്ണൂരിലും പരിസര പ്രദേശങ്ങളിലും ഫോറസ്റ്റ് ഫ്ലയിംഗ് സ്ക്വാഡിൻ്റെ നിരീക്ഷണത്തിലായിരുന്നു.

ഇനാംപേച്ചിയുടെ ശൽക്കങ്ങൾ വിൽപ്പന നടത്താൻ ശ്രമിക്കുന്നതിനിടയിലാണ് കാസർഗോഡ് പാലാവയൽ സ്വദേശി അടിച്ചിലമാക്കൽ ജോസ്, വയനാട് തവിഞ്ഞാൽ സ്വദേശി ജോണി.കെ.തോമസ് എന്നിവർ വാഹനങ്ങൾ സഹിതം പിടിയിലായത്.

വന്യജീവി നിയമപ്രകാരം ഈനാംപേച്ചിയെ കൊല്ലുന്നത് ഏഴ് വർഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. കണ്ണൂർ ഫ്ലയിംഗ് സ്ക്വാഡ് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ പി.പ്രസാദ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ എം.ഉണ്ണികൃഷ്ണൻ, പി.പ്രസന്ന, കെ.മധു, പി.പ്രദീപൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ ഷിജിൻ കെ.വി, ഡ്രൈവർ പ്രജീഷ് എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്

No comments