ഇന്ന് തുലാം പത്ത്; കാൽചിലമ്പൊലികളില്ലാത്ത തമ്പാച്ചിക്കാലം.
ഇന്ന് തുലാം പത്ത് ഉത്തര മലബാറിൽ കർക്കിട മാരിയകറ്റാൻ ദൈവങ്ങൾ വിണ്ണിൽ നിന്നും മണ്ണിലേക്കിറങ്ങുന്ന ഉത്സവകാലത്തിന് ആശങ്കയുടെ കരിനിഴൽ വീഴ്ത്തിയിരിക്കുകയാണ് കോവിഡ് എന്ന മഹാമാരി. തെയ്യക്കാലമെന്നത് ഓരോ തെയ്യം കലാകാരന്മാർക്കും പ്രതീക്ഷയുടെ ദിനങ്ങളാണ്. എന്നാൽ കോവിഡ് വ്യാപനത്തെ തുടർന്ന് തെയ്യാട്ടം നിലച്ചതോടെ മുഴു പട്ടിണിയിലായിരിക്കുകയാണ് തെയ്യം കലാകാരന്മാർ. പത്താമുദയം അഥവ തുലാപ്പത്തു മുതൽ വടക്കൻ കേരളത്തിലെ കാവുകളിലും തറവാടുകളിലും ക്ഷേത്രങ്ങളിലും അസുരതാളത്തിനൊത്ത് ഉറഞ്ഞാടുന്ന തെയ്യങ്ങൾ ഈ വർഷമില്ല.
അണിയലം പുതുക്കിയും ചുവടുകൾ ഒന്നു കൂടി ഉറപ്പിച്ചും വരവിളിച്ച ദൈവങ്ങളെ മണ്ണിലേക്ക് എത്തിക്കാൻ തോറ്റം ആവർത്തിച്ച് ഉരുവിട്ടും കഴിഞ്ഞു കൂടിയ തെയ്യം കലാകാരന്മാർ തിരുമുടിയേറ്റി തൻ്റെ ശരീരത്തിലേക്ക് ദൈവത്തെ ആവാഹിച്ച് വാമൊഴിയിലൂടെ പൈതങ്ങൾക്ക് കനക പൊടി കൊടുത്ത് ഗുണം വരുത്താൻ ഇക്കുറിയില്ല
ആയിരകണക്കിന് ഭക്തജനങ്ങൾ വന്നെത്തുന്ന അപൂർവ്വ ചടങ്ങുകളുള്ള കാവുകളും -പല ക്ഷേത്രങ്ങളും അത് പോലെ വിഷ്ണുമൂർത്തി ക്ഷേത്ര ഒറ്റക്കോല മഹോത്സവമുൾപ്പെടെ വടക്കൻ കേരളത്തിലെ പ്രധാന കഴകമായ തുരുത്തി നിലമംഗലം ഭഗവതി ക്ഷേത്രത്തിന് കീഴിലുള്ള ക്ഷേത്രങ്ങളിലെല്ലാംകോവിഡ് വ്യാപനത്തെ തുടർന്ന് കളിയാട്ട മഹോത്സവങ്ങൾ എല്ലാം തന്നെ നേരത്തേ ഒഴിവാക്കിയിരുന്നു. മഹാമാരിയൊഴിഞ്ഞ് പ്രതീക്ഷയോടെ വരും വർഷത്തെ തെയ്യാട്ടക്കാലത്തിനായി കാത്തിരിക്കുകയാണ് ഭക്തർ

No comments