റോഡ് വികസനത്തിൻ്റെ പേരിൽ തണൽ മരം മുറിച്ചു മാറ്റി; സൗജന്യമായി മരത്തൈകൾ വിതരണം ചെയ്ത് കുണ്ടംകുഴിക്കാർ വേറിട്ട പ്രതിഷേധം തീർത്തു
കെഎസ്ഇബി വൈദ്യുതി ലൈനിനെ തടസ്സപ്പെടുത്തുന്നുവെന്നും കായ്കളും ഇലകളും വീണു റോഡ് മോശമാകുന്നുവെന്നും പറഞ്ഞാണ് തെക്കിൽ ആലട്ടി റോഡ് പണി കോൺട്രാക്ട് ജോലി ചെയ്യുന്നവർ പ്രാദേശിക റോഡ് വികസന സമിതിയുടെ അറിവോടെ മരം മുറിക്കുന്നത്. കുണ്ടംകുഴി സഹൃദയ ക്ലബ്ബ് കെട്ടിടത്തിന് മുൻവശത്തുള്ള മരം പൂർണ്ണമായും വെട്ടുകയും അതിൽ ഉണ്ടായിരുന്ന പക്ഷി കുഞ്ഞുങ്ങൾ ഉൾപ്പെടെ താഴെ വീണു ചത്ത് പോവുകയും ചെയ്തത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
കുണ്ടംകുഴിയിൽ വച്ച് നാട്ടുകാർക്ക് മരത്തൈകൾ കൈമാറി നാടൻപാട്ട് കലാകാരൻ ഉദയൻ കുണ്ടംകുഴി പ്രതിഷേധ പരിപാടി ഉദ്‌ഘാടനം ചെയ്തു. രതീഷ് കുണ്ടംകുഴി സ്വാഗതവും അനിൽ തോരോത്ത് അധ്യക്ഷതയും വഹിച്ചു. ഷമീൽ കുമ്പാറത്തോട് നന്ദി പറഞ്ഞു.
കുണ്ടംകുഴിയിലെ കെഎഫ്എ ക്ലബ്ബാണ് വിഷയത്തിൽ ആദ്യം പ്രതിഷേധവുമായി എത്തിയത്. മാനിഷാദ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രതിഷേധം അലയടിച്ചു. പിന്നീട് സഹൃദയ ക്ലബ്ബ് പ്രവർത്തകർ മരം മുറിച്ചതിന് സമീപത്തു മരത്തൈകൾ നട്ടുപിടിപ്പിച്ചു. പ്രദേശത്തെ നവമാധ്യമ ഗ്രൂപ്പുകളിൽ സജീവമായി ഈ പ്രശ്നം ചർച്ചയായിരുന്നു.

No comments