Breaking News

ബംഗാളിൽ കോൺഗ്രസുമായി സഖ്യം: എതിർപ്പ് അവസാനിപ്പിച്ച് സിപിഎം കേരള ഘടകം



പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പ് സഖ്യം ഉണ്ടാക്കുന്നതിനെതിരായ എതിര്‍പ്പ് അവസാനിപ്പിച്ച് സിപിഎം കേരള ഘടകം. കഴിഞ്ഞ ദിവസം ചേര്‍ന്ന പിബി യോഗത്തിലാണ് മുന്‍നിലപാടില്‍ നിന്ന് കേരള നേതൃത്വം പിന്നോട്ട് പോയത്. ഈ മാസം അവസാനം നടക്കുന്ന കേന്ദ്ര കമ്മിറ്റി യോഗത്തില്‍ കോണ്‍ഗ്രസ് സഖ്യം വിശദമായ ചര്‍ച്ചയ്ക്ക് വരും.

2016ലെ തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യം ചേര്‍ന്ന് മത്സരിക്കണമെന്ന ബംഗാള്‍ ഘടകത്തിന്‍റെ നിലപാട് കേരള ഘടകം ശക്തമായി എതിര്‍ത്തതിനെ തുടര്‍ന്നാണ് അന്ന് നടക്കാതെ പോയത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ വരാന്‍ പോകുന്ന ഉപതെരഞ്ഞെടുപ്പുകളിലും നിയമസഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസുമായി സഖ്യം വേണമെന്ന ആവശ്യം പിബി യോഗത്തില്‍ കഴിഞ്ഞ ദിവസം ഉയര്‍ന്ന് വന്നു. ഇതിനോട് പിബി അനുകൂലമായിട്ടാണ് പ്രതികരിച്ചത്. നേരത്തെ എതിര്‍പ്പ് പ്രകടിപ്പിച്ച കേരള ഘടകമാണെങ്കില്‍ പഴയ നിലപാടില്‍ നിന്ന് പിന്നോട്ടും പോയി. ഇത്തവണ മറ്റ് പോംവഴികള്‍ ഇല്ലാത്തതിനാല്‍ കോണ്‍ഗ്രസുമായി രാഷ്ട്രീയ സഖ്യമാകാം എന്ന നിലപാടിലേക്ക് പിബി എത്തിച്ചേര്‍ന്നു.

ഈ മാസം 30, 31 തിയ്യതികളില്‍ നടക്കുന്ന കേന്ദ്രകമ്മിറ്റി യോഗം ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്യും. കേരളത്തിന്‍റ എതിര്‍പ്പ് കൂടി അവസാനിച്ചതോടെ സഖ്യമാകാമെന്ന പിബി തീരുമാനം കേന്ദ്രകമ്മിറ്റിയും അംഗീകരിക്കാനാണ് സാധ്യത. നേരത്തെ തൃണമൂല്‍ കോണ്‍ഗ്രസ് മാത്രമായിരുന്നു എതിരാളികളെങ്കില്‍ ബിജെപി ഇപ്പോള്‍ ബംഗാളില്‍ ശക്തമായി വളര്‍ന്നു. ഇത്കൂടി പരിഗണിച്ചാണ് കോണ്‍ഗ്രസ് സഖ്യത്തിന് സിപിഎം ഒരുങ്ങുന്നത്.

No comments