Breaking News

കോവിഡ് വാക്സിന്‍: തെറ്റിദ്ധാരണ പരത്തുന്ന വീഡിയോകള്‍ നിരോധിക്കുമെന്ന് യൂട്യൂബ്

 

കോവിഡ് വാക്സിനുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്തുന്ന വീഡിയോകൾ നിരോധിക്കുമെന്ന് യൂട്യൂബ്. ലോകാരോഗ്യ സംഘടനയുടേയും പ്രാദേശിക അധികൃതരിൽ നിന്നുള്ള വിവരങ്ങൾക്ക് വിരുദ്ധമായ ഉള്ളടക്കങ്ങൾ അടങ്ങുന്ന വീഡിയോകളും മറ്റ് വ്യാജ അവകാശവാദങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുന്ന വീഡിയോകളാണ് നീക്കം ചെയ്യുക.
വാക്സിൻ ജനങ്ങളെ കൊല്ലുമെന്നും, വന്ധ്യതയ്ക്ക് ഇടയാക്കുമെന്നും കുത്തിവെപ്പിനൊപ്പം മനുഷ്യരിൽ മൈക്രോ ചിപ്പ് ഘടിപ്പിച്ചേക്കുമെന്നുമെല്ലാമുള്ള വ്യാജ പ്രചരണങ്ങൾ ഇതിൽ ഉൾപ്പെടും.
നിലവിൽ കോവിഡുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്തുന്ന വീഡിയോകൾ യൂട്യൂബ് നീക്കം ചെയ്യുന്നുണ്ട്. അംഗീകാരമില്ലാത്ത ചികിത്സാ രീതികൾ, ചികിത്സ തേടുന്നതിൽ നിന്നും ജനങ്ങളെ പിന്തിരിപ്പിക്കൽ, ഏകാന്തവാസം, സാമൂഹ്യ അകലം ഉൾപ്പടെയുള്ള ആരോഗ്യഅധികൃതരുടെ നിർദേശങ്ങളെ പരസ്യമായി ലംഘിക്കൽ എന്നിവ യൂട്യൂബിൽ അംഗീകരിക്കില്ല.


ആരോഗ്യ പ്രവർത്തകരും ഗവേഷകരും മരുന്ന് നിർമാതാക്കളും വിവിധ ചികിത്സാ രീതികൾ കണ്ടെത്താനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. കൊറോണ വ്യാപനത്തെ ശാശ്വതമായി തടയാൻ വാക്സിന് മാത്രമേ സാധിക്കൂ എന്ന പ്രതീക്ഷയിലാണ് ലോകം. വാക്സിൻ പരീക്ഷണങ്ങൾ പലയിടങ്ങളിലായി നടക്കുന്നുണ്ടെങ്കിലും ഒന്നിനും അന്തിമ അംഗീകാരം ലഭിച്ചിട്ടില്ല. അടുത്തവർഷത്തോടെ വാക്സിൻ യാഥാർഥ്യമാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

No comments