Breaking News

ഒടയംചാൽ എടത്തോട് റോഡ് നവീകരണം പുരോഗമിക്കുന്നു

ഒടയംചാൽ: മലയോരത്തെ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ഒടയംചാൽ- ഭീമനടി മേജർ റോഡിന്റെ നവീകരണം തുടങ്ങി. പ്രവൃത്തിയുടെ ഉദ്ഘാടനം ഫെബ്രുവരിയിൽ തന്നെ നടന്നെങ്കിലും കൊവിഡ്  പ്രതിസന്ധി നിർമ്മാണ പ്രവൃത്തി തുടങ്ങുന്നതിന് കാലതാമസമുണ്ടാക്കി. കഴിഞ്ഞ ദിവസമാണ് ജോലി തുടങ്ങിയത്. മേജർ റോഡിൽ രണ്ട് സ്ഥലങ്ങളിലാണ് റോഡ് നവീകരണം നടക്കുന്നത്.  ഒടയംചാൽ മുതൽ എടത്തോട് വരെയുള്ള ആറര കിലോമീറ്ററും വെള്ളരിക്കുണ്ടിൽ നിന്നും ഭീമനടി വരെയുള്ള അഞ്ചര കിലോമീറ്ററുമാണ്  നവീകരിക്കുന്നത്. എടത്തോട് മുതൽ വെള്ളരിക്കുണ്ട് വരെയുള്ള റോഡ്  വർഷങ്ങൾക്ക് മുമ്പ് മെക്കാഡം ടാറിട്ട്  നവീകരിച്ചിരുന്നു. 21 കോടി രൂപ ചെലവിൽ അഞ്ചര മീറ്റർ വീതിയിലായിരിക്കും ടാറിടുക. ഒടയംചാൽ മുത്തപ്പൻ മടപ്പുരയ്ക്ക് സമീപത്തെ വീതി കുറഞ്ഞ ചെറുപാലത്തിനു പകരം പുതിയപാലവും ഏഴ് പൈപ്പ് കലുങ്കുകളടക്കം 17 പുതിയ കലുങ്കുകളും ഓവുചാലും നവീകരണത്തിന്റെ ഭാഗമായി നിർമ്മിക്കും.  ഒരു വർഷത്തിനുള്ളിൽ പ്രവൃത്തി പൂർത്തിയാക്കും.12 കിലോമീറ്റർ ഭാഗത്തെ നവീകരണം കൂടി പൂർത്തിയാകുന്നതോടെ താലൂക്ക് ആസ്ഥാനമായ വെള്ളരിക്കുണ്ടിലേക്കും ജില്ലാ അതിർത്തിയായ ചെറുപുഴ, മലയോരത്തിന്റെ പ്രധാന കേന്ദ്രങ്ങളിൽ ഒന്നായ ചിറ്റാരിക്കാൽ തുടങ്ങിയ സ്ഥലങ്ങളിലേക്കുമുള്ള യാത്ര സുഗമമാകും. റോഡ് പണി തുടങ്ങുന്നതോടെ ഈ ഭാഗങ്ങളിലൂടെയുള്ള യാത്രാ ക്ലേശം പരിഹരിക്കുന്നതിനായി വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയിൽപ്പെടുത്തി രാജപുരം-ബളാൽ റോഡ്, അട്ടേങ്ങാനം-നായ്ക്കയം റോഡ്, കള്ളാർ-പുഞ്ചക്കര റോഡ് എന്നിവയുടെ അറ്റകുറ്റപ്പണികൾ നടത്തും. റോഡ് നിർമ്മാണത്തിൻ്റെ ഭാഗമായി കലുങ്കുകളുടെ നിർമ്മാണം തുടങ്ങി. സ്ഥലം എം. എൽ. എ കൂടിയായ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ മുൻകൈയെടുത്താണ് റോഡ് നവീകരിക്കുന്നത്.

malayoram flash

No comments