കോവിഡ് 19 പ്രതിരോധ പ്രക്രിയയിൽ സുപ്രധാന കണ്ടുപിടുത്തവുമായി പതിനാലുകാരി; കോവിഡ് ചികിത്സയിലേക്ക് നയിച്ചേക്കാവുന്ന കണ്ടുപിടുത്തം നടത്തിയത് ഇന്ത്യൻ വംശജ
ലോകത്തെയാകെ വരിഞ്ഞു മുറുക്കിയ കോവിഡിൽ നിന്നും രക്ഷനേടാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ശാസ്ത്രജ്ഞന്മാർ അഹോരാത്രം അദ്ധ്വാനിക്കുകയാണ്.
പഠിച്ചുനേടിയ അറിവുകൾ മനനം ചെയ്ത്, ഈ പ്രതിസന്ധിക്കൊരു പ്രതിവിധിക്കായി തങ്ങളുടെ തലപുകഞ്ഞാലോചിക്കുന്ന ശാസ്ത്രകാരന്മാരുടെ കൂട്ടത്തിൽ തികച്ചും വ്യത്യസ്തമാവുകയാണ് അമേരിക്കയിലെ ഇന്ത്യൻ വംശജയായ അനിക ചെബ്രോലു എന്ന 14 വയസ്സുകാരി. ഒരുപക്ഷെ കോവിഡിന് ഫലപ്രദമായ ഒരു ചികിത്സയായി തന്നെ മാറിയേക്കാവുന്ന ഒരു കണ്ടുപിടുത്തത്തിലൂടെ3 എം യംഗ് സയന്റിസ് ചലഞ്ച് അവാർഡും 25,000 ഡോളർ പ്രൈസ് മണിയും നേടി ഈ മിടുക്കി.
ഇൻ-സിലിക്കോ സങ്കേതം ഉപയോഗിച്ച്, സാർസ്-കോവ്-2 വൈറസിന്റെ പ്രോട്ടീൻ കുന്തമുനകളെ കെട്ടുവാനുള്ള ഒരു പ്രത്യേക ലെഡ് തന്മാത്രയാണ് ഈ മിടുക്കി കണ്ടുപിടിച്ചത്. കഴിഞ്ഞ രണ്ടു ദിവസമായി എന്റെ കണ്ടുപിടുത്തത്തെ മാധ്യമങ്ങൾ ആഘോഷിക്കുന്നത് ഞാൻ അറിയുന്നു. കോവിഡ് ചികിത്സയിൽ ഇത് ഉപയോഗിക്കാൻ കഴിയുമെന്നാണവർ പറയുന്നത്. അങ്ങനെയെങ്കിൽ ഞാൻ സംതൃപ്തയാണ്, കാരണം, മറ്റെല്ലാവരേയും പോലെ ഈ മാരണം എത്രയും പെട്ടെന്ന് ഒഴിഞ്ഞുപോകാനാണ് ഞാനും കാത്തിരിക്കുന്നത്, അനിക പറയുന്നു.
എട്ടാം ഗ്രേഡിൽ പഠിക്കുമ്പോഴായിരുന്നു അനിക ഈ പ്രൊജക്ട് സമർപ്പിച്ചത്. എന്നാൽ അത് സാർസ്-കോവ്-2 വൈറസിനെ ഉന്നം വച്ചുള്ളതായിരുന്നില്ല. ഇങ്ങ്ഫ്ളുവൻസ വൈറസിലെ പ്രോട്ടീനിനെ പിടിച്ചുകെട്ടാനുള്ള ലെഡ് സംയുക്തമായിരുന്നു അനികയുടെ ലക്ഷ്യം. പകർച്ചവ്യാധികളെ കുറിച്ചും വൈറസുകളെ കുറിച്ചും മരുന്ന് കണ്ടുപിടിക്കലിനെ കുറിച്ചുമൊക്കെ ധാരാളം വായിച്ച് ഈ മേഖലയിൽ താത്പര്യം വർദ്ധിക്കുകയായിരുന്നു എന്നാണ് അനിക പറയുന്നത്.
കോവിഡ്-19 അതിവേഗം പടരുകയും, ചെറിയൊരു സമയത്തിനുള്ളിൽ തന്നെ ലോകത്തെ നിശ്ചലമാക്കുകയും ചെയ്ത സാഹചര്യത്തിൽ തന്റെ മെന്ററുടെ സഹായത്താൽ, ഇൻഫ്ളുവൻസാ വൈറസിനു പകരം സാർസ്-കോവ്-2 വൈറസിലേക്ക് ശ്രദ്ധ മാറ്റുകയായിരുന്നു എന്നും അനിക പറയുന്നു. 1918-ലെ ഫ്ളൂവിനെ കുറിച്ച് വായിച്ചറിഞ്ഞതിനു ശേഷമാണ് പകർച്ചവ്യാധികൾക്കുള്ള മരുന്നുകൾ കണ്ടുപിടിക്കണമെന്ന താത്പര്യം ഉണ്ടായതെന്നും ഈ പെൺകുട്ടി പറയുന്നു.
ഈ കുട്ടി സമഗ്രമായ പഠനം നടത്തുകയും ധാരാളം വിവരങ്ങൾ പരിശോധിക്കുകയും ചെയ്തു എന്നാണ് ഇതുമായി ബന്ധപ്പെട്ടവർ പറയുന്നത്. കണ്ടുപിറ്റുത്ത പ്രക്രിയ ക്രമപ്രകാരം കൊണ്ടുപോയതാണ് വിജയത്തിനു കാരണമെന്നും അവർ പറയുന്നു. അതിലൊക്കെ ഉപരിയായി തന്റെ കഴിവും നൈപുണ്യവും ലോക നന്മക്കായി ഉപയോഗിക്കണമെന്ന ആ നല്ല മനസ്സാണ് അനികയുടെ കരുത്തെന്നും ഇവർ പറയുന്നു.
അവാർഡ് ലഭിച്ചെങ്കിലും തന്റെ പ്രവർത്തനം നിർത്താൻ അനിക ഒരുക്കമല്ല, ഈ മഹാമാരിക്ക് ശമനം കണ്ടെത്താനുള്ള ശ്രമത്തിൽ മറ്റ് ശാസ്ത്രജ്ഞന്മാരോടൊപ്പം ചേർന്ന് പ്രവർത്തിക്കാനാണ് ഒരു ഭരതനാട്യം നർത്തകി കൂടിയായ അനികക്ക് താത്പര്യം

No comments