Breaking News

കാസർഗോഡ് ടാറ്റ ആശുപത്രി ബുധനാഴ്‌ച പ്രവര്‍ത്തനമാരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചർ



കാസര്‍കോട് ജില്ലയില്‍ കോവിഡ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ടാറ്റ ഗ്രൂപ്പ്‌ സൗജന്യമായി നിര്‍മ്മിച്ച്‌ നല്‍കിയ ആശുപത്രി ബുധനാഴ്‌ച പ്രവര്‍ത്തനം ആരംഭിക്കുമെന്ന്‌ ആരോഗ്യ വകുപ്പ്‌ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ആശുപത്രിയുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഒന്നാംഘട്ടമായി മെഡിക്കല്‍, പാരാമെഡിക്കല്‍, അഡ്‌മിനിസ്‌ട്രേറ്റീവ്‌ വിഭാഗത്തിലായി 191 പുതിയ തസ്‌തികകള്‍ അടുത്തിടെ സൃഷ്ടിച്ചിരുന്നു. ഇവരുടെ നിയമനം നടന്ന്‌ വരികയാണ്‌. ഇപ്പോള്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ കോവിഡ്‌ ആശുപത്രിയായി പ്രവര്‍ത്തിക്കുന്നുവെങ്കിലും കോവിഡ്‌ നിയന്ത്രണ വിധേയമാകുമ്പോള്‍ ഈ ആശുപത്രി സാധാരണ ആശുപത്രിയായി പ്രവര്‍ത്തിക്കാനാകും.


ജില്ലയിലെ ചികിത്സാ സൗകര്യം ഇതിലൂടെ വര്‍ധിപ്പിക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി. ജില്ലയിലെ കോവിഡ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ്‌ സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടുകൂടി തെക്കില്‍ വില്ലേജില്‍ 553 കിടക്കകളോടുകൂടിയ പുതിയ ആശുപ്രതി നിര്‍മ്മിച്ചത്‌.


മൂന്ന്‌ സോണുകളിലായി 551 കിടക്കകള്‍



കാസര്‍കോട്‌ ജില്ലയ്‌ക്ക്‌ സംസ്ഥാന സര്‍ക്കാര്‍ സഹായത്തോടെ ടാറ്റ ഗ്രൂപ്പ്‌ സമ്മാനിച്ച അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ആശുപത്രി തെക്കില്‍ വില്ലേജിലാണ്‌ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്‌. മൂന്ന്‌ സോണുകളിലായി 551 കിടക്കളാണ്‌ ഒരുക്കിയിരിക്കുന്നത്‌. സോണ്‍ നമ്പര്‍ ഒന്നിലും മൂന്നിലും കോവിഡ്‌ ക്വാറന്റൈന്‍ സംവിധാനങ്ങളും സോണ്‍ നമ്പര്‍ രണ്ടില്‍ കോവിഡ്‌ പോസിറ്റീവായ ആളുകള്‍ക്കായുള്ള പ്രത്യേക ഐസോലേഷന്‍ സംവിധാനങ്ങളുമാണ്‌ ഒരുക്കുന്നത്‌.




സോണ്‍ ഒന്നിലും മൂന്നിലും ഉള്‍പ്പെട്ട ഒരോ കണ്ടെയ്‌നറിലും അഞ്ച്‌ കിടക്കകള്‍, ഒരു ശുചിമുറി എന്നിവ വീതവും സോണ്‍ രണ്ടിലെ യുണിറ്റുകളില്‍ ശുചിമുറിയോടു കൂടിയ ഒറ്റ മുറികളുമാണ്‌ ഉള്ളത്‌. 128 യൂണിറ്റുകളിലായി (കണ്ടെയ്‌നറുകള്‍) 551 കിടക്കകളാണ്‌ ആശുപത്രിയിലുള്ളത്‌. ഒരു യൂണിറ്റിന്‌ 40 അടി നീളവും 10 അടി വീതിയുമുണ്ട്‌. 81000 സ്‌ക്വയര്‍ ഫീറ്റിലാണ്‌ ആശുപത്രി നിര്‍മ്മിച്ചിട്ടുള്ളത്‌. തെക്കില്‍ വില്ലേജില്‍ അഞ്ച്‌ ഏക്കര്‍ സ്ഥലത്ത്‌ റോഡ്‌, റിസപ്‌ഷ്‌ന്‍ സംവിധാനം,ക്യാന്റീന്‍, ഡോക്ടര്‍മാര്‍ക്കും നേഴ്‌സുമാര്‍ക്കും പ്രത്യേകം മുറികള്‍ തുടങ്ങി എല്ലാവിധ സംവിധാനങ്ങളോടും കൂടിയാണ്‌ ആശുപത്രി .




ആശുപത്രിക്ക്‌ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും സംസ്ഥാന സര്‍ക്കാരും ജില്ലാ ഭരണകൂടവുമാണ്‌ ഒരുക്കി നല്‍കിയത്‌. 1.25 ലക്ഷം ലിറ്റര്‍ വെള്ളം സംഭരിക്കാന്‍ കഴിയുന്ന വാട്ടര്‍ ടാങ്ക്‌, ശുചിമുറികളില്‍ നിന്നുള്ള മാലിന്യങ്ങള്‍ സംഭരിച്ച്‌ സംസ്‌കരിക്കാന്‍ തരത്തിലുള്ള 63 ബയോ ഡയജസ്‌റ്റേര്‍സ്‌, എട്ട്‌ ഓവര്‍ഫ്‌ലോ ടാങ്കുകള്‍ എന്നിവയെല്ലാം ആശുപത്രിയുടെ പ്രത്യേകതകളാണ്‌. ആശുപത്രി യൂണിറ്റുകള്‍ തുടങ്ങി ആശുപത്രിയുടെ മുഴുവന്‍ നിര്‍മ്മാണവും ടാറ്റ ഗ്രൂപ്പാണ്‌ സൗജന്യമായി ചെയ്‌തത്‌. ഇന്ത്യയില്‍ പലയിടങ്ങളിലും അടിയന്തിര ഘട്ടങ്ങളില്‍ ടാറ്റാ ഗ്രൂപ്പ്‌ ഇത്തരത്തില്‍ ആശുപത്രികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മ്മിച്ചു നല്‍കിയിട്ടുണ്ടെങ്കിലും കേരളത്തില്‍ ഇതാദ്യമായി കാസര്‍കോടാണ്‌ ചെയ്യുന്നത്‌.

No comments