കാസർകോട് രണ്ട് മാസം മുമ്പ് തെരുവ് നായയുടെ കടിയേറ്റ യുവാവ് പേവിഷബാധയേറ്റ് മരിച്ചു
കാസർഗോഡ്: രണ്ട് മാസം മുമ്പ് പട്ടിയുടെ കടിയേറ്റ യുവാവ് പേവിഷബാധയേറ്റ് മരിച്ചു. എതിര്‍ത്തോട് സ്വദേശി ഹരീഷ് (26) ആണ് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്.
രണ്ട് മാസം മുമ്പ് ഹരീഷിനെ പട്ടി ആക്രമിച്ചിരുന്നു. എന്നാല്‍ യുവാവ് ഇത് കാര്യമാക്കുകയോ ചികിത്സ തേടുകയോ ചെയ്തിരുന്നില്ല. ഏതാനും ദിവസം മുമ്പ് വെള്ളം കാണുമ്പോള്‍ പേടിക്കുകയും വായില്‍ നിന്നും നുരയും പതയും വന്ന് പേ ലക്ഷണം കാണിക്കാന്‍ തുടങ്ങിയതോടെ യുവാവിനെ ആദ്യം ചെങ്കള ഇ കെ നായനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വിദഗ്ദ്ധ ചികിത്സയ്ക്ക് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച പുലര്‍ച്ചെ 2.15 മണിയോടെയാണ് മരണം സംഭവിച്ചത്. യുവാവിനൊപ്പം കൂലിപ്പണിയെടുത്തവര്‍ അടക്കമുള്ളവരും സുഹൃത്തുക്കളുമടക്കം 15 ഓളം പേര്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തി പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടുണ്ട്.
സുള്ള്യ സ്വദേശിയായ ഹരീഷിന്റെ കുടുംബം 14 വര്‍ഷത്തോളമായി എതിര്‍തോട് കണ്ണാടിപ്പാറയിലാണ് താമസം. മാതാപിതാക്കളായ സുന്ദരനും ശിവമ്മയും നേരത്തേ മരിച്ചിരുന്നു. സഹോദരങ്ങള്‍ക്കൊപ്പമായിരുന്നു ഹരിഷ് താമസം. സഹോദരങ്ങള്‍: രമേശ, സുമതി
No comments