ഐക്യകേരളത്തിനൊപ്പം അറുപതിനാലാം പിറന്നാൾ ആഘോഷിച്ച് ചെറുവത്തൂരിലെ 'കേരളൻ'
ചെറുവത്തൂർ : കേരളപ്പിറവിദിനത്തിന്റെ അറുപത്തി നാലാം പിറന്നാള്‍ ഞായറാഴ്ച ആഘോഷിക്കുമ്പോള്‍ നിര്‍മാണത്തൊഴിലാളിയായ തിമിരിയിലെ കേരളനും അറുപത്തിനാലിന്റെ അഭിമാനം.മനത്തടത്തിലെ പരേതനായ തോട്ടോന്‍ കേളുവിന്റെയും വടക്കത്തി നാരായണിയുടെയും 11 മക്കളില്‍ മൂത്തവനായ കേരളന്‍ പിറന്നത് 1956 നവംബര്‍ ഒന്നിന്. കേരളപ്പിറവിദിനത്തില്‍ സാക്ഷാല്‍ എ.കെ.ജി തന്നെയാണ് കുഞ്ഞിന് 'കേരളന്‍' എന്നു പേരിട്ടതും. കമ്യൂണിസ്റ്റ് കര്‍ഷകസംഘം പ്രസ്ഥാനത്തിന്റെ ഈറ്റില്ലമായ തിമിരിയില്‍ അക്കാലത്തെ സക്രിയപ്രവര്‍ത്തകനായിരുന്നു തോട്ടോന്‍ കേളു. കര്‍ഷകസംഘം നേതാവ് ടി.കെ.സിയുടെ സന്തതസഹചാരിയും.
കേരളപ്പിറവിദിനത്തില്‍ കേളുവിന് ആണ്‍കുട്ടി പിറന്നത് സഹപ്രവര്‍ത്തകരും അന്ന് ആഘോഷിച്ചു. മനത്തടത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പൊതുയോഗത്തില്‍ പ്രസംഗിക്കാനെത്തിയ എ.കെ.ജിയോട് കേരളപ്പിറവിദിനത്തില്‍ പിറന്ന സഖാവിന്റെ കുഞ്ഞിന് പേര് വിളിക്കാന്‍ ടി.കെ.സി. ആവശ്യപ്പെട്ടു. അങ്ങനെ പാവങ്ങളുടെ പടത്തലവന്‍ എ.കെ.ജിയാണ് 'കേരളന്‍' എന്ന പേര് വിളിച്ചത്. അതുകൊണ്ടുതന്നെ കേരളന്‍ നാട്ടുകാര്‍ക്ക് പ്രിയപ്പെട്ടവനുമായി.
ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ എട്ടാംതരം വരെ കേരളൻ പഠിച്ചു. പിന്നീട് തൊഴിലിടത്തിലേക്കിറങ്ങി.കരിങ്കൽ ക്വാറിയിലായിരുന്നു തുടക്കത്തില്‍. പിന്നീട് കെട്ടിടനിര്‍മാണ മേഖലയിലേക്ക് മാറി. കഴിഞ്ഞ രണ്ടുപതിറ്റാണ്ട് കാലമായി ചെങ്കല്ലുകെട്ട് മേഖലയിലാണ്. അറുപത്തിനാലിലും യുവത്വത്തിന്റെ ചുറുചുറുക്കുമായി കർമ്മ രംഗത്ത് സജീവമാണ് ഇദ്ദേഹം.
No comments